എംഎല്‍എമാരടക്കം ഒരാള്‍ പോലും വോട്ട് ചെയ്യാതെ നാഗാലാന്‍ഡിലെ 6 ജില്ലകള്‍..! കാരണമിത്
കൊഹിമ: ഇന്ന് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ ഒരാള്‍ പോലും വോട്ട് ചെയ്യാതെ നാഗാലാന്റിലെ ആറ് ജില്ലകള്‍. നാഗാലാന്‍ഡിലെ ആറ് കിഴക്കന്‍ ജില്ലകളിലാണ് ജനങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. പോളിംഗ് ഉദ്യോഗസ്ഥര്‍ ഒമ്പത് മണിക്കൂര്‍ ബൂത്തുകളില്‍ കാത്തിരുന്നു എന്നും എന്നാല്‍ ഒരാള്‍ പോലും വോട്ട് ചെയ്യാന്‍ എത്തിയില്ല എന്നും അധികൃതര്‍ അറിയിച്ചു.
20 അസംബ്ലി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയിലെ 738 പോളിംഗ് സ്റ്റേഷനുകളില്‍ രാവിലെ 7 നും വൈകുന്നേരം 4 നും ഇടയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നുവെന്ന് നാഗാലാന്‍ഡിന്റെ അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അവ ലോറിംഗ് പറഞ്ഞു. ഒമ്പത് മണിക്കൂറിനുള്ളില്‍ ആരും വോട്ട് ചെയ്യാന്‍ എത്തിയില്ലെന്ന് സിഇഒയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

ജില്ലകളിലെ 20 എംഎല്‍എമാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചില്ല. ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ് ടെറിട്ടറി' (എഫ്എന്‍ടി) എന്ന ആവശ്യം ഉന്നയിക്കുന്ന ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്റെ ആഹ്വാനത്തെ തുടര്‍ന്നാണ് വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. കിഴക്കന്‍ മേഖലയിലെ ഏഴ് ആദിവാസി സംഘടനകളുടെ പരമോന്നത ബോഡിയാണ് ഇത്.
കിഴക്കന്‍ നാഗാലാന്‍ഡിലെ പ്രധാന തെരുവുകളില്‍ ജില്ലാ ഭരണകൂടങ്ങളുടെയും മറ്റ് അടിയന്തര സേവനങ്ങളുടെയും വാഹനങ്ങളൊഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. മേഖലയിലെ നാല് ലക്ഷം വോട്ടര്‍മാരാണ് വോട്ടെടുപ്പാകെ ബഹിഷ്‌കരിച്ചത്. അതേസമയം ഈ മേഖലയ്ക്ക് സ്വയംഭരണാധികാരങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുള്ളതിനാല്‍ ഈഎന്‍പിഒയുടെ ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പ്രശ്‌നവുമില്ലെന്ന് മുഖ്യമന്ത്രി നെയ്ഫിയു റിയോ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് തുല്യമായി ഈ മേഖലയ്ക്ക് ആവശ്യമായ സാമ്പത്തിക പാക്കേജുകള്‍ ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ ഒരു സ്വയംഭരണ സ്ഥാപനത്തെ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഒരു സ്വയംഭരണ സ്ഥാപനം സൃഷ്ടിക്കപ്പെടുമ്പോള്‍, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമായി ശരിയായ സംവിധാനം ഉണ്ടായിരിക്കണം. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ യാതൊരു ബന്ധവുമില്ല.
എംഎല്‍എമാരും ഇഎന്‍പിഒയും ഒരു ഫോര്‍മുല തയ്യാറാക്കാന്‍ ചര്‍ച്ചക്ക് തയ്യാറാകണം അതിന് ശേഷം മാത്രമേ നമുക്ക് സംസാരിക്കാന്‍ കഴിയൂ,' റിയോ പറഞ്ഞു. നാഗാലാന്‍ഡിലെ 13.25 ലക്ഷം വോട്ടര്‍മാരില്‍ കിഴക്കന്‍ നാഗാലാന്‍ഡിലെ ആറ് ജില്ലകളിലായി 4,00,632 വോട്ടര്‍മാരാണുള്ളത്. മാറിമാറി വന്ന സര്‍ക്കാരുകള്‍ മേഖലയില്‍ സാമൂഹിക-സാമ്പത്തിക വികസനം കൊണ്ടുവന്നില്ലെന്ന് ആരോപിച്ച് ആറ് ജില്ലകള്‍ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം വേണമെന്നാണ് ഇഎന്‍പിഒയുടെ ആവശ്യം.
അതേസമയം വോട്ട് ചെയ്യാത്തതിന് കിഴക്കന്‍ നാഗാലാന്‍ഡിലെ 20 നിയമസഭാംഗങ്ങള്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് തങ്ങള്‍ക്ക് ഏറ്റുമുട്ടല്‍ ആവശ്യമില്ലെവന്നും എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോക്സഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇഎന്‍പിഒ വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതല്‍ സംസ്ഥാനത്തിന്റെ കിഴക്കന്‍ ഭാഗത്ത് അനിശ്ചിതകാല സമ്പൂര്‍ണ ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.
ആരെങ്കിലും വോട്ട് ചെയ്യാന്‍ പോകുകയും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട വോട്ടര്‍മാരായിരിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം നാഗാലാന്‍ഡ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യാസന്‍ സമ്പൂര്‍ണ ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇഎന്‍പിഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍ നോട്ടീസ് ഇഎന്‍പിഒ തള്ളിക്കളഞ്ഞു.
ഈ സാഹചര്യത്തില്‍ നടപടി ബാധകമല്ലെന്ന് ഇഎന്‍പിഒ പ്രസിഡന്റ് സപികിയു സാങ്തം അവകാശപ്പെട്ടു. തങ്ങളുടെ അധികാരപരിധിയിലുള്ള കിഴക്കന്‍ നാഗാലാന്‍ഡ് മേഖലയിലെ അസ്വസ്ഥതകളും സാമൂഹിക വിരുദ്ധരുടെ കൂടിച്ചേരലുമായി ബന്ധപ്പെട്ട അപകടസാധ്യതയും കുറയ്ക്കുക എന്നതായിരുന്നു പൊതു അറിയിപ്പിന്റെ പ്രധാന ലക്ഷ്യമെന്നും കിഴക്കന്‍ നാഗാലാന്‍ഡ് ഇപ്പോള്‍ പൊതു അടിയന്തരാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications