ബെംഗളൂരിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്; 21 വരെ വൻ ഓഫർ
ബെംഗളൂരുവിൽ ആറാമത്തെ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്. ഓൾഡ് മദ്രാസ് റോഡിലെ നാഗവാരപാളയ, സി.വി. രാമൻ നഗർ പ്രദേശത്തുള്ള ഗോപാലൻ ഗ്രാൻഡ് മാളിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. മെയ് 3-ന് സോഫ്റ്റ് ലോഞ്ച് നടത്തിയ സ്റ്റോർ ഇപ്പോൾ പൊതുജനങ്ങൾക്കായി തുറന്നിരിക്കുകയാണ്. ഇതോടെ രാജ്യത്തെ ലുലു സ്റ്റോറുകളുടെ എണ്ണം 18 ആയി.
ബെംഗളൂരുവിലെ ലുലു സ്റ്റോറുകൾക്ക് ലഭിച്ച മികച്ച പ്രതികരണമാണ് പുതിയ നിക്ഷേപത്തിന് പ്രചോദനമായതെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ അതിവേഗം വളരുന്ന റീട്ടെയിൽ വിപണിയിൽ സാന്നിധ്യം കൂടുതൽ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം ആരംഭിച്ചതെന്നും അധികൃതർ വ്യക്തമാക്കി. പുതിയ ഹൈപ്പർമാർക്കറ്റിലൂടെ പ്രാദേശിക തലത്തിൽ 1,000-ത്തിലധികം ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.

58,516 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 200-ത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനാകുന്ന വിശാലമായ പാർക്കിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
"ഓൾഡ് മദ്രാസ് റോഡിനെയും സമീപ പ്രദേശങ്ങളിലെയും വൈവിധ്യമാർന്ന സമൂഹത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തിയാണ് സ്റ്റോർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റോറിന്റെ രൂപകൽപ്പന മുതൽ ഉൽപ്പന്നങ്ങളുടെ തിരഞ്ഞെടുപ്പ് വരെ പ്രീമിയം നിലവാരമുള്ളതും എല്ലാവർക്കും പ്രാപ്യമാകുന്നതുമായ റീട്ടെയിൽ അനുഭവം നൽകാനുള്ള ലുലുവിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു', ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി പറഞ്ഞു.
ആഗോള നിലവാരവും പ്രാദേശിക ഉപഭോക്തൃ താൽപ്പര്യങ്ങളും സമന്വയിപ്പിച്ച രീതിയിലാണ് പുതിയ ഹൈപ്പർമാർക്കറ്റിന്റെ പ്രവർത്തനം. പ്രാദേശിക കർഷകരിൽ നിന്ന് ശേഖരിക്കുന്ന ഫാം-ഫ്രഷ് പഴങ്ങളും പച്ചക്കറികളും, ഉയർന്ന നിലവാരമുള്ള മാംസം-കോഴി ഉൽപ്പന്നങ്ങളും, അന്താരാഷ്ട്ര ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച കടൽ വിഭവങ്ങളും ഇവിടെ ലഭ്യമാണ്.
ഇന്ത്യൻ, അന്താരാഷ്ട്ര ബ്രാൻഡുകളിലെ പാൽ ഉൽപ്പന്നങ്ങൾ, ബേക്കറി വിഭവങ്ങൾ, പാനീയങ്ങൾ, പാക്കേജ്ഡ് ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കൊപ്പം വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, ശുചീകരണ സാമഗ്രികൾ, അടുക്കള ഉപകരണങ്ങൾ, മറ്റ് ഗാർഹികോപകരണങ്ങൾ എന്നിവയും ഹൈപ്പർമാർക്കറ്റിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
എംഎ യൂസഫലിയും സി ഗോപാലനും ചേർന്നാണ് സ്റ്റോർ ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പും ഗോപാലൻ ഗ്രൂപ്പും തമ്മിലുള്ള ദീർഘകാല സഹകരണത്തിന്റെ പ്രതിഫലനമാണ് പുതിയ സംരംഭമെന്ന് ചടങ്ങിൽ ഇരുവരും അഭിപ്രായപ്പെട്ടു. ചടങ്ങിൽ അഷ്റഫ് അലി എം.എ. (എക്സിക്യൂട്ടീവ് ഡയറക്ടർ, ലുലു ഗ്രൂപ്പ് ഇന്ത്യ), നിഷാദ് എം.എ. (ഡയറക്ടർ & സി.ഇ.ഒ., ലുലു ഗ്രൂപ്പ് ഇന്ത്യ), ഫാഹാസ് അഷ്റഫ് (ഡയറക്ടർ & സി.ഒ.ഒ., ലുലു ഗ്രൂപ്പ് ഇന്ത്യ), ജയകുമാർ ഗംഗാധരൻ (ഡയറക്ടർ, യു.പി., ന്യൂഡൽഹി, തെലങ്കാന), ഷെരീഫ് കെ.കെ. (റീജിയണൽ ഡയറക്ടർ, ലുലു കർണാടക റീജിയൺ) തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 17 മുതൽ 21 വരെ വിവിധ ഉൽപ്പന്ന വിഭാഗങ്ങളിൽ പ്രത്യേക ഓഫറുകളും കിഴിവുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് ലുലു ഹൈപ്പർമാർക്കറ്റ് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications