കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ മായാവതി ചതിച്ചു!!! മഹാഗഢ്ബന്ധനില്‍ 2+2= 4 അല്ല, മൂന്നോ മൂന്നരയോ മാത്രം... അഖിലേഷ് കലിപ്പിൽ

Google Oneindia Malayalam News

ലഖ്‌നൗ: ആകെ 80 ലോക്‌സഭ സീറ്റുകളാണ് ഉത്തര്‍ പ്രദേശില്‍ ഉള്ളത്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇതില്‍ 71 സീറ്റുകളും ബിജെപി പിടിച്ചടക്കിയിരുന്നു. എന്‍ഡിഎ സഖ്യകക്ഷിയായ അകാലി ദള്‍ രണ്ട് സീറ്റുകളും നേടി. സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്.

മഹാസഖ്യം യുപിയില്‍ പൊളിയില്ല.... പോരാട്ടം ഉപതിരഞ്ഞെടുപ്പിലേക്ക്, 11 മണ്ഡലങ്ങളില്‍ വെല്ലുവിളി മഹാസഖ്യം യുപിയില്‍ പൊളിയില്ല.... പോരാട്ടം ഉപതിരഞ്ഞെടുപ്പിലേക്ക്, 11 മണ്ഡലങ്ങളില്‍ വെല്ലുവിളി

അന്ന് മൂന്ന് പാര്‍ട്ടികളും വെവ്വേറെ മത്സരിച്ചതോടെ വോട്ടുകളെല്ലാം വിഭജിക്കപ്പെട്ടു. എന്നാല്‍ ഇത്തവണ മഹാഗഢ്ബന്ധന്ററെ ഭാഗമായി എസ്പിയും ബിഎസ്പിയും സഖ്യമായാണ് മത്സരിച്ചത്. മൂന്ന് മണ്ഡലങ്ങളില്‍ ഇവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ചെയ്തില്ല.

2014 ല്‍ എസ്പിയ്ക്ക് അഞ്ച് സീറ്റുകളാണ് കിട്ടിയത്. ബിഎസ്പിയ്ക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. അന്ന് 22.3 ശതമാനം വോട്ടുകളാണ് എസ്പി നേടിയത്. ബിഎസ്പി 19.8 ശഥമാനവും. രണ്ട് പാര്‍ട്ടികളും ഒരുമിച്ച് നിന്നാല്‍ ബിജെപിയെ മലര്‍ത്തിയടിക്കാം എന്ന പ്രതീക്ഷകളെ എല്ലാം അപ്രസക്തമാക്കുന്നതായിരുന്നു 2019 ലെ തിരഞ്ഞെടുപ്പ് ഫലം. ഇതില്‍ ആര്, ആരെയാണ് ചതിച്ചത് എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം. കണക്കുകള്‍ നോക്കിയാല്‍ രണ്ട് പേര്‍ക്കും പരസ്പരം പഴിചാരാം...

ഡിംപിളിനെ തോല്‍പിച്ചത് മായാവതിയോ....

ഡിംപിളിനെ തോല്‍പിച്ചത് മായാവതിയോ....

എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിംപിള്‍ യാദവ്. ഇത്തവണ കന്നൗജ് മണ്ഡലത്തില്‍ ആയിരുന്നു ഡിംപിള്‍ ജനവിധി തേടിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ പന്ത്രണ്ടായിരത്തില്‍ പരം വോട്ടുകള്‍ക്ക് ഡിംപിള്‍ പരാജയപ്പെട്ടു.

2014 ല്‍ എസ്പിയ്ക്ക് 43.89 ശതമാനം വോട്ടും ബിഎസ്പിയ്ക്ക് 11.46 ശതമാനം വോട്ടും ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ 2019 ല്‍ ഡിംപിളിന് ലഭിച്ചത് 48.29 ശതമാനം വോട്ടുകള്‍. അപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയ്‌ക്കൊപ്പം നിന്ന എല്ലാവരും ഇത്തവണ ഡിംപിളിന് വോട്ട് ചെയ്തില്ലേ എന്നാണ് ചോദ്യം.

മായാവതിയുടെ കാല്‍ തൊട്ട് വന്ദിച്ചിട്ടും

മായാവതിയുടെ കാല്‍ തൊട്ട് വന്ദിച്ചിട്ടും

അച്ഛന്‍ മുലായം സിങ് യാദവിന്റെ നീരസം മറികടന്നാണ് അഖിലേഷ് യാദവ് മായാവതിയുടെ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയത്.

കനൗജില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഡിംപിള്‍ യാദവ് മായാവതിയുടെ കാല്‍ തൊട്ട് വന്ദിക്കുക വരെ ചെയ്തു. എന്നിട്ടും ബിഎസ്പി വോട്ടുകള്‍ മുഴുവന്‍ ഡിംപിളിന് ലഭിച്ചില്ലെന്ന് പറയേണ്ടി വരും. കഴിഞ്ഞ തവണ വിജയിച്ച മണ്ഡലം ഇത്തവണ നഷ്ടപ്പെട്ടു. സത്യത്തില്‍ എസ്പിയെ ബിഎസ്പി വഞ്ചിക്കുകയായിരുന്നോ?

അഖിലേഷിന്റെ സഹോദരങ്ങളും

അഖിലേഷിന്റെ സഹോദരങ്ങളും

ഈ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സഹോദരങ്ങളായ അക്ഷയ് യാദവും ധര്‍മേന്ദ്ര യാദവും ജനവിധി തേടിയിരുന്നു. ഫിറോസാബാദില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച ആളായിരുന്നു അക്ഷയ് യാദവ്. അതും ഒരു സഖ്യവും ഇല്ലാതെ. എന്നാല്‍ ഇത്തവണ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയിട്ടും അക്ഷയ് തോറ്റു.

കഴിഞ്ഞ തവണ ഒറ്റയ്ക്ക് 48.39 ശഥമാനം വോട്ട് നേടിയ അക്ഷയ് ഇത്തവണ സഖ്യത്തില്‍ നേടിയത് വെറും 43.41 ശതമാനം വോട്ടുകള്‍ മാത്രം.

ബാദുന്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ 48.50 ശഥമാനം വോട്ട് നേടി വിജയിച്ച ധര്‍മേന്ദ്ര യാദവും ഇത്തവണ തോറ്റു. സഖ്യത്തില്‍ നേടിയത് 45.59 ശതമാനം വോട്ടുകള്‍.

ഇവരുടെ കാര്യത്തില്‍ ബിഎസ്പി വോട്ടുകള്‍ മാത്രമല്ല, സ്വന്തം വോട്ടുകള്‍ കൂടി ചോര്‍ന്നിട്ടുണ്ട് എന്ന് പറയേണ്ടി വരും.

യാദവരും ദളിതരും മുസ്ലീങ്ങളും

യാദവരും ദളിതരും മുസ്ലീങ്ങളും

ഉത്തര്‍ പ്രദേശിലെ ജാതി രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാണ് യാദവ വോട്ടുകള്‍. അവ ഏതാണ്ട് പൂര്‍ണമായും സമാഹരിക്കാന്‍ അഖിലേഷ് യാദവിന് കഴിയും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വലിയ വിഭാഗമായ ദളിതുകളെ പ്രതിനിധീകരിക്കുന്ന ആളാണ് മായാവതി. നിര്‍ണായകമായ മുസ്ലീം ജനവിഭാഗവും ഇവര്‍ക്കൊപ്പം തന്നെയാണ്.

ഇതെല്ലാം കൂടിയാണ് ബിജെപിയെ ഒരു അരിക്കാക്കാം എന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ഈ അങ്ക ഗണിതത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രസതന്ത്രം മറികടന്നു എന്ന് പറയേണ്ടി വരും. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 9 സീറ്റ് കുറഞ്ഞെങ്കിലും ബിജെപി അതി ശക്തമായി തന്നെ നില കൊണ്ടു.

45 മണ്ഡലങ്ങളില്‍

45 മണ്ഡലങ്ങളില്‍

80 ലോക്‌സഭ മണ്ഡലങ്ങളില്‍ 45 എണ്ണത്തിലെങ്കിലും എസ്പിയും ബിഎസ്പിയും വളരെ ശക്തമാണ്. തിരഞ്ഞെടുപ്പില്‍ 45 മണ്ഡലങ്ങള്‍ പിടിച്ചെടുക്കുക എന്ന് പറഞ്ഞാല്‍ അത് വളരെ നിര്‍ണായകമായ കാര്യവും ആയിരുന്നു.

എന്നാല്‍ പരസ്പര സഹകരണത്തില്‍ എസ്പിയും ബിജെപിയും പരാജയപ്പെട്ടു എന്ന് തന്നെ വിലയിരുത്തേണ്ടി വരും. അതോടൊപ്പം ബിജെപി അവരുടെ അടിത്തറ മെച്ചപ്പെടുത്തിയെന്നതും ഈ വിഷയത്തില്‍ പരിഗണിക്കേണ്ടതുണ്ട്.

മുലായം വരെ പതറിയിട്ടുണ്ട്

മുലായം വരെ പതറിയിട്ടുണ്ട്

മെയിന്‍പുരിയില്‍ നിന്ന് ഇത്തവണയും മുലായം സിങ് വിജയിച്ചു എന്നത് സത്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ 59.63 ശതമാനം വോട്ട് നേടിയ ആളാണ് മുലായം. അന്ന് ബിഎസ്പിയ്ക്ക് മണ്ഡലത്തില്‍ 14.23 ശതമാനം വോട്ടുകളുണ്ടായിരുന്നു.

എന്നാല്‍ 2019 ല്‍ എത്തിയപ്പോള്‍ മുലായത്തിന്റെ വോട്ട് വിഹിതം 53.75 ശതമാനമായി കുറഞ്ഞു. സഖ്യമുണ്ടാക്കിയപ്പോള്‍ സ്വന്തം വോട്ടുകള്‍ നഷ്ടപ്പെട്ട സാഹചര്യം ആണ് മുലായം മണ്ഡലത്തില്‍ നേരിട്ടത്.

നേട്ടം മുഴുവന്‍ മായാവതിയ്ക്ക്

നേട്ടം മുഴുവന്‍ മായാവതിയ്ക്ക്

2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മായാവതിയുടെ ബിഎസ്പിയ്ക്ക് ഒരു സീറ്റ് പോലും ഉത്തര്‍ പ്രദേശില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ 2019 ലെ ഫലം വന്നപ്പോള്‍ 10 സീറ്റുകള്‍ക്ക് ഉടമയായി മായാവതിയുടെ പാര്‍ട്ടി.

കഴിഞ്ഞ തവണ അഞ്ച് സീറ്റുകള്‍ നേടിയ എസ്പിയ്ക്ക് ഇത്തവണയും അഞ്ച് സീറ്റുകള്‍ മാത്രം. അതിന് വേണ്ടി അഖിലേഷ് യാദവിന് കുരുതി കൊടുക്കേണ്ടി വന്നത് സ്വന്തം കുടുംബത്തിലെ മൂന്ന് സീറ്റുകളായിരുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

ചുരുക്കി പറഞ്ഞാല്‍, മഹാഗഢ്ബന്ധന്‍ കൊണ്ട് വലിയ നേട്ടമുണ്ടാക്കിയത് മായാവതിയുടെ ബിഎസ്പി മാത്രമാണ്.

വോട്ടിലും നഷ്ടം അഖിലേഷിന്

വോട്ടിലും നഷ്ടം അഖിലേഷിന്

2014 ല്‍ 22.3 ശതമാനം വോട്ടുകളാണ് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി നേടിയത്. ഇത്തവണ മഹാഗഢ് ബന്ധനില്‍ മത്സരിച്ചപ്പോള്‍ അഖിലേഷിന്റെ പാര്‍ട്ടിയ്ക്ക് ആകെ കിട്ടിയത് 18 ശതമാനം വോട്ടുകള്‍ മാത്രമാണ്.

2014 ല്‍ 19.8 ശതമാനം ആയിരുന്നു ബിഎസ്പിയുടെ വോട്ട് വിഹിതം. 2019 ല്‍ എത്തിയപ്പോള്‍ അത് 19.3 ശതമാനം ആയി കുറഞ്ഞു. വോട്ട് വിഹിതത്തില്‍ വലിയ വ്യത്യാസം വന്നില്ലെങ്കിലും പത്ത് സീറ്റുകള്‍ നേടാനായി എന്നാണ് ബിഎസ്പിയുടെ വലിയ നേട്ടം.

 രണ്ട് കൂട്ടരും കണക്ക് തന്നെ

രണ്ട് കൂട്ടരും കണക്ക് തന്നെ

വോട്ടുകള്‍ പൂര്‍ണമായും സഖ്യത്തിന് കൊടുക്കുന്ന കാര്യത്തില്‍ എസ്പിയും ബിഎസ്പിയും ഒരുപോലെ പരാജയപ്പെട്ടിട്ടുണ്ട് എന്ന് തന്നെ വിലയിരുത്താവുന്നതാണ്. എസ്പി 37 സീറ്റിലും ബിഎസ്പി 38 സീറ്റിലും ആയിരുന്നു മത്സരിച്ചത്. എസ്പി മത്സരിച്ച 12 മണ്ഡലങ്ങളില്‍ ബിഎസ്പി അവരുടെ വോട്ടുകള്‍ കൃത്യമായി നല്‍കിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേ സമയം ബിഎസ്പി മത്സരിച്ച 14 സീറ്റുകളില്‍ എസ്പിയും സമാനമായ കാര്യം തന്നെയാണ് ചെയ്തിട്ടുള്ളത്. ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ധൗരാഹ്ര, ഫത്തേപ്പുര്‍ സിക്രി മണ്ഡലങ്ങളില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് കാരണം എസ്പി വോട്ടുകള്‍ കിട്ടാത്തതാണെന്നും ആരോപണമുണ്ട്.

സഖ്യം വിജയിച്ചിരുന്നെങ്കില്‍

സഖ്യം വിജയിച്ചിരുന്നെങ്കില്‍

സ്വന്തം വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ഉത്തര്‍ പ്രദേശിലെ വിധി മറ്റൊന്നാകുമായിരുന്നു. മുപ്പത് സീറ്റുകളെങ്കിലും ഇത്തരത്തില്‍ സഖ്യത്തിന് അധികമായി പിടിച്ചെടുക്കാനും സാധിച്ചേനെ.

എന്തായാലും ഉത്തര്‍ പ്രദേശില്‍ ഇനിയെന്ത് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. മഹാഗഢ് ബന്ധനുമായി അഖിലേയും മായാവതിയും മുന്നോട്ട് പോകുമോ? അതോ ചതിയുടെ പേരില്‍ രണ്ട് പേരും വീണ്ടും പോര് തുടരുമോ?

English summary
Lok Sabha Election results 2019: Did BSP cheated SP in Uttar Pradesh? SP lost three of its sitting MPs, all of them are Akhilesh's Family and BSP gained 10 seats .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X