കോടീശ്വരനായി മാറിയത് ഒരു മണിക്കൂറിനുള്ളില്‍: പഞ്ചാബിയെ തേടിയെത്തിയ ലോട്ടറി ഭാഗ്യം
കേരളത്തിന് പുറമെ ഔദ്യോഗികമായി ലോട്ടറി നടത്തുന്ന നിരവധി സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ വേറെയുമുണ്ട്. പഞ്ചാബ്, നാഗാലാന്‍ഡ്, സിക്കിം, തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ലോട്ടറി നടത്തിപ്പിന് അനുമതിയുണ്ട്. ഇതില്‍ കേരളത്തിലേത് പോലെ സർക്കാർ തന്നെ നേരിട്ട് ലോട്ടറി നടത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ഇപ്പോഴിതാ ലോട്ടറിയിലൂടെ കോടീശ്വരനായ ഒരു പഞ്ചാബ് സ്വദേശിയുടെ വാർത്തയാണ് പുറത്ത് വരുന്നത്. എന്നാല്‍ പഞ്ചാബ് ലോട്ടറിയിലൂടെയല്ല അദ്ദേഹം കോടീശ്വരനായത് എന്നതാണ് ശ്രദ്ധേയം.
ലോട്ടറി വാങ്ങി ഒരു മണിക്കൂറിന് പിന്നാലെയാണ് ബാങ്ക് ക്ലർക്കായ രൂപീന്ദർജിത് സിംഗ് കോടീശ്വരനാകുന്നത് എന്നതാണ് മറ്റൊരു സവിശേഷത. നറുക്കെടുപ്പിന് മിനുട്ടുകള്‍ മാത്രം ശേഷിക്കെയായിരുന്നു അദ്ദേഹം ടിക്കറ്റ് എടുത്തത്. വല്ലപ്പോഴുമൊക്കെ ലോട്ടറി എടുക്കുന്ന ശീലമുണ്ടായിരുന്നെങ്കിലും ഒരിക്കലും ഒന്നാം സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് രൂപീന്ദർജിത് സിംഗ് പറയുന്നത്.

പഞ്ചാബിലെ ഗുരുദാസ്പൂര് സ്വദേശിയായ രൂപീന്ദർജിത് സിംഗ് ദേരാ ബാബ നാനാക്ക് കാർഷിക വികസന ബാങ്കിലാണ് ക്ലർക്കായി ജോലി ചെയ്യുന്നത്. പഞ്ചാബ് ലോട്ടറിക്കൊപ്പം തന്നെ സംസ്ഥാനത്ത് ലഭ്യമായ നാഗാലാന്‍ഡ് ലോട്ടറിയും എടുക്കാറുണ്ടായിരുന്നു അദ്ദേഹം. അങ്ങനെ കഴിഞ്ഞ ദിവസെ എടുത്ത നാഗാലാന്‍ഡ് ലോട്ടറിയുടെ ഒന്നാം സമ്മാനത്തിനാണ് രൂപീന്ദർജിത് സിംഗ് അർഹനായിരിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നാഗാലാൻഡ് സ്റ്റേറ്റ് ലോട്ടറിയുടെ 25 ടിക്കറ്റുകളാണ് രൂപീന്ദർജിത് സിംഗ് വാങ്ങിയത്. ഒരു ടിക്കറ്റിന് ആറു രൂപയാണ് വില. ടിക്കറ്റ് വാങ്ങി ഭക്ഷണവും കഴിച്ച് ഓഫീസിലെത്തി ജോലി ചെയ്യുന്നതിനിടയിലാണ് പരിചയക്കാനായ ലോട്ടറി ഏജന്റ് വിളിക്കുന്നത്. ഒരു കോടിയുടെ സമ്മാനം തനിക്കാണെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല. ഒരു മണിക്കൂർ കൊണ്ട് സാഹചര്യങ്ങള്‍ മാറി മറിഞ്ഞെന്നും 'കോടീശ്വരന്‍' പറഞ്ഞു.
ഈ തുക കൊണ്ട് മക്കളുടെ ഭാവി സുരക്ഷിതമാക്കുമെന്നാണ് രൂപീന്ദർജിത് പറയുന്നത്. അതോടൊപ്പം നിർധനരായ ആളുകളെയും സഹായിക്കും. വിജയം അറിഞ്ഞതുമുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രാമത്തിലും വലിയ ആഘോഷമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇത് ആദ്യമായല്ല, നാഗാലാന്‍ഡ് ലോട്ടറിയുടെ ഒന്നാം സമ്മാനം പഞ്ചാബില്‍ അടിക്കുന്നത്. 2022 ല്‍ ഗുരുദാസ്പൂരിലെ ബട്ടാല സ്വദേശിയായ സുനിൽ ദോഗ്ര എന്നയാള്‍ക്ക് നാഗാലാൻഡ് സ്റ്റേറ്റ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരുന്നു. ടിക്കറ്റ് വാങ്ങിയ ദിവസം തന്നെയായിരുന്നു ഇദ്ദേഹത്തിനും ഒരു കോടി രൂപയുടെ സമ്മാനം ലഭിക്കുന്നത്.
അതേസമയം, ഏപ്രിലില്‍ നടന്ന പഞ്ചാബ് വൈശാഖി ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം 85 വയസ്സുകാരനായ സൈക്കിള്‍ റിക്ഷക്കാരനായിരുന്നു ലഭിച്ചത്. ഗുരുദേവ് സിങ് എന്ന വ്യക്തിക്കായിരുന്നു 2.5 ക്കോടി രൂപയുടെ ഒന്നാം സമ്മാം ലഭിച്ചത്. ഇദ്ദേഹത്തിന്റെ വിജയം ഗ്രാമം വലിയ രീതിയില്‍ ആഘോഷമാക്കിയത് ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാർത്തയുമായിരുന്നു.
പഞ്ചാബ് സ്റ്റേറ്റ് രാഖി ബംപർ, പഞ്ചാബ് സ്റ്റേറ്റ് സവാൻ ബംപർ, പഞ്ചാബ് സ്റ്റേറ്റ് ഹോളി ബംപർ, പഞ്ചാബ് സ്റ്റേറ്റ് ന്യൂ ഇയർ ലോഹ്രി ബംപർ, പഞ്ചാബ് സ്റ്റേറ്റ് ബൈസാഖി ബംപർ എന്നിവയുൾപ്പെടെ വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് പഞ്ചാബ് സ്റ്റേറ്റ് ലോട്ടറി ഡയറക്ടറേറ്റ് എല്ലാ വർഷവും ആറ് ബംപർ ലോട്ടറി നറുക്കെടുപ്പുകള്‍ പഞ്ചാബ് നടത്തി വരുന്നുണ്ട്.
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏതൊരു ഇന്ത്യക്കാരനും ഓണ്‍ലൈനായും അല്ലാതെയും വാങ്ങാന്‍ സാധിക്കുമെന്നതാണ് പഞ്ചാബ് ലോട്ടറിയുടെ സവിശേഷത. ഒന്നാം സമ്മാനമായി 2.50 കോടി രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ് നല്‍കുക. മൂന്നാം സമ്മാനം 5 ലക്ഷം രൂപയാണ്. രണ്ട് ഭാഗ്യ ടിക്കറ്റുകൾക്ക് ഒന്നാം സമ്മാനം പ്രഖ്യാപിക്കുമ്പോൾ, രണ്ടും മൂന്നും സമ്മാനങ്ങൾ പങ്കെടുക്കുന്ന 20 പേർക്ക് നൽകും.












Click it and Unblock the Notifications