'നടക്കാനിരിക്കുന്നത് ട്വിസ്റ്റ്,എൻഡിഎയും 'ഇന്ത്യ'യും പ്രാദേശിക കക്ഷികളെ പിന്തുണക്കേണ്ടി വരും'; കെസിആർ
ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇക്കുറി പ്രാദേശിക പാർട്ടികൾ വലിയ ശക്തിയായി മാറുമെന്ന് തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കെ ചന്ദ്രശേഖർ റാവു. പ്രാദേശിക ശക്തികൾ കരുത്തരാണ്, അവർ വൻ വിജയം നേടും. എൻ ഡി എയും 'ഇന്ത്യ' സഖ്യവും പ്രാദേശിക കക്ഷികളെ പിന്തുണയ്ക്കേണ്ടി വരും', കെസിആർ പറഞ്ഞു. ദേശീയ മാധ്യമമായ എൻഡിടിവിയോടായിരുന്നു പ്രതികരണം.
'ഇത്തവണ വമ്പൻ സർപ്രൈസാണ് നടക്കാനിരിക്കുന്നത്. രാജ്യത്ത് ഒരു പുതിയ കാര്യം സംഭവിക്കും. എല്ലാ പ്രാദേശിക കക്ഷികളും കരുത്തരാണ്. അവർ വലിയ ശക്തിയായി മാറും. അതുകൊണ്ട് തന്നെ പ്രാദേശിക പാർട്ടികൾ ഇന്ത്യ സഖ്യത്തേയോ എൻ ഡി എയേയോ പിന്തുണയ്ക്കുന്നുവെന്ന ചോദ്യം ഉദിക്കുന്നില്ല, മറിച്ച് ഇരുകൂട്ടരും പ്രാദേശി ശക്തികളെ പിന്തുണയ്ക്കേണ്ടി വരും. അത്തരത്തിൽ ഒരു റിവേഴ്സ് ട്വിസ്റ്റ് ആയിരിക്കും സംഭവിക്കുക', കെ സി ആർ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കൂറ്റൻ വിജയം ബി ആർ എസ് സ്വന്തമാക്കുമെന്നും കെ എസി ആർ അവകാശപ്പെട്ടു. 'കോൺഗ്രസ് സംസ്ഥാനത്ത് വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്ന പ്രഖ്യാപനം മാത്രമാണ് അവർ ആകെ നടപ്പാക്കിയിട്ടുള്ളത്. അത് തന്നെ വലിയൊരു തമാശയായി മാറിയിരിക്കുകയാണ്. സ്ത്രീകൾ ബസിൽ തമ്മിൽ തല്ലുകയാണ്. ഓട്ടോ ഡ്രൈവർമാർ റോഡിലും. ഇതൊക്കെ കൊണ്ടാണ് സാധാരണക്കാർ സർക്കാരിനെതിരെ നിൽക്കുന്നത്. എൻ്റെ ഭരണകാലത്ത് ഏറെ ആത്മവിശ്വാസം ലഭിച്ച കർഷക സമൂഹവും കടുത്ത അമർഷത്തിലാണ്. അതിൻ്റെ പ്രതിഫലനം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദൃശ്യമാകുമെന്നാണ് ഞാൻ കരുതുന്നത്. ഇക്കുറി 12 സീറ്റ് വരെ ബി ആർ എസിന് നേടാൻ സാധിക്കും', കെസിആർ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തന്റ പാർട്ടി പരാജയപ്പെടാൻ കാരണം കോൺഗ്രസിന്റെ വമ്പൻ വാഗ്ദാനങ്ങൾ ആയിരുന്നുവെന്ന് കെ സി ആർ പറഞ്ഞു. ബി ആർ എസും കോൺഗ്രസും തമ്മിൽ വോട്ട് വിഹിതത്തിലുള്ള വ്യത്യാസം വെറും 1.8 ശതമാനം മാത്രമായിരുന്നു. നിയമസഭയിലെ മൂന്നിലൊന്ന് സീറ്റുകൾ ഞങ്ങൾക്ക് നേടാൻ സാധിച്ചു, അതൊട്ടും ചെറിയ കാര്യമല്ല. കോൺഗ്രസിന് കെ സി ആർ നൽകിയതിനെക്കാൾ നൽകാൻ സാധിക്കുമെന്ന് അവർ കരുതി. അങ്ങനെ ഞങ്ങളെ പരാജയപ്പെടുത്തി. എന്നാൽ ഇപ്പോൾ തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് പലരും തിരിച്ചറിഞ്ഞു, വഞ്ചിക്കുകയായിരുന്നുവെന്ന് മനസിലാക്കി കഴിഞ്ഞു', കെ സി ആർ പറഞ്ഞു.
പൊള്ളയായ പ്രചാരണമാണ് ബി ജെ പി സംസ്ഥനാത്ത് നടത്തുന്നതെന്നും ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവർക്ക് കൂടിപ്പോയാൽ ഒരു സീറ്റ് ലഭിച്ചേക്കും, അല്ലെങ്കിൽ സംസ്ഥാനത്തെ അക്കൗണ്ട് തന്നെ പൂട്ടുമെന്നും കെ സിആർ പറഞ്ഞു. മോദിയുടെ കരിസ്മ നഷ്ടമായി, രാജ്യത്തെ ജനങ്ങളെല്ലാവരും നിരാശയിലും ദേഷ്യത്തിലുമാണ്', കെ സി ആർ പറഞ്ഞു.












Click it and Unblock the Notifications