കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്യൂരിറ്റൻ' കാരാട്ടും 'പ്രാഗ്മാറ്റിക്' യെച്ചൂരിയും! ആണിക്കല്ലിളകി സിപിഎം; യെച്ചൂരി രാജിയ്ക്ക്?

Google Oneindia Malayalam News

ദില്ലി: 2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎം നേടിയത് 43 സീറ്റുകള്‍ ആയിരുന്നു. പാര്‍ട്ടിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ വിജയം ആയിരുന്നു അത്. ബിജെപിയുടെ തുടര്‍ഭരണം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് പൊതുമിനിമം പരിപാടി ഉണ്ടാക്കി സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരുന്നു അന്ന് സിപിഎമ്മും ഇടതുകക്ഷികളും ചെയ്തത്. ഭരണത്തില്‍ പങ്കാളിയാകാനുള്ള ക്ഷണങ്ങളെല്ലാം നിഷേധിക്കപ്പെട്ടു. എന്നാല്‍ ലോക്‌സഭ സ്പീക്കര്‍ പദവി ഏറ്റെടുക്കാന്‍ സിപിഎം തയ്യാറാവുകയും ചെയ്തു.

ബംഗാളില്‍ പാര്‍ട്ടി അണികള്‍ ചതിച്ചില്ല, ചതിച്ചത് ഇടത് അനുകൂലികള്‍; കെട്ടിവച്ച കാശ് പോലും കിട്ടാതെബംഗാളില്‍ പാര്‍ട്ടി അണികള്‍ ചതിച്ചില്ല, ചതിച്ചത് ഇടത് അനുകൂലികള്‍; കെട്ടിവച്ച കാശ് പോലും കിട്ടാതെ

സിപിഎമ്മിലെ 'പ്യൂരിറ്റന്‍' വിഭാഗം എന്ന് വിശേഷിപ്പിക്കാവുന്ന പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി ആകുന്നത് 2005 ല്‍ ആയിരുന്നു. മാര്‍ക്‌സിയന്‍ ആശയങ്ങളില്‍ നിന്ന് അണുവിട വിട്ടിവീഴ്ചയില്ലെന്നതായിരുന്നു കാരാട്ടിന്റെ ശൈലി. ഒടുവില്‍ തിരഞ്ഞെടുപ്പിന് മുമ്പ്, അമേരിക്കയുമായുള്ള ആണവ കരാറിന്റെ പേരില്‍ ഇടതുപക്ഷം യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. പക്ഷേ, സര്‍ക്കാര്‍ വീണില്ല. കുതിരക്കച്ചവടത്തിന്റെ അങ്ങേത്തല വരെ എത്താന്‍ കോണ്‍ഗ്രസ് മടിച്ചില്ല. സര്‍ക്കാര്‍ നിലനിന്നു.

പക്ഷേ, അന്ന് മുതല്‍ സിപിഎം നേരിടാന്‍ തുടങ്ങിയത് വലിയ പ്രതിസന്ധികളെ ആയിരുന്നു. 2009 ലും 2014 ലും കാരാട്ടിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പുകളെ നേരിട്ട സിപിഎം പരാജയത്തില്‍ നിന്ന് പരാജയത്തിലേക്കാണ് പോയത്. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായപ്പോള്‍ പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിനും സാക്ഷിയാകേണ്ടി വന്നു. യെച്ചൂരി രാജിസന്നദ്ധത അറിയിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാരാട്ടിന്റെ കടുംപിടിത്തം

കാരാട്ടിന്റെ കടുംപിടിത്തം

യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം പ്രകാശ് കാരാട്ടിന്റെ കടുംപിടിത്തം ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടതുപക്ഷം മുന്നോട്ട് വച്ച പൊതുമിനിമം പരിപാടികളുടെ പേരില്‍ യുപിഎ സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നേടുകയും 2009 ലെ തിരഞ്ഞെപ്പില്‍ തുടര്‍ഭരണം നേടുകയും ചെയ്തു.

എന്നാല്‍ 2004 ലെ തിരഞ്ഞെടുപ്പില്‍ 43 സീറ്റ് നേടിയ സിപിഎം 2009 ല്‍ എത്തിയപ്പോള്‍ 16 സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. ഒരു പരാജയത്തിന്റെ തുടക്കം മാത്രമായിരുന്നു അത്.

ബംഗാള്‍ കൈവിട്ടു

ബംഗാള്‍ കൈവിട്ടു

ദശാബ്ദങ്ങള്‍ നീണ്ട ഇടത് ഭരണം ആയിരുന്നു പശ്ചിമ ബംഗാളില്‍. ജ്യോതി ബസു 23 വര്‍ഷക്കാലും ബംഗാള്‍ മുഖ്യമന്ത്രിയായി. അതിന് ശേഷം പത്തര വര്‍ഷത്തോളം ബുദ്ധദേവ് ഭട്ടാചാര്യയും മുഖ്യമന്ത്രി സ്ഥാനത്തിരുന്നു.

എന്നാല്‍ ഇടത് അപ്രമാദിത്തം അവസാനിപ്പിച്ച് 2011 ല്‍ മമത ബാനര്‍ജി ബംഗാളില്‍ ഭരണം പിടിച്ചടക്കി. സിംഗൂര്‍, നന്ദിഗ്രാം വിഷയങ്ങളില്‍ സര്‍ക്കാരിന്റെ വീഴ്ചയായിരുന്നു അതിന് വഴിവച്ചത്.

പ്രകാശ് കാരാട്ടായിരുന്നു അന്ന് സിപിഎം ജനറല്‍ സെക്രട്ടറി. 2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയേക്കാള്‍ വലുതായിരുന്നു പശ്ചിമ ബംഗാളില്‍ ഭരണ നഷ്ടത്തിലൂടെ സിപിഎം നേരിട്ടത്. അതില്‍ നിന്ന് കരകയറാന്‍ ഇതുവരെ കഴിഞ്ഞിട്ടും ഇല്ല.

പ്യൂരിറ്റന്‍ നിലപാട്

പ്യൂരിറ്റന്‍ നിലപാട്

ബൂര്‍ഷ്വാ പാര്‍ട്ടികളുമായി ഒരു സഖ്യവും വേണ്ടെന്ന പ്യൂരിറ്റന്‍ നിലപാടാണ് പ്രകാശ് കാരാട്ട് എന്നും മുന്നോട്ട് വച്ചിട്ടുള്ളത്. ഒന്നാം യുപിഎ സര്‍ക്കാരില്‍ സഖ്യകക്ഷിയാകാതിരിക്കാനുള്ള പ്രധാന കാരണവും അത് തന്നെ ആയിരുന്നു.

എന്നാല്‍ ബിജെപിയേയും തൃണമൂലിനേയും പ്രതിരോധിക്കാന്‍ തിരഞ്ഞെടുപ്പ് നീക്കുപോക്കുകള്‍ ആകാം എന്ന നിലപാടുകാരനാണ് നിലവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പക്ഷേ, പോളിറ്റ് ബ്യൂറോയിലേയും കേന്ദ്ര കമ്മിറ്റിയിലേയും അംഗങ്ങളില്‍ പ്രബല വിഭാഗം കാരാട്ടിനൊപ്പം നില്‍ക്കുമ്പോള്‍, യെച്ചൂരിയുടെ നിലപാടുകള്‍ വേരുപിടിക്കാത്ത സാഹചര്യമാണ് ഇപ്പോഴും സിപിഎമ്മില്‍ ഉള്ളത്.

രാജിസന്നദ്ധതയുമായി യെച്ചൂരി

രാജിസന്നദ്ധതയുമായി യെച്ചൂരി

2019 ല്‍ സിപിഎം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ആണ് ഏറ്റുവാങ്ങിയത്. ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം ഒമ്പതില്‍ നിന്ന് വെറും മൂന്നായി കുറഞ്ഞിരിക്കുന്നു.

ത്രിപുരയില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും ഒരാളെ പോലും ജയിപ്പിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല. ആന്ധ്രയിലും തെലങ്കാനയിലും പാര്‍ട്ടി വലിയ തിരിച്ചടി നേരിട്ടു. കേരളത്തില്‍ ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.

ഈ സാഹചര്യത്തില്‍ ദില്ലിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സീതാറാം യെച്ചൂരി രാജി സന്നദ്ധത അറിയിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേന്ദ്ര കമ്മിറ്റി അത് അംഗീകരിക്കാനുള്ള സാധ്യത തീരെ ഇല്ല.

ഈ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

ഈ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

സിപിഎമ്മിലെ ഹിന്ദു വോട്ടുകള്‍ ബൂര്‍ഷ്വാ പാര്‍ട്ടികളിലേക്ക് ഒഴുകുന്നു എന്ന് വേണം വിലയിരുത്താന്‍. പശ്ചിമ ബംഗാളിലും ത്രിപുരയിലും അത് ബിജെപിയിലേക്ക് ആയിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സിലേക്കും. പാര്‍ട്ടിയ്ക്ക് ഇപ്പോഴും ജനകീയ അടിത്തറയുള്ള തെലങ്കാനയില്‍ വോട്ടുകള്‍ ഒഴുകിയത് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്സിലേക്കും ആയിരുന്നു.

കേരളത്തില്‍ ഹിന്ദു വോട്ടുകള്‍ ആണോ ചതിച്ചത്, അതോ ന്യൂനപക്ഷ ഏകീകരണം ആയിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും പാര്‍ട്ടിയ്ക്ക് ആശയക്കുഴപ്പമുണ്ട്.

യെച്ചൂരിയുടെ പ്രാഗ്മാറ്റിസത്തിന്റെ വിജയം

യെച്ചൂരിയുടെ പ്രാഗ്മാറ്റിസത്തിന്റെ വിജയം

തിരഞ്ഞെടുപ്പ് നീക്കുപോക്കുകള്‍ ആകാം എന്ന സീതാറാം യെച്ചൂരിയുടെ നിലപാടിന്റെ വിജയം ആയിരുന്നു ഇത്തവണ തമിഴ്‌നാട്ടില്‍ കണ്ടത്. ബൂര്‍ഷ്വാ പാര്‍ട്ടികള്‍ കൂടി ഉള്‍പ്പെട്ട ഡിഎംകെ സഖ്യത്തിനൊപ്പം ആയിരുന്നു തമിഴ്‌നാട്ടില്‍ സിപിഎമ്മും സിപിഐയും മത്സരിച്ചത്. അതിന്റെ ഫലമായി രണ്ട് സീറ്റുകള്‍ ആണ് പാര്‍ട്ടിയ്ക്ക് ലഭിച്ചത്. അതുകൂടി ഇല്ലായിരുന്നെങ്കില്‍ ലോക്‌സഭയിലെ അംഗസംഖ്യ ഒന്നായി അവശേഷിക്കുമായിരുന്നു.

പ്യൂരിറ്റന്‍ പരാജയം

പ്യൂരിറ്റന്‍ പരാജയം

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്സുമായി നീക്കുപോക്കുകള്‍ ഉണ്ടാക്കണം എന്ന നിലപാടായിരുന്നു സീതാറാം യെച്ചൂരിയുടേത്. സംസ്ഥാന ഘടകവും ഇതേ നിലപാടിനൊപ്പമായിരുന്നു. എന്നാല്‍ അതിന് തുരങ്കം വച്ചത് കാരാട്ടിന്റെ കടുംപിടിത്തം ആയിരുന്നു എന്നാണ് ആരോപണം.

2018 ഓഗസ്റ്റ് മുതല്‍ ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഡിസംബറോട് കൂടിയാണ് പോളിറ്റ് ബ്യൂറോ ഇക്കാര്യത്തില്‍ അനുകൂല നിലപാടില്‍ എത്തിയത്. പക്ഷേ, ഈ കാലതാമസം കോണ്‍ഗ്രസ്സില്‍ ആശയക്കുഴപ്പമുണ്ടാക്കി.

സഖ്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് സിപിഎം തയ്യാറായപ്പോള്‍ കോണ്‍ഗ്രസ് പിന്‍മാറി. അതോടെ പശ്ചിമ ബംഗാളില്‍ സിപിഎമ്മിന് ഒരു സീറ്റ് പോലും കിട്ടാത്ത സാഹചര്യമായി. 38 മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശ് പോലും നഷ്ടമായി.

കേരളത്തെ രക്ഷിക്കാൻ

കേരളത്തെ രക്ഷിക്കാൻ

പശ്ചിമ ബംഗാളിൽ കോൺഗ്രസ്സുമായി സഖ്യത്തിലേർപ്പെട്ടാൽ അത് കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കും എന്നായിരുന്നു കേരളത്തിൽ നിന്നുള്ള നേതാക്കളുടെ വാദം. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കേരളത്തിലും പശ്ചിമ ബംഗാളിലും സിപിഎമ്മിന് കിട്ടിയത് ഏതാണ്ട് സമാനമായ തിരിച്ചടി തന്നെ ആയിരുന്നു.

കേരളത്തിലെ സാഹചര്യം പരിഗണിക്കാതെ പശ്ചിമ ബംഗാളിൽ കോൺഗ്രസ്സുമായി സഹകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ, അവിടെ വട്ടപ്പൂജ്യത്തിൽ നിൽക്കേണ്ട സാഹചര്യം ഒരുപക്ഷേ സിപിഎമ്മിന് ഉണ്ടാകുമായിരുന്നില്ല.

തെലങ്കാനയിലും സമാനം

തെലങ്കാനയിലും സമാനം

ഗ്രാമീണ മേഖലകളില്‍ ഇപ്പോഴും സിപിഎമ്മിന് ജനകീയ അടിത്തറയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് തെലങ്കാന. സിപിഎമ്മുമായി സഖ്യത്തിന് ഇത്തവണ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് തയ്യാറും ആയിരുന്നു. എന്നാല്‍ ആന്ധ്രയിലെ നേതാക്കള്‍ ഇത് തള്ളി. ഈ വിഷയം സംസ്ഥാന സമിതിയിലോ സെക്രട്ടേറിയറ്റിലോ ചര്‍ച്ചയ്ക്ക് പോലും വച്ചില്ലെന്നാണ് ആരോപണം.

ആന്ധ്രയില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗമായ ബിവി രാഘവലു ആണ് രണ്ട് സംസ്ഥാനങ്ങളുടേയും ചുമതല വഹിക്കുന്നത്. തിരഞ്ഞെടുപ്പ് നീക്കുപോക്കുകള്‍ക്ക് നില്‍ക്കേണ്ടെന്ന തീരുമാനം ഇദ്ദേഹത്തിന്റേതായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ത്രിപുരയിലെ കഥകള്‍

ത്രിപുരയിലെ കഥകള്‍

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ച സംസ്ഥാനം ആയിരുന്നു ത്രിപുര. മാണിക് സര്‍ക്കാര്‍ എന്ന ജനപ്രിയ മുഖ്യമന്ത്രിയുണ്ടായിട്ട് പോലും സിപിഎമ്മിന് അവിടെ അടിപതറി.

കോണ്‍ഗ്രസ് വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകിയതാണ് പരാജയ കാരണം എന്നായിരുന്നു അന്ന് സിപിഎമ്മിന്റെ വിലയിരുത്തല്‍. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കിട്ടിയത് 43 ശതമാനം വോട്ടുകളായിരുന്നു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ അത് വെറും 17 ശതമാനം മാത്രമായി.

കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയതുകൊണ്ടാണ് പരാജയപ്പെട്ടത് എന്ന വാദം ഇനിയും സിപിഎമ്മിന് പറയാന്‍ കഴിയുമോ എന്നതാണ് ചോദ്യം.

കേന്ദ്ര കമ്മിറ്റി നിര്‍ണായകം

കേന്ദ്ര കമ്മിറ്റി നിര്‍ണായകം

ജൂണ്‍ 7, 8 തിയ്യതികളിലായാണ് കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി നേരിട്ട വലിയ തിരിച്ചടിയെ കുറിച്ച് തന്നെ ആണ് ചര്‍ച്ച. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യെച്ചൂരി രാജിസന്നദ്ധ അറിയിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

എന്നാല്‍, പാര്‍ട്ടി നയങ്ങളില്‍ എന്തെങ്കിലും തിരുത്തുകള്‍ ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകരിച്ച നയരേഖ തിരുത്തപ്പെടുമോ?

English summary
Will Yechury resign taking the responsibility of massive defeat in Lok Sabha Election 2019?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X