സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം; ബില്‍ ലോക്‌സഭ പാസാക്കി
ദില്ലി: അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് നേരത്തെ സുപ്രീംകോടതി എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കിയത്.
യുപിഎ സര്‍ക്കാര്‍ കൊണ്ട് വന്ന ബില്ലില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഭേദഗതികള്‍ വരുത്തിയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഇതേതുടര്‍ന്ന് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. രാജ്യസഭയെ മറികടക്കാനാണ് യു.പി.എ കൊണ്ടുവന്ന ബില്ലില്‍ ഭേദഗതി വരുത്തി ധനബില്ലാക്കി അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് ധനവിനിയോഗം കൂടി ഉള്‍പ്പെടുത്തി ധനബില്ലായി പരിഗണിക്കേണ്ടി വന്നതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിശദീകരിച്ചു. ആധാര്‍ കാര്‍ഡിന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കവേണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
ആധാറിന്റെ സുരക്ഷ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബയോമെട്രിക് വിവരങ്ങള്‍ ആരുമായും പങ്കവെക്കില്ല. ആധാര്‍ കാര്‍ഡിന്റെ ദുരുപയോഗം തടയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ആധാര്‍ കാര്‍ഡ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിര്‍ബന്ധമല്ലാത്തതിനാല്‍ പലരും ആധാര്‍ എടുക്കുന്നതില്‍ വൈമനസ്യം കാണിച്ചിരുന്നു. ബില്‍ പാസായതോടുകൂടി ഇന്ത്യയില്‍ മുഴുവന്‍ ജനങ്ങളും ആധാര്‍ എടുക്കേണ്ടിവരും.












Click it and Unblock the Notifications