മണിപ്പൂരിലെ 11 ബൂത്തിലെ വോട്ടെടുപ്പ് അസാധുവാക്കി; തിങ്കളാഴ്ച റീപോളിംഗ്
ഇംഫാല്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ഇന്നര്‍ മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ്. മണ്ഡലത്തിലെ വിവിധ പോളിംഗ് സ്റ്റേഷനുകളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ 11 ബൂത്തുകളില്‍ റീപോളിംഗ് നടക്കുമെന്ന് മണിപ്പൂര്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ (സിഇഒ) ഓഫീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
'ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തിലെ 11 പോളിംഗ് സ്റ്റേഷനുകളില്‍ ഏപ്രില്‍ 19 ന് നടത്തിയ വോട്ടെടുപ്പ് അസാധുവാക്കുന്നു. ഇവിടങ്ങളില്‍ 22 ന് റീപോളിംഗ് നടത്തും,' മണിപ്പൂര്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ (സിഇഒ) ഓഫീസ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. ഔട്ടര്‍ മണിപ്പൂര്‍, ഇന്നര്‍ മണിപ്പൂര്‍ എന്നീ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലായിരുന്നു ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.

സജീബ് (എ), ഖുറൈ തോംഗം ലെയ്‌കൈ, ബാമോണ്‍ കാമ്പു (നോര്‍ത്ത്-എ), ബാമോണ്‍ കാമ്പു (നോര്‍ത്ത്-ബി), ബാമോണ്‍ കാമ്പു (സൗത്ത് വെസ്റ്റ്), ബമോണ്‍ കാമ്പു (സൗത്ത് ഈസ്റ്റ്), ഖോങ്മാന്‍. സോണ്‍-V (എ), ഇരിയോഷെമ്പ, ഇറോയിഷേംബ മാമാങ് ലെയ്‌കൈ, ഇറോയിഷേംബ മായൈ ലെകൈ, ഖൈദെം മഖ എന്നീ ബൂത്തുകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
വെടിവെയ്പ്പ്, ഭീഷണിപ്പെടുത്തല്‍, ചില പോളിംഗ് ബൂത്തുകളില്‍ ഇവിഎം നശിപ്പിക്കല്‍, ബൂത്ത് പിടിച്ചെടുക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഇന്നര്‍ മണിപ്പൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബൂത്തുകള്‍ പിടിച്ചെടുക്കുകയും തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടുകയും ചെയ്തുവെന്നാരോപിച്ച് 47 പോളിംഗ് സ്റ്റേഷനുകളില്‍ റീപോളിംഗ് നടത്തണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
മണിപ്പൂരിലെ ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തിലെ 36 പോളിംഗ് സ്റ്റേഷനുകളിലും ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തിലെ 11 പോളിംഗ് സ്റ്റേഷനുകളിലും റീപോളിംഗ് ആവശ്യപ്പെട്ട് പാര്‍ട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയതായി മണിപ്പൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മേഘചന്ദ്ര പറഞ്ഞിരുന്നു. ഒന്നാം ഘട്ടത്തില്‍ 72 ശതമാനം പോളിംഗാണ് മണിപ്പൂരില്‍ രേഖപ്പെടുത്തിയത്.
മണിപ്പൂര്‍ കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ വംശീയ സംഘര്‍ഷങ്ങളുടെ നടുവിലാണ്. മെയ്‌തേയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ 200 ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴും സംസ്ഥാനത്തെ സംഘര്‍ഷം പൂര്‍ണമായി പരിഹരിച്ചിട്ടില്ല.












Click it and Unblock the Notifications