വീഴില്ലെന്ന് കരുതിയ വാജ്പേയിയെ 2004 ല്‍ മുട്ടുകുത്തിച്ചു; 2024 ല്‍ മോദിയേയും വീഴ്ത്താനാവുമോ?
ഡല്‍ഹി: 2004 ലെ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുമ്പോള്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സർക്കാർ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നായിരുന്നു അധികമാളുകളും കരുതിയിരുന്നത്. വാജ്പേയി സർക്കാറിന്റെ ജനകീയത, പ്രതിപക്ഷത്തെ ഐക്യമില്ലായ്മ, കോണ്‍ഗ്രസ് നേതൃത്വത്തിലെ ദുർബലത എന്നീ കാരണങ്ങളെല്ലാം തന്നെ ബിജെപി വീണ്ടും വിജയത്തിലേക്കെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇടതുപക്ഷത്തിന്റെ അടക്കം പിന്തുണയോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുന്നതാണ് 2004 ല്‍ കണ്ടത്.
2004 ലേത് പോലെ ഒരു ജനവിധി രണ്ട് പതിറ്റാണ്ടിന് ഇപ്പുറം 2024 ല്‍ ഉണ്ടാവുമോയെന്നാണ് പ്രതിപക്ഷ നിര ഉറ്റുനോക്കുന്നത്. ബിജെപി അന്നത്തേക്കാള്‍ ശക്തമാണെങ്കിലും പ്രതിപക്ഷ നിരയും ഒട്ടും മോശമല്ല. വാജ്പേയിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന വിശ്വാസത്തെ തിരഞ്ഞെടുപ്പിലൂടെ തകർത്തത് പോലെ ഒരു വിജയം അടുത്ത പൊതു തിരഞ്ഞെടുപ്പിലും പ്രതിപക്ഷം പ്രതീക്ഷിക്കുന്നു.

2024 ൽ 2002 ആവർത്തിക്കുമെന്നും ഇല്ലെന്നും പറയുന്നു രാഷ്ട്രീയ നിരീക്ഷകരുമുണ്ട്. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്തുക അത്ര എളുപ്പമായിരിക്കില്ലെന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ സഞ്ജയ് കുമാർ മണികണ്‍ട്രോളില്‍ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നത്. 2004-ൽ ഉണ്ടായിരുന്നതുമായി ഏറെക്കുറെ സാമ്യമുള്ളതാണാണ് ഇപ്പോഴത്തെ സർക്കാറെന്നും ജനപ്രിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സർക്കാർ വളരെ ജനപ്രീതിയുള്ളതായി തോന്നുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
'ഇപ്പോഴത്തെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ പരാജയപ്പെടുത്തുക എന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാണ്. അതുപോലെ, 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമെന്ന് ആരും കരുതിയിരിക്കില്ല. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, അഭിപ്രായ സർവേകളോ എക്‌സിറ്റ് പോളുകളോ ഒന്നും തന്നെ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമെന്ന സൂചന നൽകിയില്ല. എന്നാൽ ഫലം പുറത്ത് വന്നപ്പോള്‍ ബിജെപി തോല്‍ക്കുകയും കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ രൂപീകരിക്കുകയും ചെയ്തു'-സഞ്ജയ് കുമാർ പറയുന്നു.
എന്നാല്‍ 2024-ലെ സാഹചര്യം 2004-ൽ നിന്ന് വളരെ വ്യത്യസ്തമാണ്. അതിന് തനിക്ക് എന്റേതായ തെളിവുകളുണ്ട്. 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് പ്രതിപക്ഷത്തായിരുന്നു, 2024-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും അങ്ങനെതന്നെ. എന്നാൽ 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന്റെ രാഷ്ട്രീയ സ്വാധീനം ഇപ്പോഴത്തെ രാഷ്ട്രീയ സ്വാധീനവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വലുതാണ്.
അന്ന് കോൺഗ്രസ് കേന്ദ്രത്തിൽ പ്രതിപക്ഷത്തായിരുന്നെങ്കിലും 11 സംസ്ഥാനങ്ങളിൽ അവർക്ക് (സ്വന്തമായോ സഖ്യത്തിലോ) സർക്കാരുകളുണ്ടായിരുന്നു. ആറ് സംസ്ഥാനങ്ങളിൽ (ഒറ്റയ്ക്കോ സഖ്യത്തിലോ) മാത്രമാണ് ബിജെപി ഭരിച്ചിരുന്നത്. 2023 ലെ സ്ഥിതി വളരെ വ്യത്യസ്തമാണ്, ഏഴ് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് അധികാരത്തിലുള്ളത് (ഒറ്റയ്ക്ക് അല്ലെങ്കിൽ സഖ്യത്തില്‍ പങ്കാളികളായിട്ട്).
മറുവശത്ത്, 11 സംസ്ഥാനങ്ങളിൽ ബിജെപി ഒറ്റയ്ക്കോ സഖ്യത്തിലോ ഭരിക്കുന്ന പാർട്ടിയാണ്. ഇക്കാര്യത്തിൽ 2024 ലെ സാഹചര്യം 2004ല്‍ നിന്നും തീർത്തും വ്യത്യസ്തമാണ്. 2004 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ അധികാരത്തിലായിരുന്നെങ്കിലും സംസ്ഥാനങ്ങളില്‍ കൂടുതല്‍ അടിത്തറ കോണ്‍ഗ്രസിനായിരുന്നു. ബിജെപിക്ക് ലോക്‌സഭയിൽ 182 സീറ്റുകളും കോൺഗ്രസിന് ലോക്‌സഭയിൽ 114 എംപിമാരുമുണ്ടായിരുന്നെങ്കിലും കോൺഗ്രസിന്റെ വോട്ട് വിഹിതം 28 ശതമാനവും ബിജെപിയുടെ വോട്ട് വിഹിതം 24 ശതമാനവുമായിരുന്നുവെന്നും സഞ്ജയ് കുമാർ ചൂണ്ടിക്കാണിക്കുന്നു.
2024ൽ ഇതല്ല സ്ഥിതി. 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ (37.3 ശതമാനം) അപേക്ഷിച്ച് വളരെ കുറവ് വോട്ട് വിഹിതമാണ് (19.6 ശതമാനം) അവർക്ക് ലഭിച്ചത്. പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഒരു ജനകീയ നേതാവായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ ലോക്‌നീതി-സിഎസ്‌ഡിഎസ് സർവേയിൽ നിന്നുള്ള തെളിവുകൾ സൂചിപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇപ്പോഴത്തെ ജനപ്രീതി വാജ്‌പേയിയുടെ കാലത്തെ ജനപ്രീതിയെ മറികടക്കുന്നു എന്നാണ്.
2004-ലെ സർവേയിൽ, 38 ശതമാനം ഇന്ത്യക്കാർ വാജ്‌പേയിയെ അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. എന്നാൽ 2023-ലെ സർവേയിൽ (മെയ്) 44 ശതമാനം ഇന്ത്യക്കാരും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാൻ ഇഷ്ടപ്പെടുന്നു. നരേന്ദ്രമോദിയുടെ ജനപ്രീതി കഴിഞ്ഞ ദശകത്തിൽ ബിജെപിക്ക് രാജ്യത്തുടനീളം വലിയ ശക്തിയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുക അത്ര എളുപ്പമായിരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications