ഭക്ഷണത്തിന്റെ ബില്ലിനൊപ്പം 30 രൂപ ഗ്യാസ് ചാര്‍ജ്; ബെംഗളൂരുവില്‍ ഹോട്ടലുകള്‍ക്കെതിരേ പ്രതിഷേധം
ബെംഗളൂരു: പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം ഒട്ടും അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പാചകവാതക ക്ഷാമം ഉടനെയൊന്നും അവസാനിക്കുന്ന മട്ടില്ല. കടുത്ത ഗ്യാസ് ക്ഷാമത്തില്‍ ഏറ്റവും കൂടുതല്‍ വലയുന്നത് ഹോട്ടലുകളാണ്. പല ഹോട്ടലുകളും തങ്ങളുടെ മെനുവില്‍ വലിയ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. ഗ്യാസ് കത്തിക്കേണ്ട വിഭവങ്ങള്‍ പലതും ഒഴിവാക്കി. ദക്ഷിണേന്ത്യക്കാരുടെ പ്രിയ വിഭവമായ ദോശയും വടയുമൊക്കെ മെനുവില്‍ നിന്ന് പുറത്തായി. പകരം ബ്രഡ് വിഭവങ്ങളായ സാന്റ്‌വിച്ചും മറ്റുമാണ് മെനുവില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതില്‍ ഉപഭോക്താക്കളും വലിയ അസംതൃപ്തിയിലാണ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിനാണ് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്.
ബെംഗളൂരുവില്‍ പാചകവാതക ക്ഷാമം ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുകയാണ്. നഗരത്തിലെ പല ഹോട്ടലുകളും ഭക്ഷണത്തിന് വില വര്‍ധിപ്പിച്ചുകഴിഞ്ഞു. ബില്ലില്‍ പ്രത്യേകമായി 'ഗ്യാസ് ചാര്‍ജ്' ഈടാക്കുന്ന അവസ്ഥയാണുള്ളത്. കടുത്ത ഗ്യാസ് ക്ഷാമവും ബദല്‍ ഇന്ധനങ്ങളുടെ ഉയര്‍ന്ന വിലയുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.

ദൊഡ്ഡനേകുന്തിയിലെ പ്രശസ്തമായ 'മിസ്റ്റര്‍ ആന്ധ്ര മീല്‍സ്' എന്ന റെസ്റ്റോറന്റ് ഓരോ ബില്ലിലും 30 രൂപ വീതം ഗ്യാസ് ചാര്‍ജ് ആയി അധികം വാങ്ങുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഉപഭോക്താക്കള്‍ കടുത്ത ഭാഷയിലാണ് ഹോട്ടലിന്റെ ഈ നീക്കത്തെ വിമര്‍ശിക്കുന്നത്. ഗ്യാസ് ക്ഷാമത്തിന്റെ മറവില്‍ ഹോട്ടലുകള്‍ പകല്‍കൊള്ള നടത്തുകയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
അതേസമയം, ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ മറ്റ് വഴികളില്ലെന്നാണ് ഉടമകളുടെ വാദം. അതുപോലെ നഗരത്തിലെ 'കൃഷ്ണ വൈഭവ' ഹോട്ടല്‍ എല്ലാ വിഭവങ്ങള്‍ക്കും അഞ്ചു രൂപ മുതല്‍ 10 രൂപ വരെ വില വര്‍ധിപ്പിച്ചു. സമാനമായ രീതിയില്‍ ബെംഗളൂരുവിലെ ഭൂരിഭാഗം ഹോട്ടലുകളും ലഘുഭക്ഷണങ്ങള്‍ക്കും ചായയ്ക്കും വരെ വില കൂട്ടിയിട്ടുണ്ട്. ലക്ഷക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന ബെംഗളൂരു പോലുള്ള നഗരത്തില്‍ ഭക്ഷണ വില ഉയരുന്നത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. പേയിങ് ഗസ്റ്റായി താമസിക്കുന്ന ആയിരക്കണക്കിന് പേര്‍ ഭക്ഷണം ലഭിക്കാതെ വലയുകയാണ്.
ഗ്യാസ് ലഭ്യത കുറഞ്ഞതോടെ പല ചെറുകിട മെസുകളും ടിഫിന്‍ സെന്ററുകളും പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തുകയോ പൂര്‍ണമായി അടച്ചുപൂട്ടുകയോ ചെയ്തു. മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്ന കടകള്‍ പലതും ഗ്യാസിന് പകരം വിറകടുപ്പുകളിലേക്ക് മാറി. ഇത് കൂടുതല്‍ അധ്വാനവും സമയവും ആവശ്യമായ ഒന്നാണ്. വൈറ്റ്ഫീല്‍ഡിലെ പേയിംഗ് ഗസ്റ്റ് സൗകര്യങ്ങളില്‍ താമസിക്കുന്ന ഐടി ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും ഈ പ്രതിസന്ധി കാര്യമായി ബാധിച്ചു. പല പിജികളും ഉച്ചഭക്ഷണം നല്‍കുന്നത് നിര്‍ത്തലാക്കുകയും താമസക്കാര്‍ക്ക് സ്വയം പാചകം ചെയ്യാനുള്ള സൗകര്യം പിന്‍വലിക്കുകയും ചെയ്തു. പാചകവാതക വിതരണം ഉടന്‍ പഴയ നിലയിലായില്ലെങ്കില്‍ ഭക്ഷണത്തിന് ഇനിയും വലിയ വിലക്കയറ്റം ഉണ്ടാകുമെന്നാണ് ഹോട്ടല്‍ ഉടമകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.












Click it and Unblock the Notifications