ഹിന്‍ഡന്‍ബർഗ് റിപ്പോർട്ടില്‍ ലോക്പാല്‍ നടപടി: സെബി മേധാവി മാധബി പുരി ബുച്ച് ഹാജരാകണം
ഡല്‍ഹി: സെബി മേധാവി മാധബി പുരി ബുച്ചിനോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലോക്പാല്‍. ഹിന്‍ഡന്‍ബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് ലോക്പാല്‍ നടപടി. മാധബി പുരി ബുച്ചിനെതിരായ റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മെയ്ത്ര ഉള്‍പ്പെടേയുള്ളവർ പരാതി നല്‍കിയിരുന്നു. ലോക്പാല്‍ ചെയർപേഴ്സണ്‍ ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറും അഞ്ച് അംഗങ്ങളും അടങ്ങിയ ബെഞ്ച് പരാതികള്‍ പരിശോധിക്കുകയും മാധബി ബുച്ചിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
നാലാഴ്ച്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ലോക്പാല്‍ മാധബി ബുച്ചിന് നോട്ടീസ് നല്‍കിയത്. സമയപരിധിക്കുള്ളില്‍ തന്നെ സെബി മേധാവി മറുപടി നല്‍കിയെങ്കിലും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ജനുവരി 8 ന് ഹാജരാകാനാണ് നിർദേശം. അദാനി കമ്പനികളില്‍ മാധബി ബുച്ചിന് നിക്ഷേപം ഉണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബർഗ് റിപ്പോർട്ടിലെ ആരോപണം.

അദാനി ഗ്രൂപ്പിനെതിരായ സെബി അന്വേഷണം നടക്കുന്നതിനിടെയാണ് മാധബി ബുച്ചിന് കമ്പനിയില്‍ നിക്ഷേപം ഉണ്ടെന്ന ആരോപണം വരുന്നത്. ഈ സാഹചര്യത്തില്‍ അദാനി ഗ്രൂപ്പ് അനുകൂലമായ അന്വേഷണമായിരിക്കും സെബി നടത്തുകയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടേയുള്ളവർ രംഗത്ത് വന്നു.
അദാനി ഗ്രൂപ്പും സെബിയും ബി ജെ പിയും തമ്മില്‍ അപകടകരമായ കൂട്ടുകെട്ട് ഉണ്ടെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നു. സെബിയില്‍ മുഴുവന്‍ സമയ അംഗമായതിന് ശേഷവും ബുച്ചിന് അദാനി സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തേയും ആരോപിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പിലേക്കു വിദേശത്തുനിന്നു പണം എത്തിക്കുന്ന മൗറീഷ്യസിലെയും ബർമുഡയിലെയും നിഴല്‍ കമ്പനികളില്‍ മാധബിക്കും ഭർത്താവിനും നിക്ഷേപമുണ്ടെന്നാണ് യുഎസ് ഷോർട്ട്സെല്ലർമാരായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട്. അദാനി ഗ്രൂപ്പുകള്‍ക്കെതിരെ സെബി മികച്ച രീതിയില്‍ അന്വേഷണം നടത്താത്തിന് കാരണം ഇതാണെന്നും റിപ്പോർട്ട് ആരോപിച്ചു. എന്നാല്‍ ബുച്ചും അദാനി ഗ്രൂപ്പും എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണുണ്ടായത്. ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുകയാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും സെബി മേധാവി വിശദീകരിച്ചു.
അതേസമയം, സെബിയിൽ അംഗവും പിന്നീട് മേധാവിയുമായിരിക്കേ തന്നെ മാധബി പുരി മറ്റൊരു കമ്പനിയിൽനിന്നു വരുമാനം നേടിയെന്ന റിപ്പോർട്ടും ഇതിനിടയില്‍ പുറത്ത് വന്നിരുന്നു. റജിസ്ട്രാർ ഓഫ് കമ്പനിസിൽനിന്നുള്ള രേഖകൾ അധിഷ്ഠിതമാക്കി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സായിരുന്നു ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടത്.












Click it and Unblock the Notifications