ഡിസംബറിലോ ജനുവരിയിലോ ലോക്സഭ തിരഞ്ഞെടുപ്പ് നടത്തിയേക്കും: മമത ബാനർജി
കൊൽക്കത്ത: ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ 2023 ഡിസംബറിലോ 2024 ജനുവരിയിലോ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടി എം സി അധ്യക്ഷയുമായ മമത ബാനർജി. ബി ജെ പിയെ കേന്ദ്രത്തിലെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്ന തന്റെ ലക്ഷ്യം വിജയം കാണുമെന്നും പശ്ചിമം ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
"ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഈ രാജ്യം വെറുപ്പിന്റെ രാജ്യമാകും. ബി ജെ പി ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ യുപിയിലെ ഒരു വിദ്യാർത്ഥിക്ക് എന്താണ് സംഭവിച്ചതെന്ന് കാണുക. ബംഗാളിൽ ഇടതുമുന്നണിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം, ഞാൻ അത് ചെയ്തു. ബി ജെ പിയെ കേന്ദ്രത്തിൽ നിന്ന് പുറത്താക്കുകയാണ് ഇപ്പോൾ എന്റെ ലക്ഷ്യം. ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം അവഗണിച്ച് ഒരു ക്യാബിനറ്റ് മന്ത്രിയെ കമ്മിറ്റിയില്‍ നിർത്തുകയാണ് ബിജെപി" മമത പറഞ്ഞു.

"ബി ജെ പി നേതാക്കള്‍ നിരവധി തെറ്റുകൾ ചെയ്തിട്ടുണ്ട്, എന്നാൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമൊന്നും അവിടെ കാണാൻ കഴിയില്ല. ഇത്തരമൊരു പ്രതികാര സർക്കാരിനെ ഞാൻ മുമ്പ് കണ്ടിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് അഭിഷേക് ബാനർജി അറസ്റ്റിലാകുമെന്ന് ഞാൻ കേൾക്കുന്നു. എന്നാൽ അവൻ എന്താണ് ചെയ്തത്?അന്വേഷണത്തിന്റെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലീപ്സ് ആൻഡ് ബൗണ്ട്സ് കമ്പനിയുടെ കമ്പ്യൂട്ടറിൽ നിരവധി ഫയലുകൾ കൃത്രിമമായി സൃഷ്ടിച്ചതായി എല്ലാവർക്കും അറിയാം." മമത കൂട്ടിച്ചേർക്കുന്നു.
ബിജെപിയും കോൺഗ്രസും സിപിഎമ്മും പ്രകോപനപരമായി എന്തെങ്കിലും ചെയ്താൽ നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചാന്ദ്രയാൻ 3 ലാൻഡിംഗ് കൃത്യമായി കാണിച്ചില്ല, അതിനുമുമ്പ് ആരോ പ്രസംഗം തുടങ്ങിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേരെടുത്തു പറയാതെ മമത പറഞ്ഞു.
'ബംഗാളിൽ നിന്നും ഐ എസ് ആർ ഒയിൽ 28 ശാസ്ത്രജ്ഞർ ഉണ്ട്, ലാൻഡിംഗ് കാണാൻ ഞാൻ ആകാംക്ഷയിലായിരുന്നു, പക്ഷേ ഇറങ്ങുന്നതിന് മുമ്പ് ഒരാൾ പ്രസംഗിക്കാൻ തുടങ്ങി. ബിജെപി 'ഗോലി മാരോ' മുദ്രാവാക്യം വിളിക്കുന്നു, അത്തരം മുദ്രാവാക്യങ്ങൾ നൽകുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യാൻ ഞാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. "മമത കൂട്ടിച്ചേർത്തു. അതേസമയം ബംഗാളില്‍ ഇന്ത്യ സംഖ്യം ഫലപ്രദമായിരിക്കുമോയെന്ന കാര്യത്തില്‍ മമത യാതൊരു പ്രതികരണവും നടത്തിയില്ല.












Click it and Unblock the Notifications