രാഹുല്‍ വയനാട്ടില്‍ മത്സരിക്കില്ലേ..? അമേഠി തിരിച്ചുപിടിക്കാന്‍ നിയോഗം..? ഹരീഷ് റാവത്ത് പറയുന്നു
ന്യൂദല്‍ഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും കേരളത്തിലെ വയനാട്ടില്‍ നിന്നും മത്സരിച്ചിരുന്നു. അമേഠിയില്‍ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജായപ്പെട്ടത് എല്ലാവരേയും ഞെട്ടിച്ചിരുന്നു.
എന്നാല്‍ വയനാട്ടില്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി ജയിച്ചത്. വര്‍ഷങ്ങളായി അമേഠി കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു. ഇവിടെയാണ് കഴിഞ്ഞ വര്‍ഷം സ്മൃതി ഇറാനി അത്ഭുതം കാണിച്ചത്. എന്നാല്‍ ഇത്തവണയും രാഹുല്‍ ഗാന്ധി തന്നെ അമേഠിയില്‍ മത്സരിക്കുമെന്ന് യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇനി മത്സരിക്കുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

ഇത്തരം സംശയങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് ഇത്തവണയും ജനവിധി തേടും എന്നാണ് ഹരീഷ് റാവത്ത് പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ സ്വാഭാവിക സീറ്റാണ് അമേഠിയെന്നും എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ വയനാട് പിന്തുണച്ചതിനാല്‍ അദ്ദേഹം വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്നുമായിരുന്നു ഹരീഷ് റാവത്ത് പറഞ്ഞത്.
വയനാട്ടില്‍ എത്തുമ്പോഴെല്ലാം രാഹുല്‍ ഗാന്ധിക്ക് ഹൃദയഹാരിയായ വരവേല്‍പ്പാണ് ജനങ്ങള്‍ നല്‍കുന്നത്. 2019 ല്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലാകെ യു ഡി എഫിന് മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ചിരുന്നു. രാഹുല്‍ ഗാന്ധി വയനാടിനോട് തിരിച്ചും തന്റെ സ്‌നേഹം പലയാവര്‍ത്തി പ്രകടിപ്പിച്ചിട്ടുണ്ട്. ലോക്‌സഭാംഗത്വം റദ്ദാക്കിയപ്പോഴും പുനസ്ഥാപിച്ചപ്പോഴും രാഹുല്‍ വയനാട്ടില്‍ എത്തിയിരുന്നു.
2004 മുതല്‍ രാഹുല്‍ ഗാന്ധി എം പിയായി പ്രതിനിധീകരിച്ച മണ്ഡലമായിരുന്നു അമേഠി. ഗാന്ധി കുടുംബത്തിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ മണ്ഡലത്തില്‍ സ്മൃതി ഇറാനിക്ക് ചുമതലപ്പെടുത്തി നല്‍കി ബി ജെ പി ഒരുക്കിയ തന്ത്രത്തിന്റെ വിജയമായിരുന്നു 2019 ല്‍ കണ്ടത്. ഇതോടെ കോണ്‍ഗ്രസിന്റെ ഇവിടത്തെ പരമ്പരാഗത സ്വാധീനം നഷ്ടപ്പെടുകയായിരുന്നു. ഇതാണ് രാഹുല്‍ ഗാന്ധിയുടെ പരാജയത്തിലേക്ക് നയിച്ചത്.
എന്നാല്‍ അമേഠി ഇത്തവണ തിരിച്ചുപിടിക്കും എന്നാണ് യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായുടെ അവകാശവാദം. സ്മൃതി ഇറാനി നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്ന് പോലും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും ആളുകള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കൊണ്ട് അജയ് റായ് പറഞ്ഞത്.












Click it and Unblock the Notifications