'കൊവിഡ് വന്ന് ആളുകള്‍ മരിച്ചപ്പോള്‍ കൈകൊട്ടി കളിക്കാന്‍ പറഞ്ഞയാളാണ് മോദി'; കടന്നാക്രമിച്ച് രാഹുല്‍
കോഴിക്കോട്: ബി ജെ പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി. ബി ജെ പി രാജ്യത്തിന്റെ ഭരണഘടനയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത് എന്നും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ആര്‍ എസ് എസില്‍ നിന്ന് സ്വതന്ത്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പുറത്തിറക്കിയ പ്രകടന പത്രികക്കെതിരെയും രാഹുല്‍ രംഗത്തെത്തി. ഇന്ത്യയില്‍ ഒൡപിക്‌സ് നടത്തും മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കും എന്നൊക്കെയാണ് ബി ജെ പിയുടെ പ്രകടന പത്രികയിലെ വാഗ്ദാനം. ബി ജെ പി എങ്ങനെയാണ് പ്രകടന പത്രിക തയ്യാറാക്കിയത് എന്ന് തനിക്കറിയാമെന്നും രണ്ട് ഉദ്യോഗസ്ഥരെയാണ് പ്രകടന പത്രിക തയ്യാറാക്കാന്‍ ബിജെപി ഏല്‍പ്പിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരിക്കല്‍ നരേന്ദ്ര മോദി കടലിനടിയില്‍ പോയി. ഇനി ഒരിക്കല്‍ കൂടി കടലിനടിയിലേക്ക് പോകും. അവിടെ വെച്ച് പ്രകടന പത്രിക പ്രഖ്യാപിച്ച് കൊണ്ട് മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാന്‍ പോകുകയാണെന്ന് പറയും. ഒരിക്കല്‍ അദ്ദേഹവും ചന്ദ്രനില്‍ പോയേക്കാം എന്നും എന്നിട്ട് പറയും താന്‍ ചന്ദ്രനില്‍ പോകുമെന്ന് പറഞ്ഞിരുന്നില്ലേ എന്ന് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള വ്യത്യാസം ഇതാണ് എന്നും രാഹുല്‍ പറഞ്ഞു.
ശ്വസിക്കാന്‍ ഓക്‌സിജനില്ലാതേയും മരുന്നില്ലാതേയും ജനങ്ങള്‍ ശ്വാസംമുട്ടി മരിച്ച കൊവിഡ് കാലത്ത് കൈകൊട്ടി കളിക്കാന്‍ പറഞ്ഞയാളാണ് പ്രധാനമന്ത്രി എന്നും അദ്ദേഹം പറഞ്ഞു. ജോലി ഇല്ല എന്ന് പറഞ്ഞപ്പോള്‍ പക്കാവട ഉണ്ടാക്കാന്‍ പറഞ്ഞയാളാണ് മോദിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഒരു രാജ്യം, ഒരു മതം, ഒരു നേതാവ്, ഒരു ഭാഷ എന്നാണ് മോദി പറയുന്നത്.
എങ്ങനെയാണ് അത് സാധ്യമാകുക എന്നും അദ്ദേഹം ചോദിച്ചു. 'തമിഴ്‌നാട്ടിലുള്ളവരോട് തമിഴ് സംസാരിക്കരുത് എന്നും മലയാളികളോട് മലയാളം സംസാരിക്കരുത് എന്നും എങ്ങനെയാണ് പറയാനാകുക. വൈവിധ്യങ്ങളുടെ ശക്തി ലോകത്തിനു കാണിച്ചു കൊടുത്ത രാജ്യമാണ് ഇന്ത്യ,' രാഹുല്‍ പറഞ്ഞു. ഓരോ പൗരനോടുമുള്ള പ്രതിബദ്ധതയാണ് ഭരണഘടന എന്നും കേവലം പുസ്തകമല്ല എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഈ ഭരണഘടന മാറ്റുമെന്നു ബി ജെ പി എം പിമാര്‍ പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ജനങ്ങളുടെ പ്രകടന പത്രികയാണ്. സ്ത്രീകള്‍ ചെയ്യുന്ന ഇരട്ടി ജോലിക്ക് വേണ്ട നഷ്ടപരിഹാരം പ്രഖ്യാപിക്കും. ദാരിദ്ര്യരേഖക്കു കീഴിലുള്ള കുടുംബത്തിലെ ഒരു സ്ത്രീയെ തിരഞ്ഞെടുത്ത് അവരുടെ അക്കൗണ്ടില്‍ ഒരു വര്‍ഷം ഒരു ലക്ഷം രൂപ നല്‍കുന്ന പദ്ധതി കൊണ്ടുവരും എന്നും രാഹുല്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് ജോലിയില്‍ 50% സംവരണം ഉറപ്പ് വരുത്തുമെന്നും അംഗനവാടി ജീവനക്കാരുടെ വേതനം ഇരട്ടിയാക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. അഗ്‌നിവീര്‍ പദ്ധതിയിലൂടെ മോദി യുവാക്കളുടെ തൊഴില്‍ നഷ്ടപ്പെടുത്തി. ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ അഗ്‌നിവീര്‍ നിര്‍ത്തലാക്കും എന്നും പഴയ രീതിയില്‍ ഉള്ള പ്രവേശനം നടത്തും എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications