തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമന സമിതിയിൽ ചീഫ് ജസ്റ്റിസിന് പകരം കേന്ദ്രമന്ത്രി; ബിൽ പാസാക്കി ലോക്സഭയും
ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമന രീതി മാറ്റുന്ന ബില്ല് പാസാക്കി ലോക്സഭ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എന്നിവരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. പാർലമെന്റിൽ നിന്നും 140 ഓളം പ്രതിപക്ഷ നേതാക്കൾ സസ്പെൻഷൻ നേരിട്ട് പുറത്ത് നിൽക്കുമ്പോഴാണ് ഇന്ന് ലോക്സഭയിൽ കേന്ദ്രം ബിൽ പാസാക്കിയത്. നേരത്തേ ഈ ബിൽ രാജ്യസഭ പാസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ ബിൽ നിയമമാകും.
പ്രധാനമന്ത്രി, കേന്ദ്രമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരായിരിക്കും പുതിയ സമിതിയിൽ ഉണ്ടാകുക. നേരത്തെയുണ്ടായിരുന്ന നിയമം പാതിവെന്ത രൂപത്തിലുള്ളതായിരുന്നെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ സഭയിൽ പറഞ്ഞു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുടെ ഉപദേശപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കണമെന്നായിരുന്നു നേരത്തേ സുപ്രീം കോടതി വ്യക്തമാക്കിയത്. ഇത് മറികടന്നുകൊണ്ടാണ് പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. അതേസസമയം പ്രതിപക്ഷ നിരയിൽ നിന്നും കൂടുതൽ എംപിമാർ ബില്ലിനെതിരെ രംഗത്തെത്തി.

അതേസമയം ബില്ലിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയത്. തിരഞ്ഞെടുപ്പ് പാനലിന്റെ നിഷ്പക്ഷതയേയും സ്വാതന്ത്ര്യത്തേയും ഹനിക്കുന്നതാണ് ബിൽ എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിൽ സർക്കാരിന് കൂടുതൽ അധികാരം നൽകുന്നതാണ് ബിൽ. കമ്മീഷന്റെ സ്വയംഭരണ അവകാശത്തിൽ വിട്ടുവീഴ്ചചെയ്യാൻ നിയമം വഴിയൊരുക്കുമെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ജനാധിപത്യത്തിന്റെ സ്വയംഭരണവും നിർഭയതയും നീതിയും സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർത്തെന്ന് രാജ്യസഭയിൽ ചർച്ചയ്ക്കിടെ കോൺഗ്രസ് എംപി രൺദീപ് സുർജേവാല പറഞ്ഞു.












Click it and Unblock the Notifications