പാചക വാതക വില വീണ്ടും കുറച്ചു; വ്യാപാരികള്‍ക്ക് ആശ്വാസം, പുതുക്കിയ നിരക്ക് ഇങ്ങനെ
ന്യൂദല്‍ഹി: ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചതിന് പിന്നാലെ വാണിജ്യാവശ്യത്തിനുള്ള പാചത വാതക സിലണ്ടറിന്റെ വിലയും കുറച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില 158 രൂപയാണ് കുറച്ചത്. പുതിയ വിലകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഡല്‍ഹിയിലെ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില 1522 രൂപയാകും.
നേരത്തെ ഗാര്‍ഹിക പാചക വാതകത്തിന്റെ വില കേന്ദ്ര സര്‍ക്കാര്‍ 200 രൂപ കുറച്ചിരുന്നു. വാണിജ്യ, ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില എല്ലാ മാസവും ആദ്യ ദിവസം പരിഷ്‌കരിക്കാറുണ്ട്. ആഗസ്റ്റില്‍ വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചിരുന്നു. ജൂലൈയില്‍ വാണിജ്യ എല്‍ പി ജി ഗ്യാസ് സിലിണ്ടറുകളുടെ വില 7 രൂപ വീതം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

മെയ്, ജൂണ്‍ മാസങ്ങളില്‍ വാണിജ്യ എല്‍ പി ജി സിലിണ്ടറുകള്‍ക്ക് തുടര്‍ച്ചയായി വില കുറച്ചിരുന്നു. മേയില്‍ വാണിജ്യ എല്‍ പി ജി സിലിണ്ടറിന്റെ വില 172 രൂപ കുറച്ചപ്പോള്‍ ജൂണില്‍ 83 രൂപയാണ് കുറച്ചത്. ഏപ്രിലില്‍ 91.50 രൂപയും കുറച്ചിരുന്നു. മാര്‍ച്ച് മാസത്തില്‍ വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വില യൂണിറ്റിന് 350.50 രൂപയും ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ക്ക് യൂണിറ്റിന് 50 രൂപയും വര്‍ധിപ്പിച്ചിരുന്നു.
പണപ്പെരുപ്പം കാരണം ജനജീവിതം ദുസഹമായ സാഹചര്യത്തില്‍ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിലുണ്ടായ ഇടിവ് വ്യാപാരികള്‍ക്ക് ആശ്വാസകരമാകും. അതേസമയം നിര്‍ണായകമായ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് തീരുമാനം എന്നതും ശ്രദ്ധേയമാണ്. അതേസമയം വാണിജ്യ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടര്‍ വില കുറയ്ക്കുന്നത് പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് പ്രതിസന്ധിയുണ്ടാക്കും.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങി മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികളെ വിലയിടിവ് ബാധിക്കുക. അതേസമയം പ്രതിസന്ധി നേരിടുന്ന ഇവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം അനുവദിച്ചേക്കും. കഴിഞ്ഞ മാസം ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 50 രൂപ വീതം എണ്ണ കമ്പനികള്‍ ഉയര്‍ത്തിയിരുന്നു. മെയ് മാസത്തില്‍ രണ്ട് തവണയാണ് വില ഉയര്‍ത്തിയത്.












Click it and Unblock the Notifications