50 മണിക്കൂര്‍ പിന്നിട്ട ദുരിതം; ഭക്ഷണമില്ല; തുര്‍ക്കി എയര്‍പോര്‍ട്ടില്‍ 250ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു
ഡല്‍ഹി: ലണ്ടനില്‍ നിന്ന് മുംബൈയിലേക്കു പുറപ്പെട്ട വിമാനം തുര്‍ക്കിയിലേക്കു വഴിതിരിച്ചു വിട്ടതിനെ തുടര്‍ന്ന് ദുരിതത്തിലായ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഒടുവില്‍ ആശ്വാസം. 50 മണിക്കൂറിലധികമാണ് തുര്‍ക്കിയിലെ ദിയാര്‍ബക്കര്‍ വിമാനത്താവളത്തില്‍ 250 ലധികം ഇന്ത്യന്‍ യാത്രക്കാര്‍ കുടുങ്ങിക്കിടന്നത്. യാത്രക്കാരെ തിരിച്ച് മുബൈയില്‍ എത്തിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.
ഏപ്രില്‍ രണ്ടിന് ലണ്ടനില്‍ നിന്ന് പുറപ്പെട്ട വിര്‍ജിന്‍ അറ്റ്‌ലാന്റിക് ഫ്‌ളൈറ്റാണ് തുര്‍ക്കിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. പരിമിതമായ സൗകര്യങ്ങളുള്ള ചെറിയ വിമാനത്താവളമാണ് തുര്‍ക്കിയിലെ ദിയാര്‍ബക്കര്‍ എയര്‍പോര്‍ട്ട്. തുര്‍ക്കി വിമാനത്താവളത്തില്‍ ഭക്ഷണം, വെള്ളം, തുടങ്ങിയ അവശ്യ സേവനങ്ങളുടെ അഭാവമാണ് യാത്രക്കാരെ വലച്ചത്. വിമാനത്താവളത്തില്‍ കാത്തിരിക്കുന്ന 300-ഓളം യാത്രക്കാര്‍ക്ക് ഒരു ടോയ്‌ലറ്റ് മാത്രമാണ് ലഭിച്ചത്. രാത്രിയിലേക്ക് പുതപ്പുകള്‍ നല്‍കിയിട്ടില്ല.

വിമാനത്തിലെ യാത്രക്കാരിലൊരാള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍ നേരിട്ടതായാണ് റിപ്പോര്‍ട്ട്. ഇതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ രണ്ടു ദിവസത്തിലേറെ വലിയ ദുരിതത്തിലൂടെയാണ് കടന്നുപോയത്. വിമാനത്താവളം ഒരു സൈനിക താവളമായതിനാല്‍ യാത്രക്കാര്‍ക്കു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.
വിമാനത്തിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ തുര്‍ക്കിയിലെ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നില്ല. ഇതുമൂലം മണിക്കൂറുകളായി വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ് യാത്രക്കാര്‍. യാത്ര പുനരാരംഭിക്കാനുള്ള ബദല്‍ സംവിധാനങ്ങള്‍ വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആശയവിനിമയം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് യാത്രക്കാര്‍ എന്നാണ് പുറത്തുവരുന്ന വിവരം.
പകുതി ശൂന്യമായ ഒരു ടെര്‍മിനലിന്റെ കെട്ടിടത്തിലാണ് കുടുങ്ങിക്കിടക്കുന്നത് എന്നാണ് യാത്രക്കാര്‍ അറിയിച്ചത്. യാത്രക്കാരില്‍ കുട്ടികളും സ്ത്രീകളും രോഗികളുമുണ്ട്.
സംഭവത്തില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ബ്രിട്ടീഷ് വിമാനക്കമ്പനി ഖേദപ്രകടനം നടത്തി. വെള്ളിയാഴ്ച പ്രാദേശിക സമയം 12 മണിയോടെ ദിയാര്‍ബക്കിര്‍ വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്കുള്ള ബദല്‍ വിമാനത്തില്‍ യാത്രക്കാരെ കൊണ്ടുപോകുമെന്ന് വിര്‍ജിന്‍ അറ്റ്‌ലാന്റിക് എയര്‍ലൈന്‍സ് അറിയിച്ചു. യാത്രക്കാര്‍ക്ക് തുര്‍ക്കിയില്‍ രാത്രി മുഴുവന്‍ ഹോട്ടലില്‍ താമസവും ലഘുഭക്ഷണവും നല്‍കുന്നുണ്ടെന്നും വിര്‍ജിന്‍ അറ്റ്‌ലാന്റിക് അധികൃതര്‍ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരും അവരുടെ കുടുംബാംഗങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പങ്കുവെച്ചു. യാത്ര എപ്പോള്‍ പുറപ്പെടുമെന്ന അനിശ്ചിതത്വം കാരണം യാത്രക്കാര്‍ വിമാനത്താവളത്തിലെ സീറ്റുകളിലാണ് വിശ്രമിക്കുന്നത്.
വിഷയത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഇടപെട്ടിട്ടുണ്ട്. യാത്രക്കാര്‍ക്ക് പിന്തുണ ഉറപ്പ് നല്‍കിയതായും സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഒരു നോഡല്‍ ഓഫീസറെ നിയമിച്ചതായും സൂചനയുണ്ട്.












Click it and Unblock the Notifications