രാജ്യത്തെ 7 സോണുകളാക്കും, നേതാക്കൾക്ക് പ്രത്യേക ചുമതല; ബിജെപിയോട് ഏറ്റുമുട്ടാൻ കോൺഗ്രസ് തന്ത്രമൊരുങ്ങുന്നു
2024 ൽ ബി ജെ പിയെ വീഴ്ത്താൻ സംഘടപരമായി ശക്തി വർധിപ്പിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് തിരിച്ചറിയുന്നു

ദില്ലി: സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്ന് പോകുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയെന്ന കരുത്തരോട് ഏറ്റുമുട്ടാൻ ഇപ്പോഴത്തെ കരുത്ത് പോരെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. 2024 ൽ ബി ജെ പിയെ വീഴ്ത്താൻ സംഘടപരമായി ശക്തി വർധിപ്പിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് തിരിച്ചറിയുന്നു. അത് കൂടി ലക്ഷ്യം വെച്ചുള്ള പദ്ധതികളും തന്ത്രങ്ങളുമാണ് റായ്പപൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ ഒരുക്കുന്നത്.
അതിനിടെ എന്ത് വിലകൊടുത്തും തിരിച്ച് വരവിനുള്ള പ്രത്യേക പദ്ധതികളും കോൺഗ്രസ് മെനയുന്നുണ്ട്.രാജ്യത്തെ ഏഴ് സോണികളാക്കി തിരിച്ചുള്ള പ്രചരണ തന്ത്രങ്ങളും ഇതിന്റെ ഭാഗമാണ്.

രാജ്യത്തെ പ്രത്യേക മേഖലകളാക്കി തിരിക്കുന്നത്
ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാൻ അതിശക്തമായ പ്രചരണ പരിപാടികളൊരുക്കുകയാണ് കോൺഗ്രസ്. ഇതിനായാണ് രാജ്യത്തെ പ്രത്യേക മേഖലകളാക്കി തിരിക്കുന്നത്. കോൺഗ്രസ് പ്ലീനറി സമ്മേളന പ്രമേയത്തിൽ ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ട് വെയ്ക്കും. ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രാധാന്യമനുസരിച്ച് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഒരുമിച്ച് തരംതിരിക്കുകയും ആവശ്യമുള്ളിടത്തെല്ലാം പൊതുപ്രചരണ പരിപാടി ആവിഷ്കരിക്കുകയും ചെയ്യും.

ഓരോ സോണിലും, എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭാ കക്ഷി നേതാക്കളെയും സംസ്ഥാന നേതാക്കളെയും ഉൾപ്പെടുത്തി ഒരു പാനൽ രൂപീകരിക്കും. ചില സംസ്ഥാനങ്ങൾക്ക് പൊതുവായ പ്രശ്‌നങ്ങളുണ്ട്. അതിനാൽ പൊതു തന്ത്രങ്ങൾ ഇവിടേക്കായി മെനയും. കർണാടക, കേരളം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവയാണ് ഒരു സോണിൽ ഉൾപ്പെുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് ഫലം കൂടി പരിശോധിച്ച ശേഷമാകും ഇത്.

നിയമസഭ തിരഞ്ഞെടുപ്പിൽ
ത്രിപുര, മേഘാലയ, നാഗാലാന്റ് , കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങി ഒൻപതോളം സംസ്ഥാനങ്ങളിലാണ് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും മാത്രമാണ് കോൺഗ്രസ് ഭരണത്തിൽ ഉള്ളത്. കർണാടകയിലും മധ്യപ്രദേശിലും പ്രധാന പ്രതിപക്ഷമാണ്. 2018 ൽ കോൺഗ്രസിന് അധികാരം ലഭിച്ച ഈ സംസ്ഥാനങ്ങളിൽ ഓപ്പറേഷൻ താമര പയറ്റി ബി ജെ പി അധികാരം പിടിക്കുകയായിരുന്നു. ഇക്കുറി എന്ത് വിധേനയും ഇവിടെ ഭരണം തിരിച്ച് പിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.ഹിന്ദി ഹൃദയ ഭൂമിയിൽ ഭരണത്തിലേറിയാൽ അത് ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന് വലിയ ഊർജ്ജമായിരിക്കും നൽകുക. കർണാടകയിലും ഭരണം പിടിച്ചാൽ ബിജെപിക്ക് നൽകാവുന്ന ഏറ്റവും വലിയ തിരിച്ചടിയാകുമതെന്നും കോൺഗ്രസ് കരുതുന്നു. ബി ജെ പിക്ക് ഭരണമുള്ള ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം കൂടിയാണ് കർണാടക.

വിവിധ സംസ്ഥാനങ്ങളിലെ ആഭ്യന്തര തർക്കങ്ങൾ
ഭരണം സ്വപ്നം കാണുമ്പോഴും കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ക്ഷീണം തീർക്കുന്നത് ഇവിടുത്തെ ഉൾപ്പാർട്ടി തർക്കങ്ങളാണ്. കർണാടകയിൽ ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലാണ് തർക്കം. ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ടിഎസ് സിംഗ് ദേവും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് മുന്നോട്ട് പോകാനായില്ലെങ്കിൽ കോൺഗ്രസിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന കാര്യത്തിൽ തർക്കമില്ല.

പ്രതിപക്ഷ ഐക്യം കെട്ടിപടുക്കാനുള്ള നീക്കങ്ങളും
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യം കെട്ടിപടുക്കാനുള്ള നീക്കങ്ങളും കോൺഗ്രസ് നടത്തും. ബിജെപി വിരുദ്ധരെയെല്ലാം ഒരുമിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുക്കുമെന്നു പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാനായാൽ പ്രതിപക്ഷ സഖ്യത്തിനുള്ളിൽ തങ്ങളുടെ വിലപേശൽ ശക്തി വർധിപ്പിക്കാമെന്നും കോൺഗ്രസ് കരുതുന്നുണ്ട്.












Click it and Unblock the Notifications