സോണിയ റായ്ബറേലി വിടുന്നോ: ലോക്സഭ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ നിന്ന് മത്സരിക്കണമെന്ന് പ്രമേയം
ഹൈദരാബാദ്: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ എ ഐസിസി മുൻ അധ്യക്ഷ സോണിയ ഗാന്ധി സംസ്ഥാനത്ത് നിന്ന് മത്സരിക്കണമെന്ന് ആവശ്യവുമായി തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍. സോണിയ തെലങ്കാനയില്‍ നിന്നും മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം തിങ്കളാഴ്ച പ്രമേയം പാസാക്കുകയം ചെയ്തു.
തെലങ്കാന കോൺഗ്രസ് ആസ്ഥാനമായ ഗാന്ധിഭവനിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി അടക്കമുള്ളവരും പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തിയ മുതിർന്ന നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയവും രാഷ്ട്രീയകാര്യ സമിതി യോഗം പാസാക്കിയതായി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുൻ മന്ത്രി ഷബീർ അലി പറഞ്ഞു.

തെലങ്കാനയിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് സോണിയാ ഗാന്ധിയോട് രാഷ്ട്രീയ കാര്യസമിതി ഐകകണ്ഠ്യേന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അവർക്കും എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ഞങ്ങൾ കത്തെഴുതാൻ പോകുകയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരത്തെ മേഡക്കിൽ നിന്നും മത്സരിച്ചിരുന്നു. സോണി ഗാന്ധി അത് ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്," ഷബീർ അലി പറഞ്ഞു.
അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാന മന്ത്രിമാരെയും ഒരു ലോക്‌സഭാ മണ്ഡലത്തിന്റെ ചുമതലക്കാരായി നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം ലോക്സഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കാന്‍ സാധിക്കും. പാർട്ടി അധികാരത്തിൽ വന്നതിന് ശേഷം ആറ് വാഗ്ധാനങ്ങളില്‍ രണ്ടെണ്ണം ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ളവ എപ്പോൾ നടപ്പാക്കുമെന്ന് രേവന്ത് റെഡ്ഡി ഉടൻ പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പരമ്പരാഗത സീറ്റുകളില്‍ ഗാന്ധി കുടുംബം മത്സരിക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ യഥാക്രമം അമേഠി, റായ്ബറേലി, പ്രയാഗ്‌രാജ് മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുമെന്നാണ് യു പി സി സി പ്രസിഡന്റ് അജയ് റായ് വ്യക്തമാക്കിയത്.
നാല് പതിറ്റാണ്ടിലേറെയായി അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങളുമായി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ശക്തമായ ആത്മബന്ധമാണുള്ളത്. ജനങ്ങളുമായുള്ള അവരുടെ ബന്ധം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തിപ്പെടുത്തുമെന്നും അജയ് റായ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications