യുപിയിലും 'ലൗ ജിഹാദ്', ഹിന്ദുത്വ കാര്‍ഡ് ഇറക്കി ബിജെപി
വൃന്ദാവന്‍: കേരളത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച 'ലൗവ് ജിഹാദ്' വിവാദം ഇനി ഉത്തര്‍ പ്രദേശിലും. തിരഞ്ഞെടുപ്പടുത്തതോടെ വിവാദവുമായി രംഗത്തിറങ്ങിയിരിക്കുന്നത് ബിജെപിയാണ്.
ഉത്തര്‍ പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാര്‍ 'ലൗവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുയാണെന്നാണ് ബിജെപിയുടെ ആരോപണം. നിരവധി ഹിന്ദു പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ മുസ്ലീം ചെറുപ്പക്കാരെ വിവാഹം കഴിച്ച് മതം മാറുന്നതെന്നും ബിജെപി ആരോപിക്കുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മികാന്ത് ബാജ്പായ് ആണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ കാര്‍ഡ് ഇറക്കി വിജയം കൊയ്യാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
ഉത്തര്‍ പ്രദേശില്‍ നടക്കുന്ന 100 കുറ്റകൃത്യങ്ങളില്‍ 77 എണ്ണവും സ്ത്രീകള്‍ക്കെതിരെയാണ്. ഇതില്‍ തന്നെ 99 ശതമാനം കുറ്റവാളികളും മുസ്ലീങ്ങളാണെന്ന് ലക്ഷ്മികാന്ത് ആരോപിക്കുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലൗവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണ്. ഇരകള്‍ കൊല്ലപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ആണ് ചെയ്യുന്നതെന്നും ലക്ഷ്മികാന്ത് ആരോപിച്ചു.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇതെല്ലാം അവസാനിപ്പിക്കും എന്നാണ് നല്‍കുന്ന വാഗ്ദാനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് ലക്ഷ്മികാന്തിന്റെ പരാമര്‍ശങ്ങള്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുണ്ടാക്കിയ നേട്ടം നിയമസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള ശ്രമമാണ് ബിജെപിയുടെ പുതിയ ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടക്കുന്നത്. അമിത് ഷാ ആയിരുന്നു ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്.












Click it and Unblock the Notifications