ബിഹാർ സീറ്റ് വിഭജനത്തില്‍ ധാരണ?: കോണ്‍ഗ്രസിന് 4 സീറ്റ് മാത്രം, സിപിഐക്ക് ഒരെണ്ണം, സിപിഎമ്മിനില്ല
പാട്ന: മുംബൈയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലെ പ്രധാന അജണ്ടകളിലൊന്ന് സീറ്റ് ഷെയറിങ്ങാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഏതൊക്കെ സംസ്ഥാനങ്ങളില്‍ സഖ്യം വേണം, സീറ്റുകള്‍ എത്ര എന്ന കാര്യത്തില്‍ മുംബൈയില്‍ ചർച്ചയുണ്ടായേക്കും. അതേസമയം തന്നെ, ബിഹാർ പോലുള്ള സംസ്ഥാനങ്ങളില്‍ സഖ്യം ഔദ്യോഗികമല്ലാതെ തന്നെ സീറ്റ് ചർച്ചകളിലേക്ക് കടക്കുകയും ചെയ്തു.
ബിഹാല്‍ 2019 ല്‍ എന്‍ ഡി എയില്‍ നടപ്പിലാക്കിയ സീറ്റ് വിഹിതം ഇത്തവണ ഇന്ത്യ സഖ്യം അവതരിപ്പിച്ചേക്കുമെന്ന രീതിയിലും ചർച്ചകള്‍ നടക്കുന്നുണ്ട്. അന്ന് ജെഡിയു എൻ ഡി എയുടെ ഭാഗമായിട്ടായിരുന്നു തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. ബി ജെ പിയും ജെഡിയുവും പോലുള്ള വലിയ പാർട്ടികൾ ബിഹാറിൽ 17 സീറ്റുകൾ വീതം മത്സരിച്ചപ്പോൾ ബാക്കിയുള്ള ആറ് സീറ്റുകൾ രാംവിലാഷ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിക്കും നൽകി.

ഇത്തവണ ഇന്ത്യാ സംഖ്യത്തിലെ പ്രമുഖ പാർട്ടികളായ ആർ ജെ ഡിയും ജെ ഡി യുവും 17 വീതം സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ നാല് സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചേക്കും. ശേഷിക്കുന്ന രണ്ട് സീറ്റുകളില്‍ ഒന്ന് വീതം സീറ്റുകളില്‍ സി പി ഐയ്ക്കും സി പി ഐ-എംഎല്ലിനും ലഭിച്ചേക്കും. 2020 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആർ ജെ ഡി, കോണ്‍ഗ്രസ്, സി പി ഐ, സി പി ഐ-എംഎല്‍, സി പി എം എന്നിവർ ഒരേ സഖ്യത്തിലായിരുന്നു മത്സരിച്ചിരുന്നത്.
നിയമസഭ തിരഞ്ഞടെപ്പില്‍ ആർ ജെ ഡി 75 സീറ്റുകള്‍ നേടിയപ്പോള്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 സീറ്റുകളിലും വിജയിച്ചു. അതേസമയം, 19 സീറ്റുകളില്‍ മത്സരിച്ച സി പി ഐ-എംഎല്‍ 12 സീറ്റിലും ആറ് സീറ്റില്‍ മത്സരിച്ച സി പി ഐയും നാല് സീറ്റില്‍ മത്സരിച്ച സി പി എമ്മും രണ്ട് വീതം സീറ്റുകളിലുമായിരുന്നു വിജയിച്ചത്.
അതേസമയം, മുകേഷ് സഹാനിയും പപ്പു യാദവും സഖ്യത്തിലേക്ക് വരുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്നതില്‍ മഹാഗത്ബന്ധൻ നേതാക്കളും കാത്തിരിക്കുകയാണ്. അവർ ഇന്ത്യ സഖ്യത്തിലേക്ക് വരുകയാണെങ്കില്‍, ആർ ജെ ഡിയും ജെ ഡി യുവും അവരുടെ വിഹിതത്തിൽ നിന്ന് ഓരോ സീറ്റ് വീതം അവർക്ക് നൽകുമെന്ന് വൃത്തങ്ങൾ അറിയിക്കുന്നു.












Click it and Unblock the Notifications