ജെഡിയുവിന് പിന്നാലെ പഴയ കൂട്ടാളി ശിരോമണി അകാലിദളും ബിജെപി പാളയത്തിലേക്ക്: പ്രഖ്യാപനം ഉടന്‍
കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പതിറ്റാണ്ടുകളായിട്ടുള്ള പഞ്ചാബിലെ ശിരോമണി അകാലിദള്‍ (എസ്എഡി) - ബി ജെ പി സഖ്യം പൊളിഞ്ഞത്. പിന്നാലെ നടന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരുവരും തനിച്ച് മത്സരിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപാർട്ടികളും വീണ്ടും സഖ്യ സാധ്യതകള്‍ ചർച്ച ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
സഖ്യ ചർച്ചകള്‍ പുരോഗമിക്കുകയാണെന്നും എല്ലാം ശരിയായാൽ അടുത്തയാഴ്ച സഖ്യ പ്രഖ്യാപനം ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സഖ്യ പ്രഖ്യാപനത്തിന് മുന്നോടിയായി എസ്എഡി അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ ഡല്‍ഹിയിലെത്തി ബി ജെ പി ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയേക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി തുടർച്ചയായ മൂന്നാം വിജയം പ്രതീക്ഷിക്കുന്ന എന്‍ ഡി എ മുൻ സഖ്യകക്ഷികളെക്കൂടി സഖ്യത്തിന്റെ ഭാഗമാക്കി കൊണ്ടിരിക്കുകയാണ്. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായ പരാജയം നേരിടേണ്ടി വന്ന അകാലി ദളിനും ലോക്സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം അനിവാര്യമാണ്.
മുൻ എസ്എഡി-ബിജെപി സർക്കാരിലെ ധനമന്ത്രി പർമീന്ദർ സിംഗ് ദിൻഡ്‌സ, രണ്ട് മുൻ സഖ്യകക്ഷികളും ചർച്ചകള്‍ നടത്തി വരുന്നതായി സ്ഥിരീകരിച്ചു. തൻ്റെ പിതാവ് സുഖ്‌ദേവ് സിംഗ് ദിൻഡ്‌സ പഞ്ചാബിനും പഞ്ചാബികൾക്കും വേണ്ടി സഖ്യത്തിന് താൽപ്പര്യമുണ്ടെന്ന് ദിൻഡ്‌സ പറഞ്ഞു.
"എല്ലാം സജ്ജീകരിച്ചിരിക്കുന്നു, സീറ്റ് വിഭജനം ഇനിയും പൂർത്തിയായിട്ടില്ലാത്തതിനാൽ പ്രഖ്യാപനം മാത്രമേ ശേഷിക്കുന്നുള്ളൂ" പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന എസ്എഡി നേതാവ് പറഞ്ഞു. പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളിൽ ആറ് മുതൽ ഏഴ് വരെ സീറ്റുകളിൽ മത്സരിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നാണ് വിവരം. മറുവശത്ത് എസ്എഡി, കൂടുതൽ സീറ്റ് വിഹിതം തേടുകയാണ്.
പാർലമെൻ്റ് സമ്മേളനത്തിന് ശേഷം സഖ്യപ്രഖ്യാപനം ഉണ്ടാകുമെന്ന് മുതിർന്ന എസ്എഡി നേതാവ് നരേഷ് ഗുജറാളും വ്യക്തമാക്കുന്നു. 2020 ല്‍ സഖ്യം അവസാനിക്കുന്നതിന് മുമ്പ് 1996 മുതൽ എസ്എഡി എൻഡിഎയുടെ ഭാഗമായിരുന്നു. തിടുക്കത്തിൽ എടുത്ത നടപടിയെന്നായിരുന്നു സഖ്യം വിട്ടുപോയതിനെക്കുറിച്ച് ബിജെപി അന്ന് വിശേഷിപ്പിച്ചത്.
നിലവിൽ, മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടിയുമായി (ബിഎസ്പി) സഖ്യത്തിലാണ് എസ്എഡി. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി എസ് പിയുമായി സഖ്യത്തിൽ മത്സരിച്ചിരുന്നു. അന്ന് 117 അംഗ സംസ്ഥാന അസംബ്ലിയിൽ മൂന്ന് സീറ്റുകൾ മാത്രമാണ് എസ്എഡിക്ക് നേടാന്‍ സാധിച്ചത്.












Click it and Unblock the Notifications