സവര്‍ക്കര്‍ക്ക് എതിരായ പ്രസംഗം, രാഹുൽ ഗാന്ധിക്കെതിരെ അന്വേഷണത്തിന് നിർദേശിച്ച് ലഖ്‌നൗ കോടതി
ലഖ്‌നൗ: വിഡി സവര്‍ക്കര്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് ലഖ്‌നൗ കോടതി. സിആര്‍പിസി 202(1) വകുപ്പ് പ്രകാരമാണ് ലഖ്‌നൗ കോടതി രാഹുലിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് മഹാരാഷ്ട്രയില്‍ വെച്ച് രാഹുല്‍ ഗാന്ധി വിഡി സര്‍ക്കര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.
സബ് ഇന്‍സ്‌പെക്ടര്‍ തലത്തിലുളള ഉദ്യോഗസ്ഥന്‍ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അംബരിഷ് കുമാര്‍ ശ്രീവാസ്തവ നിര്‍ദേശിച്ചു. ആരോപണ വിധേയനായ രാഹുല്‍ ഗാന്ധി ദില്ലി സ്വദേശിയും സംഭവം നടന്നത് മഹാരാഷ്ട്രയിലെ അകോലയിലും ആയത് കൊണ്ട് ഈ പരാതി കോടതിയുടെ അധികാര പരിധിക്കുളളില്‍ അല്ലെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ സംഭവത്തില്‍ അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം എന്നാണ് ഹസ്രത്ത്ജംഗ് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയ്ക്ക് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. അഡ്വക്കേറ്റ് നൃപേന്ദ്ര പാണ്ഡെയാണ് പരാതിക്കാരന്‍. നവംബര്‍ 17ന് ഭാരത് ജോഡോ യാത്രയില്‍ വെച്ച് വിഡി സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സേവകന്‍ എന്ന് രാഹുല്‍ ഗാന്ധി വിളിക്കുകയും അദ്ദേഹം ബ്രിട്ടീഷുകാരില്‍ നിന്ന് പെന്‍ഷന്‍ പറ്റിയെന്ന് ആരോപിക്കുകയും ചെയ്തു എന്നാണ് നൃപേന്ദ്ര പാണ്ഡെയുടെ പരാതിയില്‍ പറയുന്നത്.
രാഹുല്‍ ഗാന്ധിയുടെ ഉദ്ദേശം സമൂഹത്തില്‍ വിദ്വേഷം പരത്തുക എന്നതായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു. വിപ്ലവകാരി ദാമോദര്‍ ദേശീയതയെന്ന ആശയം ഉയര്‍ത്തിപ്പിടിച്ച നേതാവാണ്. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരനായ പോരാളിയാണ് അദ്ദേഹം.. ഭാരതത്തെ ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുന്നതിന് വേണ്ടിയുളള പോരാട്ടത്തില്‍ നിരവധി ക്രൂരതകളാണ് അദ്ദേഹത്തിന് ബ്രിട്ടീഷുകാരില്‍ നിന്ന് നേരിടേണ്ടി വന്നത്. രാഹുല്‍ ഗാന്ധി അധിക്ഷേപകരമായ വാക്കുകളിലൂടെ സവര്‍ക്കറെ അപമാനിച്ചിരിക്കുകയാണ്, എന്നും പരാതിയില്‍ പറയുന്നു.
സവർക്കർക്ക് എതിരെയുളള പരാമർശങ്ങളിലൂടെ നേരത്തെയും രാഹുൽ ഗാന്ധി പലതവണ പുലിവാൽ പിടിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി രാഹുൽ ഗാന്ധി എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട സംഭവത്തിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലെ പരാമർശവും വിവാദമായിരുന്നു. മാപ്പ് പറയാൻ താൻ സവർക്കർ അല്ല ഗാന്ധിയാണ് എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. ഈ പരാമർശം മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തെ ചൊടിപ്പിച്ചു. തുടർന്ന് രാഹുൽ ഗാന്ധി ഇത്തരം പരാമർശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications