• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒന്നാംഘട്ടം ഇരുപക്ഷത്തിനും നിര്‍ണായകം; പടിഞ്ഞാറന്‍ യു.പി മാറിചിന്തിക്കുമോ..?

വ്യാഴാഴ്ച നടക്കുന്ന പതിനേഴാം ലോക്‌സഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേപോലെ നിര്‍ണ്ണായകം. 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള മേഖലകളും ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

മുന്‍ സൈന്യാധിപന്‍ വികെ സിംഗ് ഇത്തവണയും കോട്ട കാക്കുമോ? ശത്രുസൈന്യത്തെ വിറപ്പിച്ച മുന്‍ കരസേനാ മേധാവി തിരഞ്ഞെടുപ്പ് ചൂടിൽ പൊള്ളുന്നു... രാജ്യം ഉറ്റുനോക്കുന്ന ഗാസിയാബാദിലെ സാധ്യതകള്‍ ഇങ്ങനെ...

ആന്ധ്രപ്രദേശ് നിയമസഭയിലേക്കും ഇതിനൊപ്പം തന്നെ വോട്ടെടുപ്പ് നടക്കും. ആന്ധ്ര, (25) തെലുങ്കാന (17) സംസ്ഥാനങ്ങളിലെ 42 സീറ്റുകളിലേക്കാണ് നാളെ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഒന്നാംഘട്ടത്തില്‍ ഉറ്റുനോക്കുന്നത് ദക്ഷിണേന്ത്യയിലെ ഈ രണ്ട് സംസ്ഥാനങ്ങള്‍ തന്നെ.

പടിഞ്ഞാറന്‍ യു.പി

പടിഞ്ഞാറന്‍ യു.പി

ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ സീറ്റുള്ള ഉത്തര്‍പ്രദേശിന്റെ പൊതു രാഷ്ട്രീയ സമവാക്യങ്ങളില്‍ കൃത്യമായ സ്വാധീനം ചെലുത്തുന്ന മേഖലയാണ് ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന പടിഞ്ഞാന്‍ യു.പി. കഴിഞ്ഞ തവണ ബി.ജെ.പിയെ ഉത്തര്‍പ്രദേശ് തൂത്തുവാരുന്നതിന് തുണച്ച പ്രധാന ഘടകമായ മുസാഫര്‍ നഗര്‍ കലാപാന്തര ജാതി സമവാക്യങ്ങളില്‍ ഇത്തവണ മാറ്റംവരുമോയെന്നതാണ് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നത്. പടിഞ്ഞാറന്‍ യു.പിയുടെ ചിന്തയും പിന്തുണയും തന്നെയാണ് മൊത്തം ഉത്തര്‍പ്രദേശിന്റെ ചിന്തയും നിലപാടുമെന്നാണ് ചൊല്ല്. ഉത്തര്‍പ്രദേശ് പിടിച്ചാല്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്താമെന്നും ലക്‌നൗ വഴിയാണ് രാജ്യാധികാരത്തിലേക്കുള്ള കടന്നുവരവെന്നും കണക്കുകളുടെ ചരിത്രം. അത്തരമൊരു സാഹചര്യത്തിലാണ് പടിഞ്ഞാറന്‍ യു.പിയില്‍ വ്യാഴാഴ്ച നടക്കുന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഡല്‍ഹി ആര് ഭരിക്കണമെന്നതിനെ പോലും സ്വാധീനിക്കുന്നതും അത്രമേല്‍ നിര്‍ണ്ണായകമാകുന്നതും.

 മുസാഫര്‍ നഗര്‍ കലാപം

മുസാഫര്‍ നഗര്‍ കലാപം

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന മുസാഫര്‍ നഗര്‍ കലാപം പടിഞ്ഞാറന്‍ യു.പിയില്‍ വലിയ ധ്രുവീകരണത്തിന് ഇടയാക്കി. ജാട്ട്- മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ അകച്ച കൂടി. ഇതോടെ ജാട്ട് വോട്ടുകള്‍ ബി.ജെ.പിയില്‍ കേന്ദ്രീകരിച്ചു. ഇത് ഉത്തര്‍പ്രദേശില്‍ ആകമാനം സ്വാധീനം ചെലുത്തിയതോടെ ഹിന്ദുത്വ ഏകീകരണത്തിലൂടെ ബി.ജെ.പി എണ്‍പതില്‍ 71 സീറ്റും സ്വന്തമാക്കി. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലില്‍മൂന്ന് ഭൂരിപക്ഷത്തോടെ സംസ്ഥാന ഭരണവും ബി.ജെ.പി പിടിച്ചു. ഇത്തവണ ഈ സമവാക്യത്തെ പൊളിച്ച് നേട്ടംകൊയ്യുന്നതിനാണ് എസ്.പി- ബി.എസ്.പി മഹാ സഖ്യത്തിന്റേയും കോണ്‍ഗ്രസിന്റേയും നീക്കം. മഹാസഖ്യവും കോണ്‍ഗ്രസും കൊട്ടിക്കലാശത്തിന് പടിഞ്ഞാറന്‍ യു.പിയിലെ സഹാറന്‍പൂര്‍ തെരഞ്ഞെടുത്തതും ഇതേ ലക്ഷ്യത്തോടെ തന്നെ. രാഹുലും പ്രിയങ്കയും നയിച്ച റോഡ് ഷോയായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ഉപാധി. പ്രിയങ്ക നയിക്കുന്ന റോഡ്‌ഷോയിലും റാലികളിലുമെത്തുന്ന ജനക്കൂട്ടം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മായാവതി

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മായാവതി

കോണ്‍ഗ്രസിനെ കടന്നാക്രമിച്ചാണ് മഹാജസഖ്യത്തിന്റെ റാലികളില്‍ ബി.എസ്.പി നേതാവ് മായാവതി ആഞ്ഞടിക്കുന്നത്. കോണ്‍ഗ്രസ് സജീരമായാല്‍ തന്റെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമോയെന്ന ആശങ്ക മായാവതിയ്ക്കുണ്ട്. മഹാസഖ്യമൊരുക്കുന്ന ചക്രവ്യൂഹം തകര്‍ക്കാന്‍ അവസാന ആയുധവും പ്രയോഗിച്ചാണ് ബി.ജെ.പി മുന്നേറുന്നത്. അടിസ്ഥാന തലങ്ങളിലെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് ആര്‍.എസ്.എസ് ആണ്. രാമക്ഷേത്ര നിര്‍മാണം മുതല്‍ രാഹുലിന്റെ വയനാടന്‍ സ്ഥാനാര്‍ത്ഥിത്വവും മുസ്ലിംലീഗിന്റെ പിന്തുണയുമടക്കം ആര്‍.എസ്.എസ് ഗ്രാമീണര്‍ക്കിടയില്‍ ശക്തമായി പ്രചരിപ്പിക്കുന്നുണ്ട്.

ബിജെപിയുടെ ശ്രമം

ബിജെപിയുടെ ശ്രമം

മുസ്ലിം ലീഗിന്റെ നയസമീപനങ്ങളെ തീര്‍ത്തും തെറ്റായി വ്യാഖ്യാനിച്ചും തെറ്റിധരിപ്പിച്ചും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ഹിന്ദു വോട്ടുകള്‍ക്ക് മേല്‍ ആധിപത്യം ഉറപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണെന്ന് ആവര്‍ത്തിച്ച് പ്രസംഗിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അതേ നിലപാട് തന്നെയാണ് അടിസ്ഥാന തലത്തില്‍ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളിലും സംഘപരിവാര്‍ സ്വീകരിക്കുന്നത്. മുസ്ലിംലീഗിനെ ഏറെയൊന്നും പരിചയമില്ലാത്ത ഉത്തരേന്ത്യന്‍ ഗ്രാമീണര്‍ക്കിടയില്‍ തെറ്റിധാരണയുണ്ടാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്.

ബലാബലത്തില്‍ ബംഗാള്‍

ബലാബലത്തില്‍ ബംഗാള്‍

അഞ്ച് വര്‍ഷംകൊണ്ട് ബി.ജെ.പി കരുത്താര്‍ജിച്ച പശ്ചിമ ബംഗാളിലെ 2 സീറ്റിലേക്കും വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കും. കുച്ച ബിഹാര്‍ അടക്കമുള്ള മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായും ഒട്ടേറെതവണ റാലികളില്‍ പങ്കെടുത്ത സംസ്ഥാന സര്‍ക്കാറിനെതിരേ ആഞ്ഞടിച്ചു. പ്രതിരോധം തീര്‍ത്ത് മമതാ ബാനര്‍ജിയും റാലികള്‍ നയിച്ച് ശക്തമായി തിരിച്ചടിച്ചതോടെ ബംഗാളില്‍ മുമ്പെങ്ങുമില്ലാത്ത വിധം തെരഞ്ഞെടുപ്പ് ചൂടാണ് പ്രകടമായത്. ഇതിനകം പുറത്ത്‌വന്ന സര്‍വേകളില്‍ ബി.ജെ.പി 30 ശകതമാനം വോട്ട് നേടുമെന്നാണ് വ്യക്തമാക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബി.ജെ.പിയുടെ വോട്ട് ശതമാന വ്യത്യാസം ആറ് മുതല്‍ ഏഴ് വരെ മാത്രമായിരിക്കുമെന്നും സര്‍വേകള്‍ സൂചിപ്പിക്കുന്നു.

ബി.ജെ.പിയുടെ വളര്‍ച്ച

ബി.ജെ.പിയുടെ വളര്‍ച്ച

പതിറ്റാണ്ടുകള്‍ ചുവപ്പില്‍ തുടിച്ച് കമ്മ്യൂണിസത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായി വിശേഷിപ്പിക്കപ്പെട്ട ബംഗാളില്‍ ഇന്ന് രാഷ്ട്രീയ സാഹചര്യം ഏറെ മാറി. മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി ഭരിച്ച സി.പി.എമ്മിന് അടിതെറ്റിയതോടെ അധികാരത്തിലേറിയ തൃണമൂല്‍ കോണ്‍ഗ്രസ് സമസ്ത മേഖലയിലും ആധിപത്യം നേടി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ബംഗാളിലുടനീളം ആധിപത്യം നേടിയ ബി.ജെ.പിയ്ക്ക് വളക്കൂറുള്ള മണ്ണായി ബംഗാള്‍ പാകപ്പെടുകയും ചെയ്തു. മൂന്നര പതിറ്റാണ്ട് കാലത്തെ ഭരണത്തിലൂടെ സി.പി.എം ചുവപ്പിച്ച ബംഗാളിനെ തൃണമൂല്‍ കോണ്‍ഗ്രസ് നിറംമാറ്റിയതിനൊപ്പം ബി.ജെ.പി പകുത്തെടുക്കുകയും ചെയ്ത രാഷ്ട്രീയ മാറ്റം സംഭവിച്ചത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്.

മാറി ചിന്തിച്ച ബംഗാൾ

മാറി ചിന്തിച്ച ബംഗാൾ

ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ മണ്ഡലും മന്ദിറുമായി ധ്രുവീകരണം നടന്ന കാലയളവിലൊന്നും വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിത്ത് മുളയ്ക്കാന്‍ ബംഗാളിന്റെ നവോത്ഥാന വഴികളൊന്നും തന്നെ അനുവദിച്ചിരുന്നില്ല. വര്‍ഗരാഷ്ട്രീയത്തിന്റെ ആധിപത്യത്തില്‍ പക്ഷേ, ഭരണകൂടം ജനതയെ മറന്നതോടെയാണ് ബംഗാള്‍ മാറിചിന്തിച്ച് തുടങ്ങിയത്. 42 സീറ്റുള്ള പശ്ചിമബംഗാളില്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 34 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് നേടിയത്. 35 കൊല്ലം ഭരിച്ച ഇടതുപക്ഷത്തിനും ഒരിക്കല്‍ പോലും ഭരിക്കാത്ത ബിജെപിയ്ക്കുമുള്ളത് രണ്ടു സീറ്റുകള്‍ വീതം. കോണ്‍ഗ്രസിന് നാലു സീറ്റുണ്ട്.

മതാധിഷ്ഠിത രാഷ്ട്രീയം

മതാധിഷ്ഠിത രാഷ്ട്രീയം

സി.പി.എമ്മിന്റെ വളര്‍ച്ചയും തളര്‍ച്ചയും ഒരേപോലെ കണ്ട വിപ്ലവ മണ്ണില്‍ ഇപ്പോള്‍ രാഷ്ട്രീയം മതാധിഷ്ഠിതമായി. മൂന്നര പതിറ്റാണ്ടിന്റെ തുടര്‍ച്ചയായ ഭരണം പോലെ തന്നെ അടിത്തറ തകര്‍ന്ന് നിവര്‍ന്ന് നില്‍ക്കാന്‍ പോലും സാധിക്കാത്ത വണ്ണം തരിപ്പണമായ ഇന്നത്തെ സി.പി.എമ്മും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാര്‍ഹ വിഷയമാണ്. ബംഗാളില്‍ ശക്തമായിരുന്ന കാലത്ത് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസിനെ പ്രതിസന്ധികാലത്ത് ഒപ്പംകൂട്ടി ആദര്‍ശത്തിനപ്പുറത്ത് നിലനില്‍പ്പിന്റെ രാഷ്ട്രീയ പരീക്ഷണത്തിനായിരുന്നു സി.പി.എമ്മിന്റെ നീക്കം. സി.പി.എം പി.ബിയിലും പാര്‍ട്ടി കോണ്‍ഗ്രസുകളിലുമെല്ലാം വര്‍ഷങ്ങള്‍ നീണ്ട താത്വിക അവലോകനങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ് ധാരണയ്ക്ക് അനുമതിയായെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലെന്ന മട്ടായി.

സിപിഎമ്മിൽ നിന്നും തൃണമൂലിലേക്ക്

സിപിഎമ്മിൽ നിന്നും തൃണമൂലിലേക്ക്

അധികാരത്തിലേറിയതോടെ നിലനിര്‍ത്താനുള്ള കുറുക്കുവഴികള്‍ തേടിയ മമതയുടെ ഭരണത്തില്‍ ഗുണ്ടാരാജിലായി ബംഗാള്‍. എതിര്‍ക്കുന്നവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടതോടെ സി.പി.എമ്മിന്റെ ഓഫീസുകളടക്കം തൃണമൂലിന്റേതായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. നിലനില്‍പ്പിന്റെ രാഷ്ട്രീയം മാത്രം പോംവഴിയായി മാറിയതോടെ സി.പി.എമ്മിന്റെ പല ഘടകങ്ങളും ബി.ജെ.പിയിലേക്ക് കൂടുമാറി. മറ്റ് ചിലര്‍ ശത്രുവിനെ മിത്രമാക്കി തൃണമൂലുമായി. മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മമത വഴിവിട്ട് നടത്തിയ നീക്കങ്ങള്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് വള്ളവും വളവുമായി. തീവ്ര ഹിന്ദുത്വയുടെ വിത്തുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് ബംഗാളിലാകെ പടര്‍ന്ന് പന്തലിച്ച് പൂവിട്ട് നിന്നു. ബംഗാളില്‍ ഇത്തവണ 23 സീറ്റാണ് അമിത്ഷായുടെ ലക്ഷ്യം. ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തിലൂടെ നഷ്ടമാകുന്ന സീറ്റുകള്‍ ബംഗാളില്‍ നിന്ന് കണ്ടെത്തി നികത്താനാണ് ഷായുടെ പദ്ധതി.

ഹിന്ദുത്വ വഴിയെ പ്രചാരണം

ഹിന്ദുത്വ വഴിയെ പ്രചാരണം

വടക്ക് കിഴക്കന്‍ മേഖലയെ കോണ്‍ഗ്രസ് മുക്തമാക്കി സമ്പൂര്‍ണ്ണ ആധിപത്യം നേടിയ ബി.ജെ.പി, ബംഗാളിലൂടെ കിഴക്കന്‍ മേഖലയിലേക്കുള്ള പാത വെട്ടിത്തുറക്കാനുള്ള പരിശ്രമത്തിലാണ്. ഷാ തന്നെ നേരിട്ട് വിത്തിറക്കി നടത്തുന്ന ഹിന്ദുത്വ കൃഷിയില്‍ എത്ര താമര വിരിയുന്നമെന്നതാണ് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നത്. ത്രിപുരയില്‍ സി.പി.എമ്മിനെ വിഴുങ്ങിയ ബി.ജെ.പി, ബംഗാളില്‍ നഗര- ഗ്രാമ മേഖലകളിലെങ്ങും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ആര്‍.എസ്.എസ് പ്രചാരകന്‍മാരെയാണ് ചുമതലപ്പെടുത്തിയത്. രാമനവമിയും ഹനുമാന്‍ജയന്തിയും വലിയ തോതില്‍ ആഘോഷിച്ച് ബി.ജെ.പി ഹിന്ദുത്വ ഘോഷത്തിലൂടെ ആളെകൂട്ടിയതോടെ തൃണമൂലും ഈ വഴിയിലേക്കിറങ്ങിയത് രാഷ്ട്രീയ കൗതുകമായി.

മമതയുടെ പ്രതിരോധം

മമതയുടെ പ്രതിരോധം

പ്രധാനമന്ത്രി പദംതന്നെ ആഗ്രഹിക്കുന്ന മമതയ്ക്ക് വിലപേശല്‍ ശക്തിയ്ക്കുള്ള എം.പിമാരെ കണ്ടെത്താനുള്ള ഒരേയൊരിടം ബംഗാള്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏകപക്ഷീയ വിജയമായിരുന്നെങ്കില്‍ ഇത്തവണ ബി.ജെ.പി വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ആക്രമത്തിലൂടെയായിരുന്നെങ്കിലും തൊട്ടുമുമ്പ് നടന്ന തദേശ തെരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ മൃഗീയ ഭൂരിപക്ഷമാണ് നേടിയത്. ഇത്തവണ എട്ട് ഘട്ടമാക്കി തെരഞ്ഞെടുപ്പ് നടത്തുന്ന തെരഞ്ഞെടുപ്പ് കമീഷന്‍ ഏറെ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങുമ്പോള്‍ മമത വല്ലാതെ വിയര്‍ക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ കേന്ദ്ര സേനയെ നിയോഗിച്ച് മോഡി സര്‍ക്കാര്‍ കരുതലോടെ നീങ്ങുമ്പോള്‍ ബംഗാളി പ്രാദേശിക വികാരം ഉയര്‍ത്തിയാണ് മമത പ്രതിരോധിക്കുന്നത്.

 മഹാ പോരില്‍ മഹാരാഷ്ട്ര

മഹാ പോരില്‍ മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ ഏഴ് സീറ്റുകളിലേക്കും വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ അഞ്ച് വര്‍ഷമായി മോഡി സര്‍ക്കാറിനെ പ്രതിപക്ഷത്തെക്കാള്‍ ഏറെ വിമര്‍ശിച്ചുപോന്ന ശിവസേനയുമായി സഖ്യം പുതുക്കിയാണ് ബി.ജെ.പി മത്സരിക്കുന്നത്. അകല്‍ച്ച മറന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയും മോഡിയും കൊട്ടിക്കലാശത്തില്‍ വേദി പങ്കിട്ടത് പ്രവര്‍ത്തകര്‍ക്കും ആവേശമായി. ഇക്കാലം കൊണ്ട് ശിവസേനയെ പാതിയോളം വിഴുങ്ങിയ ബി.ജെ.പി തന്ത്രപൂര്‍വ്വമായാണ് സഖ്യത്തിലേര്‍പ്പെട്ടത്. ഉദ്ദവിനെ അനിയന്‍ എന്ന് വിശേഷിപ്പിച്ചാണ് മോഡി റാലിയില്‍ സൗഹൃദം പുന:സ്ഥാപിച്ചത്.

നാഗ്പൂരിലും വോട്ടെടുപ്പ്

നാഗ്പൂരിലും വോട്ടെടുപ്പ്

മോദിയ്ക്ക് പകരം ആര്‍.എസ്.എസ് ഉയര്‍ത്തികൊണ്ടുവരുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി മത്സരിക്കുന്ന നാഗ്പൂര്‍ അടക്കമുള്ള മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യം ബി.ജെ.പി- സേനാ സഖ്യത്തിനെത്തിരേ ശക്തമായി തന്നെ മത്സരരംഗത്തുണ്ട്. കാര്‍ഷിക മേഖലയിലടക്കം പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും മിന്നലാക്രമണവും ഹിന്ദുത്വയും സമം ചേര്‍ത്തുള്ള പ്രചാരണത്തിലൂടെ എതിര്‍പ്പ് മറികടക്കാന്‍ സാധിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ദേവേന്ദ്ര ഫട്‌നാവിസിന്റെ സംസ്ഥാന സര്‍ക്കാറിനെതിരേ ശക്തമായ ഭരണവിരുദ്ധ വികാരമില്ലാത്തതും ബി.ജെ.പിയ്ക്ക് തുണയാണ്.

ആന്ധ്രയും തെലുങ്കാനയും

ആന്ധ്രയും തെലുങ്കാനയും

ദക്ഷിണേന്ത്യയില്‍ സോണിയ മത്സരിച്ചപ്പോള്‍ ഐക്യ ആന്ധ്രയില്‍ നിന്ന് സീറ്റുകള്‍ വാരിക്കൂട്ടി അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് പക്ഷേ, ഇത്തവണ പ്രതീക്ഷയ്ക്ക് വകയില്ല. ആന്ധ്രാ വിഭജനത്തോടെ അടിത്തറ തകര്‍ന്ന കോണ്‍ഗ്രസ് തെലുങ്കുദേശത്തിനും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനും ഇടയില്‍കിടന്ന് തളര്‍ന്ന അവസ്ഥയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി.ഡി.പിയുമായി കൂട്ടുചേര്‍ന്ന് കൈപൊള്ളിയ കോണ്‍ഗ്രസ് ഇത്തവണ തനിച്ചാണ് മത്സരത്തിനിറങ്ങിയത്. പ്രതിപക്ഷ ഐക്യത്തിനിരയുടെ ഭാഗമാകാതെ ദേശീയ രാഷ്ട്രീയ ചലനങ്ങള്‍ സാകൂതം വീക്ഷിച്ചുപോന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആന്ധ്രയിലും ടി.ആര്‍.എസ് തെലുങ്കാനയിലും നേട്ടമുണ്ടാക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

 ടി ആർ എസ് നീക്കം ഇങ്ങനെ

ടി ആർ എസ് നീക്കം ഇങ്ങനെ

കോണ്‍ഗ്രസ് -ബി.ജെ.പി ഇതര ഫെഡറല്‍ മുന്നണിയ്ക്കാണ് ടി.ആര്‍.എസ് നീക്കം നടത്തിയത്. എന്നാലിത് ബി.ജെ.പി സഹായിക്കാനാണെന്ന സംശയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമുണ്ട്. ഒട്ടേറെ സി.ബി.ഐ കേസുകളുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജഗ് മോഹന്‍ റെഡ്ഡിയും ബി.ജെ.പിയെ ശക്തമായി എതിര്‍ക്കാറുമില്ല. അതേസമയം ഭരണ വിരുദ്ധ വികാരം ശക്തമായതോടെ ടി.ഡി.പിയുമായുള്ള ബന്ധംതുടരാന്‍ ബി.ജെ.പിയും താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതിന്റെ പേരില്‍ ടി.ഡി.പി, ബി.ജെ.പിയുമായുള്ള ബന്ധം വിഛേദിക്കുകയും ചെയ്തു. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ആന്ധ്രയില്‍ ഗുണംചെയ്യുമോയെന്ന കാത്തിരിപ്പിലാകും ഇനി കോണ്‍ഗ്രസ്. ടി.ഡി.പിയുടെ ദേശീയ രാഷ്ട്രീയ സാധ്യതകള്‍ക്കും ഈ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok Sabha Polls 2019: All you need to know about Phase 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more