ലുലു ഗ്രൂപ്പ് ഒഡീഷയേയും കൈവിടില്ല: ആദ്യം കയറ്റുമതി; പിന്നാലെ വരുന്നു വമ്പന്‍ മാളുകളും
ഭുവനേശ്വർ: ഒഡീഷയില്‍ നിന്നുള്ള ഭക്ഷ്യകയറ്റുമതി വിപുലീകരിച്ച് ലുലു ഗ്രൂപ്പ്. ദുബായിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ വ്യാപാര പ്രദർശനമായ ഗൾഫുഡ് 2025 ൽ വെച്ച് ഇത് സംബന്ധിച്ച കരാറില്‍ ഹൈലാൻഡ് ഗ്രൂപ്പും ലുലുവും തമ്മില്‍ ഒപ്പുവെച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സി ഇ ഒ സൈഫി രൂപവാല എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് സി ഒ ഒ സലീമും ഹൈലാൻഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പ്രതീക് ജെനയും തമ്മിലാണ് ഇറക്കുമതി കരാറില്‍ ഏർപ്പെട്ടത്.
കരാറിന്റെ ഭാഗമായി, ലുലു ഗ്രൂപ്പിന്റെ ഉന്നതതല പ്രതിനിധി സംഘം തിങ്കളാഴ്ച ഒഡീഷ സന്ദർശിക്കുകയും ഉല്‍പന്ന ഉറവിട സാധ്യതകൾ പര്യവേക്ഷണം ചെയ്യുകയും ഉൽപാദന സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്യും. "മേഖലയിലുടനീളവും ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ സ്റ്റോറുകളിലേക്ക് ഉയർന്ന നിലവാരമുള്ള പഴങ്ങൾ, പച്ചക്കറികൾ, അരി, സമുദ്രവിഭവങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് ഒഡീഷയിൽ വലിയ സാധ്യതകൾ ഞങ്ങൾ മുന്നില്‍ കാണുന്നു. അവസരങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ ഞങ്ങളുടെ ടീം സംസ്ഥാനം സന്ദർശിക്കും. കയറ്റുമതി പ്രവർത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കും" യൂസഫലി പറഞ്ഞു.

ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതിന് പുറമെ ഒഡീഷയിൽ ലോകോത്തര ഷോപ്പിംഗ് മാളുകളും ഹൈപ്പർമാർക്കറ്റുകളും സ്ഥാപിക്കാനുള്ള അവസരങ്ങളും ലുലു ഗ്രൂപ്പ് തേടുന്നുണ്ട്. അടുത്തകാലത്തായി ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്ന ലുലു വിവിധ സംസ്ഥാനങ്ങളില്‍ പുതിയ മാളുകളും ഹൈപ്പർ മാർക്കറ്റുകളും സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.
കയറ്റുമതി ഗുണനിലവാരമുള്ള അരി, സമുദ്രവിഭവങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ ഒഡീഷയ്ക്ക് വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന് ഹൈലാൻഡ് ഗ്രൂപ്പ് ചെയർമാൻ രബീന്ദ്ര ജെന പറഞ്ഞു. "സംസ്ഥാനത്തിന്, പ്രത്യേകിച്ച് കാർഷിക മേഖലയിൽ, സാമ്പത്തിക വളർച്ചയുടെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗം കൊണ്ടുവരാൻ സഹായിക്കുന്ന എല്ലാ സാധ്യമായ സഹകരണ വഴികളും തേടുന്നതിന് ലുലു ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്," അദ്ദേഹം വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലുടനീളം 257 ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളുമുള്ള ലുലു ഗ്രൂപ്പ് പ്രതിദിനം 6.5 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ സേവനം നൽകുകയും 8 ബില്യൺ ഡോളറിലധികം വാർഷിക വിറ്റുവരവ് ഉണ്ടാക്കുകയും ചെയ്യുന്ന ഏഷ്യയിലെ തന്നെ ഏറ്റവും പ്രമുഖമായ റീടെയില്‍ കമ്പനിയാണ്. നിലവിൽ 25 ഓളം രാജ്യങ്ങളിൽ നിന്നായുള്ള ഉത്പന്നങ്ങള്‍ ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ലഭ്യമാണ്.
സമുദ്രോത്പന്നം, റിയൽ എസ്റ്റേറ്റ്, പിവിസി പൈപ്പുകൾ, സ്റ്റീൽ, ഖനനം, ഐടി, റീട്ടെയിൽ എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഹൈലാൻഡ്. ഒഡീഷയിലെ അത്യാധുനിക സംസ്കരണ സൗകര്യത്തിന്റെ പിന്തുണയോടെ അക്വാകൾച്ചർ, സമുദ്രോത്പന്ന സംസ്കരണം, കയറ്റുമതി എന്നിവയിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications