ബെംഗളൂരുവില്‍ ഒരു കൊച്ചു വീടാണോ അന്വേഷിക്കുന്നത്? ഭവന വിപണിയിലെ ഈ മാറ്റങ്ങള്‍ അറിയണം
ഇന്ത്യയിലെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവിലെ ഭവന വിപണിയില്‍ വലിയ മാറ്റങ്ങളാണ് അനുദിനം സംഭവിക്കുന്നത്. ഐടി ഹബ്ബായ നഗരത്തില്‍ നിരവധി ബഹുരാഷ്ട്ര കമ്പനികളാണ് തങ്ങളുടെ ഓഫീസ് തുടങ്ങുന്നത്. അതുകൊണ്ടു തന്നെ ബെംഗളൂരുവിലെ റിയല്‍ എസ്‌റ്റേറ്റ് വിപണിയും പ്രതിദിനം വളരുകയാണ്. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നഗരം കൂടുതല്‍ അപ്രാപ്യമാവുകയാണ്.
നഗരത്തില്‍ ഒരു വീടോ ഫ്‌ളാറ്റോ എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്‌നം മാത്രമായി മാറുകയാണ്. ഒരു ഫ്‌ളാറ്റ് സ്വന്തമാക്കാനുള്ള അടിസ്ഥാന വില ഒരു കോടി രൂപയാണ്. അതായത് ഒരു കോടി രൂപ മുടക്കിയാല്‍ ലഭിക്കുന്നത് രണ്ട് കിടപ്പുമുറികള്‍ മാത്രമുള്ള അപ്പാര്‍ട്ട്മെന്റാണ്. വൈറ്റ്ഫീല്‍ഡ്, സര്‍ജാപൂര്‍ റോഡ്, ബെല്ലന്ദൂര്‍ തുടങ്ങിയ ഐടി മേഖലകളില്‍ ഒരു സാധാരണ 2 ബിഎച്ച്‌കെ അപ്പാര്‍ട്ട്മെന്റിന് ഇപ്പോള്‍ ഒരു കോടി രൂപയ്ക്ക് മുകളിലാണ് വില.

നഗരത്തിലുടനീളം ശരാശരി പ്രോപ്പര്‍ട്ടി വില ചതുരശ്ര അടിക്ക് 7,000 മുതല്‍ 8,600 രൂപയായി ഉയര്‍ന്നു. എന്നാല്‍ ഐടി കോറിഡോറുകളില്‍ ഇത് 10,000 രൂപയ്ക്ക് മുകളിലാണ്. വൈറ്റ്ഫീല്‍ഡ്, ബെല്ലന്ദൂര്‍ തുടങ്ങിയ മേഖലകളില്‍ ചതുരശ്ര അടിക്ക് 10,000 രൂപയ്ക്ക് മുകളിലാണ് പ്രോപ്പര്‍ട്ടി വില വരുന്നത്. വലിയ ടെക് പാര്‍ക്കുകള്‍ക്ക് സമീപമുള്ള സ്ഥലമാണ് ബെല്ലന്ദൂര്‍. ഐടി പ്രൊഫഷണലുകളും ഉയര്‍ന്ന വരുമാനമുള്ള കുടുംബങ്ങളുമാണ് ഇവിടേക്ക് ആകര്‍ഷിക്കപ്പെടുന്നത്.
അതേസമയം, ഇന്ദിരാ നഗര്‍, കോറമംഗല തുടങ്ങിയ പ്രീമിയം സ്ഥലങ്ങളില്‍ ചതുരശ്ര അടിക്ക് 18,000 രൂപ മുതല്‍ 23,000 രൂപ വരെയാണ് നിരക്ക്. ഇവിടെ ഒരു വീട് എന്നത് സാധാരണ വരുമാനമുള്ള ഒരാള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. നേരത്തെ ഒരു കോടി രൂപയുടെ വീട് എന്നത് ആഡംബരമായിരുന്നു. എന്നാല്‍ ഇന്ന് ഒരു കോടി രൂപയ്ക്ക് ലഭിക്കുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള അപ്പാര്‍ട്ട്മെന്റാണെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഒരു പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് പറഞ്ഞു.
ഇന്ന് അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങുന്നവര്‍ വലിപ്പത്തിനും ആഡംബരത്തിനുമല്ല പ്രാധാന്യം നല്‍കുന്നത്. യാത്രാസൗകര്യം, ഓഫീസിലേക്കുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കാണ്. ക്ലബ് ഹൗസുകളേക്കാള്‍ ഉപരിയായി മെട്രോ സ്റ്റേഷനുകളിലേക്കുള്ള സാമീപ്യമാണ് ഉപഭോക്താക്കള്‍ തിരയുന്നത്. യാത്രാസമയം കുറയ്ക്കാന്‍ എത്ര തുക നല്‍കാനും ഐടി പ്രൊഫഷണലുകള്‍ തയ്യാറാകുന്നു. ചതുരശ്ര അടിക്ക് 6,000 രൂപയില്‍ താഴെ വിലയുള്ള ചുരുക്കം ചില മേഖലകളില്‍ ഒന്നാണ് ഇലക്ട്രോണിക്‌സ് സിറ്റി. എന്നാല്‍ യാത്രാ ദൂരത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഗണ്യമായ വ്യത്യാസമുണ്ട്.
ഇരട്ട വരുമാനമുള്ള അണു കുടുംബങ്ങളാണ് പ്രോപ്പര്‍ട്ടി വിപണിയിലെ പ്രധാന ശക്തി. ഇവരാണ് സ്വന്തം താമസത്തിനായി വീട് വാങ്ങുന്നത്. നഗരത്തിന്റെ പുറത്തുള്ള മേഖലകളിലാണ് കൂടുതല്‍ പേരും ബജറ്റിന് അനുസരിച്ചുള്ള വീടുകള്‍ കണ്ടെത്തുന്നത്.












Click it and Unblock the Notifications