കോണ്‍ഗ്രസിന് ആശ്വാസം; തിരഞ്ഞെടുപ്പ് വരെ നികുതി പിരിക്കില്ലെന്ന് ആദായ നികുതി വകുപ്പ്
ന്യൂഡല്‍ഹി: നികുതി കുടിശ്ശിക സംബന്ധിച്ച ആദായ നികുതി വകുപ്പിന്റെ നടപടിയില്‍ കോണ്‍ഗ്രസിന് ആശ്വാസം. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജൂണ്‍ രണ്ടാം വാരം വരെ 3500 കോടി രൂപ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിനെതിരെ ആദായനികുതി വകുപ്പ് നിര്‍ബന്ധിത നടപടികളൊന്നും സ്വീകരിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. സുപ്രീം കോടതിയില്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ജൂലൈ 24ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും. ഈ വര്‍ഷം 134 കോടി രൂപ നികുതി കുടിശ്ശികയായി കോണ്‍ഗ്രസ് അടച്ചിട്ടുണ്ടെന്നും ഇപ്പോള്‍ 1700 കോടി രൂപ കൂടി സമാഹരിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ സമയത്ത് 3,500 കോടി രൂപ വീണ്ടെടുക്കാന്‍ തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പോകുന്നില്ല എന്നും എന്നാല്‍ ജൂണ്‍ രണ്ടാം വാരത്തില്‍ നടപടികളിലേക്ക് കടക്കും എന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 135 കോടിരൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ബി വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ താമസിച്ചതിന്റെ 103 കോടി പിഴയും പലിശയുമടക്കം 135 കോടി പിടിച്ചെടുത്തതിന് എതിരെയായിരുന്നു കോണ്‍ഗ്രസിന്റെ ഹര്‍ജി.
അതേസമയം വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ലാഭമുണ്ടാക്കുന്ന സ്ഥാപനമല്ലെന്നും പാര്‍ട്ടിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി പറഞ്ഞു. 135 കോടിയിടെ സ്വത്തുക്കള്‍ ഇപ്പോള്‍ തന്നെ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
പാര്‍ട്ടിക്കെതിരെ ആരംഭിച്ച ആദായനികുതി പുനര്‍നിര്‍ണയ നടപടികളെ ചോദ്യം ചെയ്ത് മാര്‍ച്ച് 28 ന് ഹൈക്കോടതി നാല് ഹര്‍ജികള്‍ തള്ളിയതും കോണ്‍ഗ്രസ് പരാമര്‍ശിച്ചു. 2017-18, 2018-19, 2019-20, 2020-21 മൂല്യനിര്‍ണ്ണയ വര്‍ഷങ്ങളുമായി ബന്ധപ്പെട്ട നാല് ഹര്‍ജികളും കോടതി തള്ളിയിരുന്നു. അതതിന് ശേഷമാണ് 2017-18, 2020-21 മൂല്യനിര്‍ണ്ണയ വര്‍ഷങ്ങളില്‍ 1,823 കോടി രൂപയുടെ നികുതി നോട്ടീസ് ലഭിച്ചത് എന്നും കോണ്‍ഗ്രസ് പറഞ്ഞു.
ആദായ നികുതി വകുപ്പില്‍ നിന്ന് മൂന്ന് ദിവസത്തിനിടെ 3567.25 കോടിയുടെ നോട്ടീസാണ് കോണ്‍ഗ്രസിന് ലഭിച്ചത്. കോണ്‍ഗ്രസിനെ കൂടാതെ സി പി എം, സി പി ഐ എന്നീ പ്രതിപക്ഷ കക്ഷികള്‍ക്കും ആദായ നികുതി വകുപ്പ് നോട്ടീസയച്ചിരുന്നു.












Click it and Unblock the Notifications