ഗോവയിലെ കോണ്‍ഗ്രസിന്‍റെ ഏക സീറ്റും പോകുമോ? ആപ്പിന്‍റെ നീക്കത്തില്‍ ആശങ്ക
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഗോവയില്‍ നിന്നും ഗുജറത്തില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എ എ പി. ഗോവയിലെ ഒരു മണ്ഡലത്തിലേയും ഗുജറാത്തിലെ രണ്ട് മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളേയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെൻസി വിഗാസ് ദക്ഷിണ ഗോവയിൽ നിന്നും ചൈതർ വാസവ ഗുജറാത്തിലെ ബറൂച്ചിൽ നിന്നും ഉമേഷ് ഭായ് മക്വാന ഭാവ്‌നഗറിൽ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് എ എ പി വ്യക്തമാക്കിയത്.
വാസവയും മക്വാനയും ദെദിയാപദ, ബോട്ടാഡ് നിയമസഭകളിൽ നിന്നുള്ള എംഎൽഎമാരാണെങ്കിൽ, വിഗാസ് ബെനൗലിം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗോവ നിയമസഭയിലെ അംഗമാണ്.

മൂന്ന് മണ്ഡലങ്ങളിലും എ എ പി വലിയ വിജയ സാധ്യതയാണ് കാണുന്നത്. എന്നാല്‍ ഗോവയിലെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറിയേക്കും. നിലവിൽ കോൺഗ്രസ് എംപി ഫ്രാൻസിസ്‌കോ സർദിന്‌ഹയുടെ കൈവശമുള്ള സീറ്റാണിത്. എ എ പി മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ അത് ഫ്രാന്‍സിസ്കോയുടെ വിജയ സാധ്യതകളെ ബാധിക്കും. മേഖലയില്‍ വലിയ ജനസ്വാധീനമുള്ള നേതാവാണ് വികാസ്.
ഗുജറാത്തിലും എ എ പി ഏകപക്ഷീയമായിണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇരു പാര്‍ട്ടികളും നേരത്തെ സീറ്റ് ചര്‍ച്ച നടത്തിയെങ്കിലും ധാരണയില്‍ എത്താന്‍ സാധിച്ചിരുന്നില്ല. ഗുജറാത്തില്‍ ആകെയുള്ള 26 സീറ്റില്‍ എട്ടെണ്ണമാണ് അവര്‍ കോണ്‍ഗ്രസിന് നല്‍കാന്‍ തയ്യാറായിട്ടുള്ളത്. അതിന് കോണ്‍ഗ്രസ് തയ്യാറുമല്ല.
ചൊവ്വാഴ്ച ആം ആദ്മി പാർട്ടി കോൺഗ്രസ് പാർട്ടിക്ക് ഡൽഹിയിൽ ഒരു ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരുന്നു . ഡൽഹിയിൽ കോൺഗ്രസും എഎപിയും 3-4 ഫോർമുലയില്‍ മത്സരിച്ചേക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്.
കോൺഗ്രസ് പാർട്ടിക്ക് ഡൽഹിയിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെങ്കിലും, സഖ്യത്തിൻ്റെ അടിസ്ഥാനത്തില്‍ , എ എ പി പാർട്ടി ഒരു സീറ്റ് കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്യാൻ തയ്യാറാണെന്ന് എ എ പി എംപി സന്ദീപ് പഥക് പറഞ്ഞു. ഡൽഹിയിലെ ശേഷിക്കുന്ന ആറ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്താനാണ് എഎപി പദ്ധതിയിടുന്നതും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
'ലോക്‌സഭയിലും വിധാൻസഭയിലും പൂജ്യം സീറ്റും എം സി ഡി തിരഞ്ഞെടുപ്പിൽ 250ൽ 9 സീറ്റും കോൺഗ്രസ് പാർട്ടിക്ക് ലഭിച്ചതായി ഡൽഹിയില. തിരഞ്ഞെടുപ്പുകളില്‍ നിങ്ങൾ കണ്ടിരിക്കും. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ നോക്കുകയൊണെങ്കില്‍ കോൺഗ്രസ് പാർട്ടിക്ക് ഡല്‍ഹിയില്‍ ഒരു സീറ്റ് പോലും ലഭിക്കില്ല. പക്ഷേ കണക്കുകള്‍ പ്രധാനമല്ല. സഖ്യത്തിൻ്റെ ധർമ്മവും കോൺഗ്രസ് പാർട്ടിയോടുള്ള ബഹുമാനവും മനസ്സിൽ വെച്ചുകൊണ്ട് ഞങ്ങൾ അവർക്ക് ഒരു സീറ്റ് വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് ഒരു സീറ്റിലും ആം ആദ്മി പാർട്ടി ആറ് സീറ്റിലും മത്സരിക്കണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു," അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications