യുപിയില്‍ വാരണാസി ഉള്‍പ്പെടെ 10, ബിഹാറില്‍ 9: സഖ്യകക്ഷികളോട് സീറ്റ് ചോദിക്കാന്‍ കോണ്‍ഗ്രസ്
ഡൽഹി: 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്വന്തം സീറ്റ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തേക്കാൾ പ്രതിപക്ഷ മുന്നണിയുടെ വിജയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കോൺഗ്രസ്. മറ്റ് പാർട്ടികളുമായുള്ള ചർച്ചകള്‍ നടക്കുമ്പോള്‍ തന്നെ പാർട്ടിക്ക് വിജയസാധ്യത കൂടുതലുള്ള സീറ്റുകൾ ഉറപ്പിക്കുന്നതിൽ തന്ത്രപരമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നേതൃത്വമെന്നും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പറയുന്നു.
സംസ്ഥാന തലത്തിൽ പാർട്ടി നേതാക്കളുമായി വിപുലമായ ചർച്ചകൾ നടന്നിട്ടുണ്ടെന്നും ദേശീയ സഖ്യ സമിതിയുമായുള്ള സമഗ്രമായ ചർച്ചയാണ് സീറ്റുകൾ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നതിലേക്ക് നയിച്ചതെന്നും നേതാക്കള്‍ പറയുന്നു. ഇന്ത്യാ ബ്ലോക്കിലെ സഖ്യകക്ഷികളുമായി സീറ്റുകളുടെ കാര്യത്തിലെ വിലപേശലാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കളുടെ പ്രധാനപ്പെട്ട ചുമതല.

വിവിധ സംസ്ഥാനങ്ങളില്‍ പാർട്ടി ലക്ഷ്യമിടുന്ന സീറ്റുകളുടെ ഏകദേശം എണ്ണം സംബന്ധിച്ച റിപ്പോർട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ഉത്തർപ്രദേശില്‍ അമേഠി, റായ്ബറേലി, ഷാജഹാൻപൂർ, മഹാരാജ്ഗഞ്ച്, ഫറൂഖാബാദ്, കുഷിനഗർ, വാരാണസി എന്നിവയുൾപ്പെടെ 10 സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ബീഹാറില്‍ സസാരം, കതിഹാർ, കിഷൻഗഞ്ച്, ഔറംഗബാദ്, മോത്തിഹാരി, ദർഭംഗ എന്നിവയുൾപ്പെടെ 9 സീറ്റുകളും കോണ്‍ഗ്രസ് ചോദിക്കുന്നു.
ഹസാരിബാഗ്, റാഞ്ചി, ധൻബാദ്, ഖുന്തി, ജംഷഡ്പൂർ, ഛത്ര, പലാമു എന്നിവയുൾപ്പെടെ 9 സീറ്റുകളാണ് ജാർഖണ്ഡില്‍ നോക്കുന്നതെങ്കില്‍ പശ്ചിമ ബംഗാളില്‍ ജംഗിപൂരും ബഹരംപൂരും ഉൾപ്പെടെ 6 സീറ്റുകളാണ് ലക്ഷ്യം. പഞ്ചാബില്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ നേടിയ എല്ലാ സീറ്റുകളും ഇത്തവണയും വേണമെന്നും പാർട്ടി സഖ്യകക്ഷികളോട് ആവശ്യപ്പെടുന്നുണ്ട്.
മഹാരാഷ്ട്രയില്‍ ഇരുപതിന് മുകളിലും ദില്ലിയില്‍ എ എ പി സഖ്യത്തില്‍ മൂന്നിലേറെ സീറ്റുകളും കോണ്‍ഗ്രസ് ചോദിക്കുന്നു. പാർട്ടി രൂപികരിച്ച നാഷണൽ അലയൻസ് കമ്മിറ്റി ആദ്യം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അംഗീകാരം ലഭിച്ചാൽ പാർട്ടി സഖ്യ പങ്കാളികളുമായി ചർച്ച നടത്തുമെന്നും വൃത്തങ്ങൾ അവകാശപ്പെട്ടു. അതിനിടെ, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച് ജനുവരി ആദ്യവാരം കോൺഗ്രസ് പാർട്ടി ഇന്ത്യാ ബ്ലോക്കിലെ സഖ്യകക്ഷികളുമായും ചർച്ച നടത്തിയേക്കും.
നേരത്തെ ഡിസംബർ 19 നായിരുന്നു കോൺഗ്രസ് 5 അംഗ നാഷണൽ അലയൻസ് കമ്മിറ്റി രൂപീകരിക്കുന്നത്. മുതിർന്ന നേതാക്കളായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, സൽമാൻ ഖുർഷിദ്, മോഹൻ പ്രകാശ് എന്നിവർ അംഗങ്ങളായുള്ള സമിതിയുടെ കൺവീനർ മുകുൾ വാസ്‌നിക്കാണ്.












Click it and Unblock the Notifications