'പുതിയ ആൾ ദൈവത്തിന് വാരണാസിയുടെ താക്കീത്; രാഹുൽ ജനങ്ങളിലേക്ക് ഇറങ്ങി, ഇന്ത്യ തിരിച്ചുവന്നു'; ടി സിദ്ധിഖ്
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ മോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിൽ രൂക്ഷപരിഹാസവുമായി കോൺഗ്രസ് നേതാവ് ടി സിദ്ധിഖ്. രാഷ്ട്രീയത്തിലെ പുതിയ ആൾദൈവത്തിന് വാരണാസിയിലെ ജനങ്ങൾ നൽകിയ താക്കീതാണ് ഇതെന്നും ഇന്ത്യയിൽ ജനാധിപത്യം ഇനിയും ബാക്കിയുണ്ടെന്നതാണ് വാരണാസി പറയുന്നതെന്നും സിദ്ധിഖ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'മോഡി വാരണാസിയിൽ യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയോട് കഷ്ടിച്ച് രക്ഷപ്പെട്ടത് ഒന്നര ലക്ഷം വോട്ടിന്. അതായത് കഴിഞ്ഞ തവണ നാലര ലക്ഷം വോട്ടിന്റെ ലീഡുണ്ടായിരുന്നു. 6 ലക്ഷം വോട്ടിന്റെ ലീഡുണ്ടാക്കാൻ അമിത് ഷാ അടക്കം നിരവധി കേന്ദ്ര സംസ്ഥാന മന്ത്രിമാരും തമ്പടിച്ചിച്ചിരുന്നു. നയിച്ചത് മുഖ്യമന്ത്രി യോഗിയും.

രാഹുൽ ഗാന്ധി വയനാട്ടിലും റായിബറേലിയിലും തോൽക്കുമെന്നാണ് മോഡി പറഞ്ഞത്. റായിബറേലിയിൽ രാഹുൽ ഗാന്ധിക്ക് യുപിയിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്. നാല് ലക്ഷം കവിഞ്ഞു. വയനാട്ടിൽ പോളിംഗ് കുറഞ്ഞത് കൊണ്ട് മാത്രം അല്പം ഭൂരിപക്ഷം കുറഞ്ഞെങ്കിലും മൂന്നേ മുക്കാൽ ലക്ഷം വോട്ടിന് ജയിച്ച് കഴിഞ്ഞു.
ഞങ്ങൾക്ക് ഒരു അഹങ്കാരവുമില്ല. ജനങ്ങളാണ് ജനാധിപത്യത്തിൽ എല്ലാം. രാഹുൽ ഗാന്ധി ജനങ്ങളിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ ഇന്ത്യ തിരിച്ച് വന്നു. ഇന്ത്യയിൽ ജനാധിപത്യം ഇനിയും ബാക്കിയുണ്ടെന്ന് മോഡിക്ക് വാരണാസി താക്കീത് നൽകിയിരിക്കുന്നു.
രാഷ്ട്രീയത്തിലെ പുതിയ ആൾദൈവത്തിന് ജനങ്ങളുടെ താക്കീത്...', പോസ്റ്റിൽ പറഞ്ഞു.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 4,79,505 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോദി പത്തനംതിട്ടയിൽ വിജയിച്ചത്. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം മോദിയുടെ ഭൂരിപക്ഷത്തിൽ നാലരലക്ഷത്തോളം വോട്ടിന്റെ ഇടിവാണ് ഉണ്ടായത്. ഇത്തവണ 1,52,513 വോട്ടിന്റെ ഭൂരിപക്ഷമാണ് മോദിക്ക് ലഭിച്ചത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ അജയ് റായ് ആയിരുന്നു വാരണാസിയിൽ ലീഡ് ചെയ്തത്. പിന്നീട് മോദി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. ആകെ 6,12,970 വോട്ടുകളാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്ക് 4,60,457 വോട്ടും.
അതേസമയം യു പിയിൽ കനത്ത തിരിച്ചടിയാണ് ഇത്തവണ ബി ജെ പി നേരിട്ടത്. കഴിഞ്ഞ തവണ 62 സീറ്റിൽ വിജയിച്ച ബി ജെ പിക്ക് ഇക്കുറി വെറും 36 ഓളം സീറ്റിൽ മാത്രമാണ് മുന്നേറാൻ സാധിച്ചത്. വമ്പൻ തിരിച്ചുവരവ് നടത്തിയ എസ് പി 30 ന് മുകളിൽ സീറ്റുകളിലാണ് ഇവിടെ മുന്നേറുന്നത്.












Click it and Unblock the Notifications