നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി: മത്സരം 96 സീറ്റില്‍, അഖിലേഷും മൊഹുവയും ജനവിധി തേടുന്നു
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തില്‍ 10 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 96 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ആന്ധ്രാപ്രദേശ് നിയമസഭയിലെ 175 സീറ്റുകളിലേക്കും അയൽ സംസ്ഥാനമായ ഒഡീഷയിലെ 147ൽ 28 നിയമസഭ സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ 25, തെലങ്കാനയിലെ 17, ഉത്തർപ്രദേശിലെ 13, മഹാരാഷ്ട്രയിലെ 11, ബംഗാൾ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ എട്ട് വീതവും, ബീഹാറിലെ അഞ്ച്, ഒഡീഷ, ജാർഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ 4 ലോക്‌സഭാ സീറ്റുകളിലേക്കുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ ഈ 96 സീറ്റുകളിൽ 42 സീറ്റുകളായിരുന്നു ബിജെപി നേടിയത്.
നാലംഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ലോക്സഭയിലെ 543 സീറ്റുകളിൽ 381 എണ്ണത്തിലേയും വോട്ടെടുപ്പ് പൂർത്തിയാകും. കനൗജിലെ പാർട്ടി ശക്തി കേന്ദ്രത്തില്‍ നിന്നും സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്, ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തില്‍ നിന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, ബഹ്‌റാംപൂരിൽ കോൺഗ്രസിൻ്റെ ബംഗാൾ പി സി സി അധ്യക്ഷനും ലോക്സഭ കക്ഷി നോവുമായ അധീർ രഞ്ജൻ ചൗധരി തുടങ്ങിയവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖർ. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനാണ് അധീർ രഞ്ജന്‍ ചൗധരിയുടെ എതിരാളി.

ബിജെപിയുടെ മുൻ സംസ്ഥാന തലവൻ ദിലീപ് ഘോഷ് ബർധമാൻ-ദുർഗാപൂരിൽ നിന്ന് തൃണമൂൽ രംഗത്തിറക്കിയ മറ്റൊരു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ കീർത്തി ആസാദിനെതിരേയും മത്സരിക്കുന്നു. 1980, 2009, 2017, 2019 വർഷങ്ങളിൽ പിതാവ് ഫാറൂഖ് അബ്ദുള്ളയും 1998, 1999, 2004 വർഷങ്ങളിൽ കോൺഗ്രസും വിജയിച്ച മണ്ഡലമായ ശ്രീനഗറിൽ നിന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും ഈ ഘട്ടത്തിൽ മത്സരിക്കുന്നുണ്ട്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബ്ലോക്കിൻ്റെ സ്ഥാനാർത്ഥിയായിട്ടാണ് അദ്ദേഹം മത്സരിക്കുന്നത്.
തെലങ്കാനയിൽ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ഹൈദരാബാദില്‍ നിന്നും മത്സരിക്കുന്നു. 1984 മുതൽ ഒവൈസി കുടുംബം കയ്യടിക്കിവെക്കുന്ന സീറ്റില്‍ ബിജെപിയുടെ മാധവി ലതയുമായി ശക്തമായ മത്സരമാണ് അസദുദ്ദീൻ ഒവൈസി ഇത്തവണ നടത്തുന്നത്. ആന്ധ്രാപ്രദേശിൽ, മുഖ്യമന്ത്രി ജഗൻ റെഡ്ഡിയുടെ സഹോദരി വൈഎസ് ശർമിള കഡപ്പയിൽ നിന്നും മത്സരിക്കുന്നു. തൻ്റെ ബന്ധുവും സിറ്റിംഗ് എംപിയുമായ വൈഎസ് അവിനാഷ് റെഡ്ഡിക്കെതിരെ - ശർമിള ഒരു കുടുംബ വഴക്കിനെ അഭിമുഖീകരിക്കുന്നു..












Click it and Unblock the Notifications