ലോക്സഭ തിരഞ്ഞെടുപ്പ്; രാജ്യസഭ എംപിമാരേയും കളത്തിലിറക്കാൻ ബിജെപി,160 മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ
ഡൽഹി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യസഭ എംപിമാരേയും മത്സരിപ്പിക്കാൻ ബി ജെ പി. രാജ്യസഭയിൽ മികച്ച പ്രകടനം കാഴ്ചവെച്ച , വലിയ ജനസ്വീകാര്യതയുള്ള, ഒന്നിൽ കൂടുതൽ തവണ എംപിമാർ ആയവരെയാണ് നേതൃത്വം പരിഗണിക്കുന്നത്. നിലവിൽ 14 രാജ്യസഭ അംഗങ്ങളാണ് രണ്ട് ടേം പൂർത്തിയാക്കിയവർ.
കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മന്‍സുഖ് മാണ്ഡവ്യ, ഹര്‍ദീപ് സിങ് പുരി, ഭുപേന്ദ്ര യാദവ് , രാജീവ് ചന്ദ്രശേഖർ, തുടങ്ങിയവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടും. പ്രകാശ് ജാവേദ്കർ, ഭുഭനേശ്വർ കലിത, എസ്എസ് സാഗർ, സിഎം രമേശ്, നീരജ് ശേഖർ, അരുൺ സിംഗ് എന്നിവരാണ് ഒരു ടേം പൂർത്തിയക്കാവർ. പാർട്ടി ദേശീയ അധ്യക്ഷൻ കൂടിയായ ജെ പി നദ്ദയുടെ കാലാവധി അടുത്ത വർഷം അവസാനിക്കും.

നദ്ദ ഹിമാചൽ പ്രദേശിൽ നിന്നും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും ബി ജെ പി നേതാക്കൾ അത് തള്ളി. പാർട്ടി അധ്യക്ഷൻമാർ ലോക്സഭയിലേക്ക് മത്സരിക്കില്ലെന്നം പാർട്ടിയെ തിരഞ്ഞെടുപ്പിന് ഒരുക്കുകയെന്നതാണ് അവരുടെ ഉത്തരവാദിത്തമെന്നും നേതാക്കൾ പറഞ്ഞു. അതിനിടെ നിർമ്മല സീതാരമനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ മധുര അർബൻ മണ്ഡലം പ്രമേയം പാസാക്കിയിട്ടുണ്ട്. മധുര സ്വദേശി കൂടിയാണ് നിർമ്മല. അതേസമയം മുതിർന്ന നേതാക്കളെ പരിഗണിക്കുമ്പോഴും വിജയ സാധ്യത എത്രത്തോളമുണ്ടെന്ന കാര്യത്തിൽ കൃത്യമായ അവലോകനം നടത്തണമെന്ന നിർദ്ദേശമാണ് കേന്ദ്ര നേതൃത്വം നൽകുന്നത്.
2019 ൽ നേരിയ വോട്ടുകൾക്ക് നഷ്ടമായ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധനൽകാനും ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നേതാക്കൾക്ക് നിർദ്ദേശം നൽകി. ഇത്തരത്തിലുള്ള 160 ഓളം മണ്ഡലങ്ങളാണ് ഉള്ളത്. അതേസമയം ഇത്തവണ കൂടുതൽ സിറ്റിംഗ് എംപിമാരേയും ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. 75 വയസ് കഴിഞ്ഞ നേതാക്കളേയും തങ്ങളുടെ മണ്ഡലത്തിൽ സജീവമല്ലാതിരുന്നവരേയുമാകും ഒഴിവാക്കുക. വിവാദങ്ങളിൽ ഉൾപ്പെട്ട നേതാക്കൾക്കും അവസരം നഷ്ടമായേക്കും. 2019 ൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടവർക്കും ഇക്കുറി അവസരം ഉണ്ടാകില്ലെന്ന് സൂചനയുണ്ട്. 2019 ൽ 303 സീറ്റുകളിലായിരുന്നു ബി ജെ പി വിജയിച്ചത്. ഇത്തവണ 350 ന് മുകളിൽ സീറ്റുകളാണ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്.












Click it and Unblock the Notifications