LPG Price: പാചക വാതക സിലിണ്ടര്‍ വില കുറച്ചു; കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടര്‍ വില കുറയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 14 കിലോയുടെ സിലിണ്ടറിന് 200 രൂപ കുറയും. പണപ്പെരുപ്പം കാരണം ജനജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് മന്ത്രിസഭാ തീരുമാനം. നിര്‍ണായകമായ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് തീരുമാനം എന്നതും ശ്രദ്ധേയമാണ്.
വര്‍ധിച്ച വിലക്കയറ്റ വേളയില്‍ എല്‍പിജി സിലിണ്ടര്‍ വില കുറയുന്നത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങി മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നതാണ് തീരുമാനം. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിക്കും.

ഡല്‍ഹിയില്‍ പാചക വാതക സിലിണ്ടറിന് 1053 രൂപയാണ് വില. മുംബൈയില്‍ 1052, ചെന്നൈയില്‍ 1068, കൊല്‍ക്കത്തയില്‍ 1079 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ വില. കഴിഞ്ഞ മാസം ഓരോ സിലിണ്ടറിനും 50 രൂപ വീതം എണ്ണ കമ്പനികള്‍ ഉയര്‍ത്തിയിരുന്നു. മെയ് മാസത്തില്‍ രണ്ടു തവണയും വില ഉയര്‍ത്തി. മൂന്ന് ഘട്ടങ്ങളിലായി ഉയര്‍ത്തിയ വിലയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.
നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന ഘട്ടത്തില്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ്. അടുത്ത ഏപ്രിലില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഇതോടൊപ്പം ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂലൈയിലെ പണപ്പെരുപ്പ നിരക്ക് 7.44 ആണ്. 15 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജനജീവിതം ദുസ്സഹമായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി വരവെയാണ് പാചകവാതക സിലിണ്ടറിന് വിലകുറച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിക്ക് കീഴിലുള്ള സിലിണ്ടറുകള്‍ക്ക് 200 രൂപ അഡീഷനല്‍ സബ്‌സിഡിയായി അനുവദിക്കും. 2016ലാണ് ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അഞ്ച് കോടി ഗ്യാസ് കണക്ഷനുകളാണ് ഈ പദ്ധതി പ്രകാരം നല്‍കിയത്. ഉജ്വല യോജന പദ്ധതി പ്രകാരം സിലിണ്ടര്‍ വാങ്ങുന്നവര്‍ക്ക് ഫലത്തില്‍ 400 രൂപയുടെ കുറവുണ്ടാകും. ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഓണം-രക്ഷാബന്ധന്‍ സമ്മാനമാണിതെന്ന് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 75 ലക്ഷം വനിതകള്‍ക്ക് കൂടി സൗജന്യ എല്‍പിജി കണക്ഷനുകള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications