'എല്ലാത്തിനും കാരണം മോദിയുടെ ഏകാധിപത്യമനോഭാവം'; ബിജെപി പടുകുഴിയിലായെന്ന് സുബ്രഹ്‌മണ്യം സ്വാമി
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കേറ്റ അപ്രതീക്ഷിത തിരിച്ചടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാരണം എന്ന് സുബ്രഹ്‌മണ്യം സ്വാമി കുറ്റപ്പെടുത്തി. തന്റെ എക്‌സ് അക്കൗണ്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോദിയുടെ സ്വേച്ഛാധിപത്യ മനോഭാവത്തിന്റെ ആഘാതമാണ് ബി ജെ പിയുടെ മോശം പ്രകടനത്തിന് കാരണം എന്ന് അദ്ദേഹം പറഞ്ഞു. തന്റെ കണക്കുകൂട്ടലുകള്‍ക്ക് അടുത്ത് നില്‍ക്കുന്നതാണ് ബി ജെ പിയുടെ പ്രകടനമെന്നും തന്റെ നിര്‍ദേശങ്ങളില്‍ ബി ജെ പി ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ 300 സീറ്റ് ലഭിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ കണക്കുകൂട്ടല്‍ പ്രകാരം ബി ജെ പിക്ക് 220 സീറ്റ് കിട്ടും എന്നായിരുന്നു.

'നിലവിലുള്ള 237 സീറ്റുമായി അതിന് വലിയ വ്യത്യാസമില്ല. എന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ ബി ജെ പിയ്ക്ക് 300 സീറ്റ് നേടാമായിരുന്നു. എന്നാല്‍ മോദിയുടെ ഏകാധിപത്യമനോഭാവം ബി ജെ പിയെ ഒരു പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്, ആ കുഴിയില്‍നിന്ന് പാര്‍ട്ടിക്ക് ഇനി കരകയറേണ്ടതുണ്ട്', സുബ്രഹ്‌മണ്യം സ്വാമി പറഞ്ഞു. നിലവിലെ കണക്ക് പ്രകാരം ബി ജെ പി 237 സീറ്റിലും എന്‍ ഡി എ 290 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
കോണ്‍ഗ്രസ് 99 സീറ്റിലും ഇന്ത്യാ സഖ്യം 235 സീറ്റിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബിജെപി ഒറ്റക്ക് 370 സീറ്റില്‍ വിജയിക്കും എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ അവകാശവാദം. എന്നാല്‍ എന്‍ഡിഎക്കാകെ പോലും 300 സീറ്റ് തികയ്ക്കാനായിട്ടില്ല. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ബി ജെ പിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. തമിഴ്‌നാട്ടില്‍ സ്വാധീനമുണ്ടാക്കാനായില്ല.
കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്നു എന്നതാണ് ദക്ഷിണേന്ത്യയിലെ ബി ജെ പിയ്ക്ക് നേട്ടമായ ഏക കാര്യം. ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ സ്മൃതി ഇറാനി തോറ്റത് വലിയ തിരിച്ചടിയായി. അതേസമയം മേഠിയിലെ ജനങ്ങളെ സേവിക്കുന്നത് തുടരും എന്ന് സ്മൃതി ഇറാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും നന്ദിയുള്ളവളായിരിക്കും എന്നും 30 വര്‍ഷത്തെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ വെറും 5 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും സ്മൃതി ഇറാനി പറഞ്ഞു.












Click it and Unblock the Notifications