ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും
ചെന്നൈ മെട്രോ സ്റ്റേഷനുകളിൽ ലുലു ഗ്രൂപ്പിന്റെ പുതിയ റീട്ടെയിൽ ഔട്ട്ലെറ്റുകൾ അടുത്ത മാസം പ്രവർത്തനം തുടങ്ങും. ഷേണായ് നദഖിലും ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷനിലുമാണ് സംരംഭം തുറക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ തന്നെ മാളുകൾ തുറക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും പ്രവൃത്തികൾ നീളുകയായിരുന്നു.
ഷെണോയ് നഗർ മെട്രോ സ്റ്റേഷനിൽ ലുലു ഹൈപ്പർമാർക്കറ്റ് ആണ് തുറക്കുക. തിരുവികാ പാർക്കിന് താഴെയുള്ള വിശാലമായ ബേസ്മെന്റ് ഏരിയയിൽ 1 ലക്ഷം ചതുരശ്ര അടിയിലധികം (ഏകദേശം 100,000 ചതുരശ്ര അടി) വിസ്തീർണ്ണത്തിലാണ് ഹൈപ്പർമാർക്കറ്റ് വരുന്നത്. ഇവിടെ പലചരക്ക്, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയെല്ലാം ലഭ്യമാകും. ഇവിടുത്തെ പ്രധാന ആകർഷണം ഏകദേശം 600 പേർക്ക് ഇരിക്കാൻ കഴിയുന്ന ഒരു മിനിപ്ലക്സ് തിയേറ്ററാണ്. നഗരത്തിലെ സിനിമാശാലകളെപ്പോലെ ഏറ്റവും പുതിയ സിനിമകൾ ഇവിടെയും ആസ്വദിക്കാം. യാത്രക്കാർക്കും പ്രദേശവാസികൾക്കും ഇത് പുതിയ ഷോപ്പിംഗ് അനുഭവമൊരുക്കും.

400-ൽ അധികം കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. കളിക്കാനുള്ള സ്ഥലങ്ങൾ, ജോഗിംഗ് ട്രാക്കുകൾ, തുറന്ന സ്ഥലങ്ങൾ തുടങ്ങിയ പാർക്കിന്റെ നിലവിലുള്ള സൗകര്യങ്ങളും ചേരുമ്പോൾ, വലിയ ജനക്കൂട്ടത്തെ ആകർഷിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അതേസമയം ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷനിൽ ലുലു ഡെയ്‌ലി സ്റ്റോറാണ് വരുന്നത്. ടിക്കറ്റ് കൗണ്ടറിന് സമീപമുള്ള കോൺകോഴ്സ് ലെവലിൽ ഏകദേശം 40,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഇത് ഒരുങ്ങുന്നത്. വലിയ ഹൈപ്പർമാർക്കറ്റിന് പകരം ഒതുങ്ങിയതും സൗകര്യപ്രദവുമായ രൂപകൽപ്പനയാണ് ഇവിടെയുള്ളത്.
"ഷേണായ് നഗർ സ്റ്റേഷനെ ഒരു ഊർജ്ജസ്വലമായ കേന്ദ്രമാക്കാനാണ് ലക്ഷ്യം. ലുലു ഹൈപ്പർമാർക്കറ്റിന് പുറമെ, ഒരു ഫൺ സിറ്റി, രണ്ട് റെസ്റ്റോറന്റുകൾ, ഒരു ഫുഡ് കോർട്ട് എന്നിവയുമുണ്ടാകും',CMRL-ൽ നിന്ന് സ്ഥലങ്ങൾ പാട്ടത്തിനെടുത്ത ഗ്രേസ് സർവീസസ് ഉടമ ചാൾസ് വസന്തകുമാർ പറഞ്ഞു.ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ചെന്നൈ സെൻട്രലിലെ ഈ സ്റ്റോർ, യാത്രാമധ്യേയുള്ളവർക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം വലിയ വാണിജ്യ സ്ഥാപനങ്ങൾ കൂടുതൽ ആളുകളെ മെട്രോ യാത്രയിലേക്ക് ആകർഷിക്കുമെന്നും ദീർഘകാലാടിസ്ഥാനത്തിൽ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുമെന്നും സിഎംആർഎൽ ഉദ്യോഗസ്ഥരും പ്രതികരിച്ചു. അതേസമയം വിംകോ നഗരത്തിൽ മൂന്നാമതൊരു ഔട്ട് ലെറ്റുകൂടി ലുലുവിൻ്റേതായി ഒരുങ്ങുന്നുണ്ട്. ഇത് പിന്നീട് തുറക്കാനാണ് സാധ്യത.












Click it and Unblock the Notifications