വേറിട്ട പ്രവചനം! സർക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം എൻഡിഎയ്ക്ക് ലഭിക്കില്ലെന്ന് നേതാ-ന്യൂസ് എക്സ്!
ദില്ലി: ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിക്കുമ്പോള്‍ വേറിട്ട് നില്‍ക്കുകയാണ് നേത- ന്യൂസ് എക്സ് സര്‍വ്വേ ഫലം. കേവല ഭൂരിപക്ഷം തികയ്ക്കാനുളള 272 ലേക്ക് എന്‍ഡിഎ എത്തില്ല എന്നാണ് നേതാ-ന്യൂസ് എക്സ് പ്രവചിക്കുന്നത്.
എന്‍ഡിഎയ്ക്ക് 242 സീറ്റുകള്‍ നേടാന്‍ മാത്രമേ സാധിക്കുകയുളളൂ എന്നാണ് നേതാ- ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലം. അതേസമയം യുപിഎയ്ക്ക് 164 സീറ്റുകളാണ് ലഭിക്കുക. ബാക്കി സീറ്റുകള്‍ നേടുന്ന പ്രാദേശിക പാര്‍ട്ടികളാണ് സര്‍ക്കാര്‍ ആരുണ്ടാക്കണമെന്ന് തീരുമാനിക്കുക എന്ന് വേണം അനുമാനിക്കാന്‍.
2014ൽ നിന്നും ഏറെ വ്യത്യസ്തമായ സാഹചര്യത്തിലാണ് ഇത്തവണ കോൺഗ്രസും ബിജെപിയും ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2014ലേത് പോലുളള മോദി തരംഗം ഇക്കുറി ഉണ്ടായിരുന്നില്ല. ആദ്യഘട്ടത്തിൽ കോൺഗ്രസിന് ബിജെപിയെക്കാളും നേരിയ മുൻതൂക്കവും ഉണ്ടായിരുന്നു. എന്നാൽ പുൽവാമയും അതിന് ശേഷം ബാലാക്കോട്ടിൽ സൈന്യം നൽകിയ തിരിച്ചടിയും മോദിക്ക് വൻ ഇമേജ് ബൂസ്റ്റാണ് നൽകിയത്.
300ന് മുകളിൽ സീറ്റ് ഇക്കുറി തങ്ങൾക്ക് ലഭിക്കും എന്നാണ് ബിജെപി അവകാശപ്പെടുന്നത്. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുളളവർ വ്യക്കമാക്കിയത് ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷം മറികടക്കാൻ സാധിക്കും എന്നാണ്. എന്നാൽ എത്ര സീറ്റ് തങ്ങൾക്ക് ലഭിക്കും എന്ന് ഇതുവരെ കോൺഗ്രസ് പറയാനുളള ധൈര്യം കാണിച്ചിട്ടില്ല. തനിച്ചോ യുപിഎയ്ക്കോ ഭൂരിപക്ഷം ലഭിക്കില്ല എന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. സഖ്യകക്ഷികളെ കൂടെ നിർത്തി സർക്കാർ രൂപീകരണത്തിനുളള ശ്രമങ്ങൾ ഫലപ്രഖ്യാപനത്തിന് മുൻപേ തന്നെ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്.