പുതിയ ഗാര്‍ഹിക എല്‍പിജി കണക്ഷന് വിലക്ക്..! ബദല്‍മാര്‍ഗങ്ങള്‍ ഇനി ഇവ മാത്രം! അറിയേണ്ടതെല്ലാം
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതുമുതല്‍, എണ്ണ വിപണന കമ്പനികള്‍ പുതിയ എല്‍പിജി ഗ്യാസ് കണക്ഷനുകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എല്‍പിജി വിതരണത്തിലുണ്ടായ തടസം കാരണം, 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറുകള്‍ക്കായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ഏഴ് മാസമായി സാധിക്കുന്നില്ല.
മിഡില്‍ ഈസ്റ്റിലെ സാഹചര്യം ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയും ഹോര്‍മുസ് വഴിയുള്ള ആഗോള ഗതാഗത സംവിധാനം അനിശ്ചിതത്വത്തിലാവുകയും ചെയ്തിരിക്കുകയാണ്. പുതിയ എല്‍പിജി കണക്ഷനുകള്‍ എപ്പോള്‍ അനുവദിച്ചുതുടങ്ങുമെന്നതിനെക്കുറിച്ച് നിലവില്‍ യാതൊരു വിവരവുമില്ല.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും 2026 മാര്‍ച്ച് പകുതി മുതല്‍ 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറുകള്‍ക്കുള്ള പുതിയ എല്‍പിജി കണക്ഷനുകള്‍ക്ക് അപേക്ഷിക്കുന്നത് വിലക്കിയിരിക്കുകയാണ്.
ഫെബ്രുവരി അവസാനത്തോടെ പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചതുമുതല്‍, ആഗോള ഗതാഗതത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന നിര്‍ണായക പാതയായ ഹോര്‍മുസ് കടലിടുക്കിലെ എണ്ണ-വാതക വിതരണത്തെ അത് സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യന്‍ റിഫൈനറികള്‍ എല്‍പിജി ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രതിദിനം ശരാശരി 44,000 ടണ്‍ എന്ന നിലയിലാണ് ഉല്‍പ്പാദനം നടക്കുന്നത്. ഇത് ഓഗസ്റ്റ് മാസത്തെ ശരാശരി ഉല്‍പ്പാദനത്തേക്കാള്‍ ഏകദേശം 20 ശതമാനം കൂടുതലാണ്. യുദ്ധത്തെത്തുടര്‍ന്ന് എണ്ണ വിപണന കമ്പനികള്‍ നിരവധി നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. അതിലൊന്നായിരുന്നു ഒരു കുടുംബത്തിന് ഒരു പാചകവാതക കണക്ഷന്‍ എന്ന നയം.
ഇത് പ്രകാരം പിഎന്‍ജി ഉപയോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്കോ പുതിയ കണക്ഷനുകള്‍ക്കോ അപേക്ഷിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കൂടാതെ, റീഫില്‍, ബുക്കിംഗ്, സബ്സിഡി, കണക്ഷന്‍ സറണ്ടര്‍ ചെയ്യല്‍, കണക്ഷന്‍ മാറ്റല്‍, ഇ-കെവൈസി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെല്ലാം പുറമെ, ഗാര്‍ഹിക സിലിണ്ടറുകള്‍ക്കുള്ള പുതിയ എല്‍പിജി കണക്ഷനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്നതാണ് പ്രധാന കാര്യം.
പുതിയ കണക്ഷനുകള്‍ എപ്പോള്‍ അനുവദിക്കുമെന്ന കാര്യത്തില്‍ പെട്രോളിയം മന്ത്രാലയം ഇതുവരെ പുതിയ വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പാചകവാതകത്തിനായി മറ്റ് മാര്‍ഗങ്ങളാണ് എല്ലാവരും തേടുന്നത്. 5 കിലോ, 10 കിലോ എല്‍പിജി സിലിണ്ടറുകളും പിഎന്‍ജിയും ഇതില്‍ ഉള്‍പ്പെടുന്നു. 5 കിലോ ഗ്യാസ് സിലിണ്ടറുകള്‍ വിപണിയില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന മിനി പാചകവാതക സിലിണ്ടറുകളാണ്.
ഇന്‍ഡെയ്ന്‍ ചോട്ടു, ഭാരത് ഗ്യാസ് മിനി, എച്ച്പി ഗ്യാസ് അപ്പു എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഏത് എല്‍പിജി വിതരണക്കാരനില്‍ നിന്നും ഇവ വാങ്ങാവുന്നതാണ്. സ്ഥിരമായ താമസസ്ഥലമോ വിലാസം തെളിയിക്കുന്ന രേഖകളോ ഇല്ലാത്ത കുടിയേറ്റക്കാര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും ഈ സിലിണ്ടറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വിലാസം തെളിയിക്കുന്ന രേഖകളോ സങ്കീര്‍ണ്ണമായ അപേക്ഷാ നടപടികളോ കൂടാതെ തന്നെ ഫ്രീ-ട്രേഡ് എല്‍പിജി വിഭാഗത്തില്‍പ്പെട്ട 5 കിലോ സിലിണ്ടറുകള്‍ ലഭ്യമാണ്. ഇവ വാങ്ങുന്നതിന് ഉപഭോക്താക്കള്‍ വിലാസം തെളിയിക്കുന്ന രേഖകളോ സെക്യൂരിറ്റി ഡെപ്പോസിറ്റോ നല്‍കേണ്ടതില്ല. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകളും സമര്‍പ്പിക്കേണ്ടതില്ല.
5 കിലോ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടര്‍ വര്‍ഷത്തില്‍ എത്ര തവണ വേണമെങ്കിലും റീഫില്‍ ചെയ്യാവുന്നതാണ്. റീഫില്‍ ചെയ്യാന്‍ 10 മിനിറ്റില്‍ താഴെ സമയം മാത്രമേ എടുക്കൂ. അടുത്തിടെ, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് പോലുള്ള ദ്രുത-സേവന പ്ലാറ്റ്ഫോമുകള്‍ വഴി 10 കിലോ ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമാക്കാന്‍ എണ്ണ വിപണന കമ്പനികള്‍ മുന്‍കൈ എടുത്തിട്ടുണ്ട്.
സിറ്റി-ഗ്യാസ് വിതരണ കമ്പനികളും എണ്ണ വിപണന കമ്പനികളും പിഎന്‍ജി കണക്ഷനുകള്‍ വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്‍ഡക്ഷന്‍ സ്റ്റൗ, മണ്ണെണ്ണ എന്നിവയാണ് മറ്റ് ബദല്‍ മാര്‍ഗങ്ങള്‍.


Click it and Unblock the Notifications
