'മിസ്റ്റർ മിനിസ്റ്റർ, ദയവായി നിങ്ങളുടെ കൈ പോക്കറ്റിൽ നിന്ന് മാറ്റുക'; കേന്ദ്രമന്ത്രിയോട് സ്പീക്കർ
ന്യൂഡൽഹി: ചോദ്യോത്തര വേളയിൽ കേന്ദ്രമന്ത്രിയെ വിമർശിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള. ചോദ്യോത്തര വേളയിൽ പോക്കറ്റിൽ കൈവച്ച് സംസാരിച്ചതിനാണ് മന്ത്രിയെ സ്പീക്കർ വിമർശിച്ചത്. "മിസ്റ്റർ മിനിസ്റ്റർ, ദയവായി നിങ്ങളുടെ കൈ പോക്കറ്റിൽ നിന്ന് മാറ്റുക," എന്നാണ് സ്പീക്കർ നിർദ്ദേശിച്ചത്.
പാർലമെന്റ് അംഗങ്ങൾ പോക്കറ്റിൽ കൈവെച്ച് സഭയിലേക്ക് നടക്കരുതെന്നും ബിർള ഉപദേശിച്ചു. സംസാരിക്കുന്ന അംഗത്തിന് മുന്നിൽ എം പിമാർ കടന്നുപോകുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹുമാന്യനായ അംഗം സംസാരിക്കുമ്പോഴെല്ലാം, ആരും അദ്ദേഹത്തെ മറികടന്ന് അംഗത്തിൻ്റെ മുന്നിലുള്ള സീറ്റിൽ ഇരിക്കരുത്, നിങ്ങൾക്ക് പിന്നിൽ ഇരിക്കാം, ബിർള പറഞ്ഞു.

ഈ മാർഗ്ഗനിർദ്ദേശം പാർലമെൻ്ററി നിയമങ്ങളുമായി യോജിപ്പിക്കുന്നു, പാർലമെൻ്ററി നിയമങ്ങൾ അനുസരിച്ച്, അംഗം സഭയെയും ചെയറിനെയും അഭിസംബോധന ചെയ്യുന്ന സമയത്ത് മറികടന്നുനടക്കുന്നത് പാർലമെൻ്ററി മര്യാദയുടെ ലംഘനമായി കണക്കാക്കപ്പെടുന്നു. അതേ സമയം പ്രധാനമന്ത്രിക്ക് മുന്നിൽ സ്പീക്കർ ഓം ബിർള തലകുനിച്ചെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി നേരത്തെ വിമർശനം ഉന്നയിച്ച സംഭവം ഉണ്ടായിരുന്നു.
സഭയിൽ സ്പീക്കറെക്കാൾ വലുതായി ആരുമില്ലെന്നും സഭയിലെ എല്ലാവരും സ്പീക്കർക്ക് മുന്നിലാണ് തലകുനിക്കേണ്ടതെന്നുമായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. പ്രതിപക്ഷ നേതാവായ ശേഷം ലോക് സഭയിൽ നടത്തിയ കന്നി പ്രസംഗത്തിലായിരുന്നു രാഹുൽ ഇക്കാര്യം പറഞ്ഞത്.
ലോക്സഭാ സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വേളയിൽ നടന്ന സംഭവമാണ് രാഹുൽ പറഞ്ഞത്.
തനിക്ക് ഹസ്തദാനം നൽകിയപ്പോൾ നിവർന്നുനിന്ന സ്പീക്കർ പ്രധാനമന്ത്രിക്ക് ഹസ്തദാനം നൽകിയപ്പോൾ തലകുനിച്ചതായി രാഹുൽ പറഞ്ഞു. ഞാൻ അങ്ങയ്ക്ക് ഹസ്തദാനം നൽകിയപ്പോഴും മോദിജി ഹസ്തദാനം നൽകിയപ്പോഴും ഒരു വ്യത്യാസം ശ്രദ്ധിച്ചുവെന്നും എനിക്ക് മുന്നിൽ നിവർന്നുനിന്ന താങ്ങൾ മോദിജിക്ക് മുന്നിൽ തലകുനിച്ചു എന്നാണ് രാഹുൽ പറഞ്ഞത്.
ലോക് സഭയിൽ അങ്ങയുടെതാണ് അവസാന വാക്കെന്നും അങ്ങ് പറയുന്നതെന്തോ അതാണ് ഇന്ത്യൻ ഭരണ ഘടനയെ വിശദീകരിക്കുക എന്നും സഭയിൽ സ്പീക്കർ ആർക്ക് മുന്നിലും തലകുനിക്കേണ്ട കാര്യമില്ലെന്നും സഭയിൽ അങ്ങയ്ക്കാണ് പ്രധാന്യം. ഞങ്ങളാണ് അങ്ങയ്ക്ക് മുന്നിൽ തനകുനിക്കേണ്ടതെന്നും രാഹുൽ പറഞ്ഞിരുന്നു.
എന്നാൽ തന്റെ സംസ്കാരം അങ്ങനെയല്ല എന്നായിരുന്നു രാഹുലിന് ഓം ബിർള മറുപടി നൽകിയത്. മുതിർന്നവരെ ബഹുമാനിക്കാനാണ് താൻ പഠിച്ചിരിക്കുന്നതെന്നും ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അതങ്ങനെ ആയിരിക്കുമെന്നും സ്പീക്കർ പറഞ്ഞു.












Click it and Unblock the Notifications