തമിഴ്നാട്ടില്‍ ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റം: ബംഗാളില്‍ ദീദിയുടെ ചിരി, തിരിച്ചടി നേരിട്ട് ബിജെപി
ചെന്നൈ: തമിഴ്നാട്ടില്‍ 2019 ലെ മുന്നേറ്റം തുടർന്ന് ഡി എം കെ നയിക്കുന്ന ഇന്ത്യ സഖ്യം. ഇതുവരേയുള്ള ഫലം പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് ആകെയുള്ള 39 സീറ്റില്‍ 36 സീറ്റിലാണ് ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റം. ഇന്ത്യാ സഖ്യത്തില്‍ ഡി എം കെ 21 സീറ്റിലാണ് മുന്നേറുന്നത്. കോണ്‍ഗ്രസ് എട്ട് സീറ്റിലും വി സി കെ, സി പി ഐ, സി പി എം എന്നീ പാർട്ടികള്‍ രണ്ട് സീറ്റിലും മുന്നേറുകയാണ്. സഖ്യത്തിന്റെ ഭാഗമായ ലീഗും എം ഡി എംകെയും ഒരു സീറ്റില്‍ മുന്നേറുന്നു.
ബി ജെ പി നയിക്കുന്ന എൻ ഡി എ സഖ്യത്തില്‍ പാട്ടാളി മക്കള്‍ കക്ഷിക്ക് മാത്രമാണ് ഒരു സീറ്റില്‍ മുന്നേറാന്‍ സാധിച്ചത്. എ ഐ എ ഡി എം കെ നയിക്കുന്ന സഖ്യത്തില്‍ അന്തരിച്ച നടന്‍ വിജയകാന്തിന്റെ പാർട്ടിയായ ഡി എം ഡി കെ യ്ക്ക് ഒരു സീറ്റിലും ലീഡ് പിടിക്കാന്‍ സാധിച്ചിട്ടുണ്ട്. തമിഴ്നാടിനെ സംബന്ധിച്ച് ബി ജെ പിക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്.

പ്രതീക്ഷിച്ച ഒരു മണ്ഡലത്തിലും തമിഴ്നാട്ടില്‍ ബി ജെ പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പാർട്ടി അധ്യക്ഷന്‍ കെ അണ്ണാമല കോയമ്പത്തൂരില്‍ ആറായിരം വോട്ടുകള്‍ക്ക് പിന്നിലാണ്. ഒരു ബുത്തില്‍ അണ്ണാമലൈക്ക് ലഭിച്ചത് ഒരു വോട്ട് മാത്രമായിരുന്നു. ഇതുവരെയായി ഡി എം കെ സ്ഥാനാർത്ഥിക്ക് 19977 വോട്ടും അണ്ണാമലൈയ്ക്ക് 12874 വോട്ടുമായിരുന്നു ലഭിച്ചത്.
തമിഴ്നാട്ടില്‍ ഡിഎംകെ 21, കോണ്‍ഗ്രസ് 8, സിപിഎം 2, സിപിഐ 2, വിസികെ 2, മുസ്ലീം ലീഗ് 1, ഐജെകെ 1, കെഎംഡികെ 1, എംഡിഎംകെ 1 എന്നിങ്ങനെയായിരുന്നു ഇന്ത്യാസഖ്യത്തിലെ സീറ്റ് വീതംവെയ്പ്പ്. എഐഎഡിഎംകെ നയിക്കുന്ന സഖ്യത്തില്‍ എഐഎഡിഎംകെ 32 സീറ്റിലും പുതിയ തമിഴകം, എസ്ഡിപിഐ എന്നീ പാർട്ടികള്‍ ഒരോ സീറ്റിലും മത്സരിക്കുന്നു. രണ്ടില ചിഹ്നത്തിലാണ് ഇവർ രണ്ടുപേരുടേയും മത്സരം. വിജയകാന്തിന്റെ ഡിഎംഡികെയ്ക്ക് നാല് സീറ്റും നല്‍കിയിട്ടുണ്ട്.
എന്‍ഡിഎ സഖ്യത്തില്‍ ബിജെപി 18 സീറ്റില്‍ മത്സരിക്കുന്നു. ഐജെകെ, ഐഎംഎഎംഎ ,പിഎന്‍കെ,ടിഎംഎംകെ തുടങ്ങിയവർ ഓരോ സീറ്റില്‍ താമര ചിഹ്നത്തിലും മത്സരിക്കുന്നു. പിഎംകെ 10, തമിള്‍ മാനില കോണ്‍ഗ്രസ് 3, അമ്മ മക്കള്‍ മുന്നേറ്റ കഴകം 2 സീറ്റിലും മത്സരിക്കുന്നു. സ്വതന്ത്രനായി മത്സരിക്കുന്ന ഒ പനീർശെല്‍വത്തിനും ബിജെപി പിന്തുണയുണ്ട്.
ബംഗാളിലേക്ക് വരുമ്പോള്‍ മമതയുടെ ഞെട്ടിച്ച മുന്നേറ്റമാണ് കാണാന്‍ സാധിക്കുന്നത്. എക്സിറ്റ് പോളുകള്‍ ബംഗാളില്‍ ബി ജെ പിക്ക് മുന്നേറ്റം പ്രവചിച്ചിരുന്നെങ്കിലും യഥാർത്ഥ വിധിയില്‍ ദീദിക്കാണ് ചിരി. സംസ്ഥാനത്തെ ആകെയുള്ള 42 സീറ്റുകളില്‍ നിലവില്‍ 31 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നത്. കഴിഞ്ഞ തവണ പതിനെട്ടോളം സീറ്റുകള്‍ നേടിയ ബി ജെ പിക്ക് നിലവില്‍ ലീഡ് പിടിക്കാന്‍ സാധിച്ചത് 10 സീറ്റില്‍ മാത്രമാണ്. ഒരു സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.












Click it and Unblock the Notifications