അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി: പോര് 49 സീറ്റില്‍, എല്ലാ കണ്ണുകളും റായ്ബറേലിയിലും അമേഠിയിലും
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 8 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉള്ള 49 പാർലമെൻ്റ് മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. ഒഡീഷ നിയമസഭയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കുന്നുണ്ട്. ബീഹാർ, ജമ്മു കശ്മീർ, ലഡാക്ക്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് അഞ്ചാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 8 സംസ്ഥാനങ്ങൾ. 49 സീറ്റുകളിലായി 144 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
കേന്ദ്ര മന്ത്രിമാരായ രാജ്നാഥ്, സ്മൃതി ഇറാനി, പീയൂഷ് ഗോയൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ ഇന്ന് ജനവധി തേടുന്നു. യു പിയിലെ റായിബറേലി, അമേഠി എന്നിവയാണ് അഞ്ചാം ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങള്‍. റായബറേലിയില്‍ കോണ്‍ഗ്രസിന് വേണ്ടി രാഹുല്‍ ഗാന്ധിയും അമേഠിയില്‍ ബി ജെ പിക്ക് വേണ്ടി സ്മൃതി ഇറാനിയും മത്സരിക്കുന്നു.

94,732 പോളിങ് സ്റ്റേഷനുകളിലായി 8.95 കോടി വോട്ടർമാരാണ് അഞ്ചാം ഘട്ടത്തില്‍ പോളിങ് രേഖപ്പെടുത്താനായിട്ടുള്ളത്. 8.95 കോടി വോട്ടർമാരിൽ 4.69 കോടി പുരുഷൻമാരും 4.26 കോടി സ്ത്രീകളും 5409 ട്രാൻസ് ജൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 85 വയസ്സിന് മുകളിൽ പ്രായമുള്ള 7.81 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 100 വയസ്സിന് മുകളിലുള്ള 24,792 വോട്ടർമാരും 7.03 ലക്ഷം പി ഡബ്ല്യു ഡി വോട്ടർമാരുമാണ്. ഇവർക്ക് വീട്ടിലിരുന്ന് വോട്ടുചെയ്യാനുള്ള അവസരം നൽകിയിരുന്നു.
9.47 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെയാണ് വോട്ടെടുപ്പിനായി നിയോഗിച്ചിരിക്കുന്നത്. 17 പ്രത്യേക ട്രെയിനുകളും 508 ഹെലികോപ്ടറുകളും പോളിംഗ്, സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി സജ്ജീകരിച്ചിരുന്നു. 153 നിരീക്ഷകർ (55 പൊതു നിരീക്ഷകർ, 30 പോലീസ് നിരീക്ഷകർ, 68 ചെലവ് നിരീക്ഷകർ) തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് മണ്ഡലങ്ങളിൽ എത്തി ചുമതലയേറ്റു. കൂടാതെ, ചില സംസ്ഥാനങ്ങളിൽ പ്രത്യേക നിരീക്ഷകരേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചിട്ടുണ്ട്.
2000 ഫ്‌ളയിംഗ് സ്‌ക്വാഡുകളും 2105 സ്റ്റാറ്റിക് സർവെയ്‌ലൻസ് ടീമുകളും 881 വീഡിയോ നിരീക്ഷണ ടീമുകളും 502 വീഡിയോ വ്യൂവിംഗ് ടീമുകളും വോട്ടർമാരെ സ്വാധീനിക്കുന്ന ഏത് തരത്തിലുള്ള നടപടിയും കർശനമായും വേഗത്തിലും കൈകാര്യം ചെയ്യുന്നതിനായി മുഴുവൻ സമയവും നിരീക്ഷണത്തിലുണ്ട്.












Click it and Unblock the Notifications