യുപിയില്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം 25 സീറ്റുകള്‍: അഖിലേഷ് കനിയുമോ? ആർഎല്‍ഡിക്കും വേണം അഞ്ച്
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാക്കണമെന്ന ആവശ്യമാണ് കഴിഞ്ഞ ദിവസം ചേർന്ന് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടത്. ജനുവരി പകുതിയോടെ ചർച്ചകള്‍ പൂർത്തിയാക്കണമെന്നാണ് നിർദേശം. എന്നാല്‍ അത് അത്ര എളുപ്പത്തില്‍ പൂർത്തീകരിക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന് മറ്റ് ആരേക്കാളും നന്നായി കോണ്‍ഗ്രസിന് അറിയാം.
രാജ്യത്തെ ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള ഉത്തർപ്രദേശ് പോലുള്ള നിർണായക സംസ്ഥാനങ്ങളില്‍ അടക്കം സീറ്റ് വിഭജനം വലിയ തർക്കങ്ങള്‍ക്ക് ഇടയാക്കിയേക്കും. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി (എസ്‌പി), രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) എന്നിവർ ഉൾപ്പെടുന്നതാണ് പ്രതിപക്ഷ സഖ്യം. എസ്പിയാണ് ഏറ്റവും ശക്തമായ പാർട്ടി. ചൊവ്വാഴ്ച നടന്ന യോഗത്തിൽ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും ആർഎൽഡി മേധാവി ജയന്ത് ചൗധരിയും പങ്കെടുത്തിട്ടുണ്ട്.

കഴിഞ്ഞ കുറേ മാസങ്ങളായി കോൺഗ്രസും എസ്പിയും ആർഎൽഡിയും സംസ്ഥാനത്ത് അത്ര നിലയില്‍ അല്ല മുന്നോട്ട് പോകുന്നത്. അടുത്തിടെ നടന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പിയെ അവഗണിച്ചതില്‍ അഖിലേഷ് യാദവ് കടുത്ത അതൃപ്തിയിലുമായിരുന്നു. രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു സീറ്റ് മാത്രം വിട്ട് നല്‍കിയതില്‍ ആർഎൽഡിയും അസന്തുഷ്ടരായിരുന്നു. രണ്ട് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു എന്നത് വേറെ കാര്യം.
ഈ വർഷം ആദ്യം നടന്ന നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെച്ചൊല്ലി എസ്പിയും ആർഎൽഡിയും തമ്മിലും ചില തർക്കങ്ങൾ ഉണ്ടായിരുന്നു. മതിയായ സീറ്റുകൾ നൽകിയില്ലെന്നായിരുന്നു ആർ എൽ ഡി ആരോപിച്ചിരുന്നത്. എസ്പിയും ബിജെപിയും തമ്മിലുള്ള പോരാട്ടമായിരുന്ന 2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പി 111 സീറ്റുകൾ (മത്സരിച്ചത് 347ൽ), കോൺഗ്രസിന് രണ്ട് സീറ്റുകൾ (403ൽ), ആർഎൽഡി ഒമ്പത് സീറ്റുകളും നേടി. 255 സീറ്റുകൾ നേടി ബി ജെ പി അധികാരത്തില്‍ വരികയും ചെയ്തു.
അജയ് റായിയുടെ നേതൃത്വത്തിലുള്ള യുപി കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ബി ജെ പിയും എസ്പിയും തമ്മിലാണ് പ്രധാന പോരാട്ടം. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടിയത് ചൂണ്ടിക്കാട്ടി പാർട്ടി ഇത്തവണ 20-25 സീറ്റുകളിൽ കൂടുതൽ അവകാശവാദം ഉന്നയിക്കുമെന്നാണ് പല സംസ്ഥാന കോൺഗ്രസ് നേതാക്കളും പറയുന്നത്.
"ഞങ്ങൾ 2009-ൽ വിജയിച്ച സീറ്റുകളിലെങ്കിലും മത്സരിക്കാൻ ആഗ്രഹിക്കുന്നു. ആ സീറ്റുകളെങ്കിലും ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അടുത്തിടെ നടന്ന യോഗത്തിലും സംസ്ഥാനത്ത് 20 സീറ്റെങ്കിലും ലഭിക്കണമെന്ന് തീരുമാനിച്ചിരുന്നു." ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പിൽ 50-60 സീറ്റുകളിൽ മത്സരിക്കാനാണ് എസ്പി ശ്രമിക്കുന്നത്. എസ്പി ഇത്തരമൊരു നീക്കവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ പരമാവധി 10 മുതല്‍ 15 സീറ്റുകള്‍ വരെയായിരിക്കും കോണ്‍ഗ്രസിന് ലഭിക്കുക. ആർഎല്‍ഡിക്ക് അഞ്ചോളം സീറ്റുകളും ലഭിച്ചേക്കും.












Click it and Unblock the Notifications