എൽപിജി ക്ഷാമം: ഇനി ദിവസം രണ്ട് നേരം മാത്രം ഭക്ഷണം, പിജി മെനുവിൽ നിന്ന് ദോശയും പൂരിയും ചപ്പാത്തിയും ഔട്ട്
എൽപിജി ക്ഷാമം പൊതുജനത്തെയാകെ വലച്ചിരിക്കുകയാണ്. പലരും വിറക് അടുപ്പുകളിലേക്കും ഇൻഡക്ഷൻ സ്റ്റൌവിലേക്കുമൊക്കെ പാചകം മാറ്റിയിരിക്കുകയാണ്. പലയിടത്തും ഹോട്ടലുകൾ പൂട്ടിക്കഴിഞ്ഞു. ബംഗളൂരുവിലെ പേയിങ് ഗസ്റ്റ് താമസസ്ഥലങ്ങളും എൽപിജി ക്ഷാമത്തിൽ വലഞ്ഞിരിക്കുകയാണ്.
ബെംഗളൂരുവിലെ 10 ലക്ഷത്തിലധികം പിജി താമസക്കാരെയാണ് ഈ പ്രശ്നം കാര്യമായി ബാധിച്ചിരിക്കുന്നത്. എൽപിജി ക്ഷാമം നേരിടാൻ ഇവിടങ്ങളിൽ താൽക്കാലിക നടപടികൾ ആരംഭിച്ചിട്ടുണ്ട്. പാചകവാതകം മിതമായി ഉപയോഗിക്കാനും അതേസമയം താമസക്കാർക്ക് ഭക്ഷണം മുടങ്ങാതെ നൽകാനും പിജി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ നിർദേശം നൽകിയിട്ടുണ്ട്.
അസോസിയേഷന്റെ നിർദേശമനുസരിച്ച് താമസക്കാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ എണ്ണം കുറയ്ക്കും. പ്രവർത്തി ദിവസങ്ങളായ തിങ്കൾ മുതൽ വെള്ളി വരെ ഒരു ദിവസം രണ്ട് നേരം മാത്രമായിരിക്കും ഭക്ഷണം നൽകുക. എന്നാൽ, ശനി, ഞായർ ദിവസങ്ങളിൽ മൂന്ന് നേരത്തെ ഭക്ഷണം പതിവുപോലെ തുടരും.

ഈ താൽക്കാലിക നടപടി പാചകവാതകത്തിൻ്റെ ഉപയോഗം കുറയ്ക്കുന്നതിനും ആയിരക്കണക്കിന് പിജി താമസക്കാർക്ക് അവശ്യഭക്ഷണം ലഭ്യമാക്കുന്നതിനും സഹായിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു. അതേസമയം, ഹൈ-ഗ്യാസ് ഉപഭോഗം ആവശ്യമുള്ള ദോശ, പൂരി, ചപ്പാത്തി പോലുള്ള വിഭവങ്ങൾ ഒഴിവാക്കാനും നിർദേശമുണ്ട്. ഇവയ്ക്ക് പകരം ലളിതമായ വിഭവങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ പിജി അടുക്കളകൾക്ക് എൽപിജി ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
പിജി മുറികളിൽ താമസക്കാർ സ്വന്തമായി എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. വ്യക്തിഗത പാചകം മൊത്തം ഉപയോഗം വർദ്ധിപ്പിക്കുമെന്നും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഇൻഡക്ഷൻ സ്റ്റൗ പോലുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുവാദമുണ്ട്.
എൽപിജിയോടുള്ള ആശ്രയം കുറയ്ക്കുന്നതിനായി ഇലക്ട്രിക് പാചക രീതികളിലേക്ക് മാറാൻ പിജി നടത്തിപ്പുകാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചെറുതും ഇടത്തരവുമായ പിജി സൗകര്യങ്ങൾക്കായി 20 ലിറ്റർ ഇലക്ട്രിക് റൈസ് കുക്കറുകൾ ഉപയോഗിക്കാൻ അസോസിയേഷൻ ശുപാർശ ചെയ്തു.
ഈ ഉപകരണങ്ങൾക്ക് വൈദ്യുതി ഉപയോഗിച്ച് വലിയ അളവിൽ അരി വേവിക്കാൻ കഴിയും, ഇത് ക്ഷാമകാലത്ത് ഭക്ഷണം തയ്യാറാക്കൽ എളുപ്പമാക്കും. സമീപത്തുള്ള പിജികൾക്ക് പാചക സൗകര്യങ്ങൾ പങ്കുവെക്കുകയും ചെയ്യാം. ഒരു അടുക്കളയിൽ ഭക്ഷണം പാകം ചെയ്ത് സമീപത്തുള്ള മറ്റ് പിജികളിലേക്ക് വിതരണം ചെയ്യുന്നതും അസോസിയേഷൻ പ്രോത്സാഹിപ്പിക്കുന്നു. ഈ നടപടികൾ താൽക്കാലികമാണെന്നും, എന്നാൽ ഭക്ഷണ വിതരണത്തിൽ വലിയ തടസ്സങ്ങൾ ഒഴിവാക്കാൻ ഇത് അത്യാവശ്യമാണെന്നും പിജി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ വ്യക്തമാക്കി.
നഗരത്തിൽ എൽപിജി വിതരണം സാധാരണ നിലയിലാക്കാൻ അധികൃതരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും അസോസിയേഷൻ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളാണ് എൽപിജി ക്ഷാമത്തിന് പ്രധാന കാരണം. ഇത് ആഗോള പാചകവാതക ലഭ്യതയെ സാരമായി ബാധിച്ചതായും വിതരണത്തിൽ തടസ്സങ്ങളുണ്ടാക്കിയതായും അസോസിയേഷൻ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications