ലുലു ഗ്രൂപ്പിനെ ആന്ധ്രയ്ക്ക് വേണം: യൂസഫ് അലിയെ നായിഡു വിളിക്കും, ജഗന്‍ മുടക്കിയ പദ്ധതി വരുന്നു
വിശാഖപട്ടണം: ആന്ധ്രാ പ്രദേശില്‍ അടുത്തിടെ നടന്ന നിയസമഭ തിരഞ്ഞെടുപ്പില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആർ വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ടി ഡി പിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലും ചന്ദ്രബാബു നായിഡുവിനും കൂട്ടർക്കും സംസ്ഥാനത്ത് നേട്ടമുണ്ടാക്കാനായി.
വൈ എസ് ആർ കോണ്‍ഗ്രസ് മാറി ടി ഡി പി സഖ്യം അധികാരത്തില്‍ വന്നത് മലയാളം വ്യവസായി യൂസഫ് അലിക്കും അദ്ദേഹത്തിന്റെ സംരഭമായ ലുലു ഗ്രൂപ്പിനും വലിയ അനുഗ്രഹമായി മാറിയിരിക്കുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പിന് ഹൈപ്പർ മാർക്കറ്റ് തുറക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ സർക്കാറിന്റെ കാലത്ത് ഇത് സാധ്യമായില്ല.

ജഗന്‍മോഹന്‍ റെഡ്ഡിയെ അപേക്ഷിച്ച് ചന്ദ്രബാബു നായിഡുവിന് ലുലു ഗ്രൂപ്പിനെ വിശാഖപട്ടണത്ത് എത്തിക്കാന്‍ താല്‍പര്യമുണ്ട്. പദ്ധതിയുടെ പുനരുജ്ജീവനം സംബന്ധിച്ച് ലുലു അധികൃതരുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉടൻ ചർച്ച നടത്താൻ പദ്ധതിയിടുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടില്‍ പറയുന്നു.
2014 മുതൽ 2019 വരെയുള്ള ടി ഡി പി സർക്കാരിൻ്റെ കാലത്ത് ആർകെ ബീച്ചിന് സമീപമുള്ള വലിയൊരു സ്ഥലം ലുലുവിന് ഹൈപ്പർമാർക്കറ്റിനായി അനുവദിച്ചിരുന്നു. എന്നാല്‍ 2019-ൽ വൈ എസ് ആർ സി പി അധികാരത്തിൽ വന്നതിന് ശേഷം പദ്ധതി നിർത്തലാക്കി. ലുലു പിന്നീട് പദ്ധതികൾ മാറ്റി ഹൈദരാബാദിൽ ഒരു മാൾ സ്ഥാപിക്കുകയും ചെയ്തു.
വിശാഖപട്ടണത്തിൽ നിന്ന് അമരാവതിയിലേക്ക് മടങ്ങുന്നതിന് മുമ്പ് എയർപോർട്ട് ലോഞ്ചിൽ പ്രാദേശിക എംഎൽഎമാരുമായും എംപിമാരുമായും നായിഡു രാത്രി വൈകി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ വിഷയങ്ങൾ അവർ മുഖ്യമന്ത്രിയോട് ഉന്നയിച്ചു. മഡുഗുളയ്ക്കും ചോടവാരത്തിനും ഇടയിൽ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കണമെന്നായിരുന്നു അനകപ്പള്ളി എംപി സിഎം രമേഷിന്റെ നിർദ്ദേശം.
ഹിന്ദുസ്ഥാൻ സിങ്ക് സൈറ്റിൽ വേദാന്ത ഗ്രൂപ്പ് നിർമ്മിക്കുന്ന ഒരു ബിസിനസ് സെൻ്റർ സംബന്ധിച്ച ചർച്ചകളും നടക്കുന്നുണ്ട്. നഗരപരിധിക്കുള്ളിൽ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നായിഡു ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. അടുത്ത സന്ദർശനത്തിൽ എല്ലാ പ്രശ്നങ്ങളും അവലോകനം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അതേസമയം, ഗുജറാത്തിലും ലുലു ഗ്രൂപ്പ് പ്രവർത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ ചന്ദ്‌ഖേഡയിലെ പ്രധാനപ്പെട്ട ഒരു സ്ഥലം മാള്‍ നിർമ്മാണത്തിനായി ലുലു ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മാള്‍ ആകും ഇവിടെ വരികയെന്ന രീതിയിലാണ് റിപ്പോർട്ട്.
66168 ചതുരശ്ര മീറ്ററുള്ള പ്ലോട്ടിലാണ് മാള്‍ നിർമ്മാണം. സ്ഥലം സ്വന്തമാക്കുന്നതിന് മൂന്ന് ഗ്രൂപ്പുകള്‍ തയ്യാറായിരുന്നു. ലേലത്തില്‍ ഉയര്‍ന്ന തുക നല്‍കിയ ലുലുവിന് സ്ഥലം ലഭിച്ചു. ആദ്യം 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനായിരുന്നു കോര്‍പറേഷന്റെ ആലോചന. എന്നാല്‍ വില്‍പ്പനയ്ക്കുള്ള സാധ്യത ലുലു തേടുകയും ഇതിന് കോര്‍പറേഷനും ഗുജറാത്ത് സര്‍ക്കാരും സമ്മതിക്കുകയായിരുന്നു.
അതോടൊപ്പം തന്നെ, കോഴിക്കോട്, കോട്ടയം ജില്ലകളിലെ ലുലു മാളുകളുടെ നിർമാണമാണ് അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇതില്‍ കോഴിക്കോട്ടെ ലുലു മാളാകും ആദ്യം തുറന്ന് പ്രവർത്തിക്കുക. ഈ മാസം അവസാനം അല്ലെങ്കിൽ അടുത്ത മാസം കോഴിക്കോട്ടെ ലുലു മാൾ പ്രവർത്തനമാരംഭിച്ചേക്കും.
സംസ്ഥാനത്ത് നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് ലുലു ഗ്രൂപ്പിൻ്റെ ലുലു മാളുകൾ പ്രവർത്തിക്കുന്നത്. ഇതില്‍ ഏറ്റവും വലുത് തിരുവനന്തപുരത്തേതാണ്. കോഴിക്കോടിനും കോട്ടയത്തിനും പുറത്തെ മലപ്പുറത്തും ലുലു മാളിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications