ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു മുന്‍ഗണന; പാചകവാതക ക്ഷാമം അധികം നീണ്ടു നില്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കാരണം ഇന്ത്യയില്‍ നേരിടുന്ന പാചകവാതക (എല്‍പിജി), ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടുമെന്ന ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. പുതിയ വിതരണ മാര്‍ഗങ്ങള്‍ കണ്ടെത്തിയതും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ചതും കാരണമാണ് പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന പ്രതീക്ഷ കേന്ദ്ര സര്‍ക്കാര്‍ പങ്കുവയ്ക്കുന്നത്. അമേരിക്കയില്‍ നിന്നും നോര്‍വേയില്‍ നിന്നും പ്രകൃതിവാതകം ഇറക്കുമതി ചെയ്യാനാണ് നീക്കം. ദൂരക്കൂടുതല്‍ ഉണ്ടെങ്കിലും ഈ രാജ്യങ്ങളില്‍ നിന്ന് ഗ്യാസ് ഇറക്കുമതി ചെയ്യുന്നതാണ് ഇപ്പോള്‍ സാമ്പത്തികമായി ലാഭകരമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ആഭ്യന്തര എല്‍പിജി ഉത്പാദനവും വര്‍ധിപ്പിച്ചിട്ടുണ്ട്
അതേസമയം, യുഎസില്‍ നിന്നും നോര്‍വേയില്‍ നിന്നുമുള്ള കപ്പലുകള്‍ ഇന്ത്യയിലെത്താന്‍ കൂടുതല്‍ സമയമെടുക്കും എന്നതിനാല്‍, ഈ ഇടവേളയില്‍ രാജ്യത്ത് ചെറിയ തോതിലുള്ള പാചകവാതക ക്ഷാമം തുടരാന്‍ സാധ്യതയുണ്ട്. സാധാരണക്കാരുടെ വീടുകളിലേക്കുള്ള പാചകവാതക വിതരണം തടസപ്പെടാതിരിക്കാന്‍ വ്യവസായ മേഖലയേക്കാള്‍ വീടുകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യത്തെ ആഭ്യന്തര പാചകവാതക ഉല്‍പ്പാദനത്തില്‍ 10 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്.

രാജ്യത്തെ എല്ലാ എണ്ണ ശുദ്ധീകരണശാലകളിലും ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ലഭ്യമായ പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത് ഒഴിവാക്കി പാചകവാതക നിര്‍മ്മാണത്തിനായി ഉപയോഗിക്കാനാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. ഈ നടപടികള്‍ വരും ആഴ്ചകളില്‍ വിപണിയിലെ പ്രതിസന്ധി പൂര്‍ണമായും ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം ഇന്ധന ഇറക്കുമതിയില്‍ തടസങ്ങള്‍ നേരിട്ടതിനെത്തുടര്‍ന്നാണ് രാജ്യം പ്രതിസന്ധിയിലായത്. അമേരിക്ക, നോര്‍വേ എന്നിവിടങ്ങളില്‍ നിന്നുള്ള പുതിയ വിതരണ മാര്‍ഗങ്ങള്‍ സാമ്പത്തികമായി ലാഭകരമാണെന്ന് കണ്ടെത്തിയതോടെ അവിടെനിന്ന് ഗ്യാസ് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഈ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ ഇന്ത്യയിലെത്താന്‍ ഏകദേശം രണ്ടു മാസത്തോളം സമയമെടുക്കും.
നിലവിലെ സാഹചര്യത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി വിതരണത്തിനുമാണ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇവയുടെ ആവശ്യം 100 ശതമാനവും നിറവേറ്റിയ ശേഷം മാത്രമേ വളം നിര്‍മ്മാണ ശാലകള്‍ക്കും മറ്റ് വ്യവസായങ്ങള്‍ക്കും ഗ്യാസ് നല്‍കുകയുള്ളൂ. ഹോട്ടല്‍ ഉടമകളുടെയും റെസ്റ്റോറന്റുകളുടെയും ആശങ്ക പരിഹരിക്കാനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്യാനുള്ള കാലാവധി 21 ദിവസത്തില്‍ നിന്ന് 25 ദിവസമായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും വരും ആഴ്ചകളില്‍ പുതിയ സ്റ്റോക്ക് എത്തുന്നതോടെ വിതരണം പഴയപടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications