ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: 'തിരഞ്ഞെടുപ്പെത്തി... നിങ്ങള്‍ പണി തുടങ്ങിക്കോളൂ'; ബിജെപി ഐടി സെല്ലുകാരോട് യോഗി
ലഖ്‌നൗ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ബി ജെ പി ഐ ടി സെല്ലിനോട് തയ്യാറാകാന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോഷ്യല്‍ മീഡിയയിലെ പ്രതിപക്ഷത്തിന്റെ നിഷേധാത്മകമായ വിവരങ്ങള്‍ക്ക് തക്കസമയത്ത് മറുപടി നല്‍കണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് യോഗി ആദിത്യനാഥിന്റെ ആഹ്വാനം.
ഇന്ദിരാഗാന്ധി പ്രതിഷ്ഠാനില്‍ യു പി ബി ജെ പിയുടെ ഐ ടി ആന്‍ഡ് സോഷ്യല്‍ മീഡിയ വിഭാഗം സംഘടിപ്പിച്ച 'ശംഖനാദ് അഭിയാന്‍' ശില്‍പശാലയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീം ശ്രദ്ധിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് സജ്ജരായിരിക്കണം എന്ന് പറഞ്ഞ യോഗി ആദിത്യനാഥ് ഓണ്‍ലൈന്‍ മീഡിയ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള നുറുങ്ങുകള്‍ പങ്കുവെക്കുകയും ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഏത് നുണക്കും സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളുടെ ഗുണഭോക്താക്കളിലൂടെ ഉത്തരം നല്‍കണം. ഇത് എതിരാളികളുടെ കള്ളത്തരങ്ങള്‍ തുറന്നുകാട്ടുക മാത്രമല്ല, അവര്‍ക്ക് തക്കതായ മറുപടി നല്‍കുകയും ചെയ്യും.
സോഷ്യല്‍ മീഡിയയിലെ മോശം പ്രചരണങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കേണ്ടത് അത്യാവശ്യമാണ് എന്നും ശരിയായതും യുക്തിസഹവുമായ ഉത്തരങ്ങള്‍ നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപയോഗിക്കുന്ന ഭാഷ പ്രത്യേകം ശ്രദ്ധിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ക്ക് പരാമവധി പ്രചരണം കൊടുക്കാന്‍ ഐ ടി സെല്ലിന് സാധിക്കണം എന്നും അദ്ദേഹം പറഞ്ഞു.
'ഇന്ന് മിക്കവാറും എല്ലാ ആളുകളും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണ്. രാജ്യത്തും സംസ്ഥാനത്തും സംഭവിക്കുന്ന നല്ല പരിവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ചിത്രം അവരിലേക്ക് എത്തിച്ചേരണം. ഇതിനായി സോഷ്യല്‍ മീഡിയയേക്കാള്‍ ശക്തമായ ഒരു പ്ലാറ്റ്‌ഫോം ഉണ്ടാകില്ല,' യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
80 ലോക്‌സഭാ സീറ്റുകളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഇതില്‍ 62 എണ്ണത്തിലും ബി ജെ പിയാണ് കഴിഞ്ഞ തവണ വിജയിച്ചത്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയാണ് ബി ജെ പി വിജയം സ്വന്തമാക്കിയത്. ഇതിന്റെ പ്രതിഫലനം ലോക്‌സഭാ തിരഞ്ഞെടുപ്പിലുമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ബി ജെ പി. സര്‍വേകളിലെല്ലാം ബി ജെ പിക്ക് സംസ്ഥാനത്ത് മികച്ച വിജയമാണ് പ്രവചിച്ചിരിക്കുന്നത്.












Click it and Unblock the Notifications