ടിഡിപിയും ജനസേനയും എന്‍ഡിഎ സഖ്യത്തില്‍: ലോക്സഭയും സംസ്ഥാനവും തൂത്തുവാരുമെന്ന് നായിഡു
ആന്ധ്രാപ്രദേശിൽ തെലുങ്കുദേശം പാർട്ടിയുമായും ജനസേനാ പാർട്ടിയുമായും സഖ്യം രൂപീകരിച്ച് ബി ജെ പി. ഒരു ഇടവേളക്ക് ശേഷമാണ് ചന്ദ്രബാബു നായിഡു നയിക്കുന്ന ടി ഡി പി ബി ജെ പി പാളയത്തിലേക്ക് എത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി എൻ ഡി എ സഖ്യം വിപൂലീകരിക്കുന്നതിനായുള്ള തീവ്രശ്രമത്തിലാണ് ബി ജെ പി. ഇതിന്റെ ഭാഗമായിക്കൂടിയാണ് പഴയ സഖ്യകക്ഷികളെ അടക്കം മുന്നണിയിലേക്ക് എത്തിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍ ഡി എ സഖ്യം വലിയ വിജയം നേടുമെന്ന് സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ടി ഡി പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു വെള്ളിയാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കി. സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള മൂന്ന് പാർട്ടികളുടെയും സംയുക്ത പ്രസ്താവന ഉടൻ പുറത്തിറങ്ങും. മാർച്ച് 17 ന് ഗുണ്ടൂരിൽ ടി ഡി പി - ബി ജെ പി സംയുക്ത റാലി നടക്കുമെന്നും പ്രതീക്ഷിക്കുന്നു.

ചന്ദ്ര ബാബു നായിഡു ശനിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയുമായും രണ്ടാം വട്ട ചർച്ചകൾ നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് സഖ്യ പ്രഖ്യാപനമുണ്ടായത്. ജനസേന പാർട്ടിയെ പ്രതിനിധീകരിച്ച പാർട്ടി അധ്യക്ഷനും നടനുമായ പവന്‍ കല്യാണും ചർച്ചകളില്‍ പങ്കെടുത്തു. സീറ്റുകളെ എണ്ണം സംബന്ധിച്ചും ധാരണയായെന്നാണ് സൂചന.
ആന്ധ്രാപ്രദേശിൽ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടക്കുന്നത്. ഭരണകക്ഷിയായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആർ കോണ്‍ഗ്രസ് ഇത്തവണയും സംസ്ഥാനത്ത് നേണ്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ബി ജെ പിയും ജനസേനയും ടി ഡി പിയും തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും അതിനുള്ള നടപടിക്രമങ്ങൾ രൂപപ്പെടുത്തിയുകൊണ്ടിരിക്കുകയാണെന്നും മുതിർന്ന ടി ഡി പി നേതാവും രാജ്യസഭാ എംപിയുമായ കെ രവീന്ദ്ര കുമാറും വ്യക്തമാക്കി.
ആന്ധ്രാപ്രദേശിന് പ്രത്യേക കാറ്റഗറി പദവി നൽകുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന കാരണം ഉയർത്തിയായിരുന്നു 2018 ല്‍ ടി ഡി പി ബി ജെ പി ബന്ധം അവസാനിപ്പിച്ചത്. 2019 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമായിരുന്നു അത് എങ്കിൽ, തിരഞ്ഞെടുപ്പില്‍ ടി ഡി പിക്ക് ദയനീയമായി തിരിച്ചടി നേരിടേണ്ടി വന്നു. അന്നുമുതൽ എൻഡിഎ പാളയത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ചന്ദ്രബാബു നായിഡു.












Click it and Unblock the Notifications