ലുലുവിന്റെ മാസ് റീഎന്‍ട്രി.. ആന്ധ്രയിലൊരുക്കുന്നത് മൂന്ന് ഷോപ്പിംഗ് മാള്‍! മറ്റ് പദ്ധതികള്‍ ഇങ്ങനെ

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആന്ധ്രാപ്രദേശിലേക്ക് വീണ്ടും നിക്ഷേപവുമായി മടങ്ങിയെത്തിയിരിക്കുകയാണ് എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ്. ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ചെലവാക്കിയ പണം ഉപേക്ഷിച്ച് ഇനി ആന്ധ്രയിലേക്കില്ല എന്ന് പ്രഖ്യാപിച്ച് കൊണ്ട് മടങ്ങിയതായിരുന്നു യൂസഫലി. എന്നാല്‍ ചന്ദ്രബാബു നായിഡു വീണ്ടും അധികാരത്തിലെത്തിയതോടെ ചിത്രം മാറി.

നായിഡു അധികാരത്തില്‍ തിരിച്ചെത്തിയത് മുതല്‍ ലുലുവിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഒടുവില്‍ മുന്‍പ് പിന്‍വാങ്ങിയ പദ്ധതിയേക്കാള്‍ ഇരട്ടി തുക ചെലവ് വരുന്ന പദ്ധതികളുമായി ലുലു ഗ്രൂപ്പ് ആന്ധ്രാപ്രദേശിലേക്ക് തിരിച്ചെത്തുകയാണ്. 2014-19 കാലത്ത് അധികാരത്തിലിരുന്ന ചന്ദ്രബാബു നായിഡു സര്‍ക്കാരാണ് ആദ്യമായി ലുലുവിനെ ആന്ധ്രാപ്രദേശിലേക്ക് ക്ഷണിക്കുന്നത്.

Lulu

തുറമുഖ, വ്യവസായ നഗരമായ വിശാഖപട്ടണത്ത് 2300 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെ വന്‍ പദ്ധതികള്‍ക്കായിരുന്നു ലുലു ആലോചിച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍, രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവ നിര്‍മിക്കാം എന്നായിരുന്നു ലുലുവിന്റെ വാഗ്ദാനം. ഇതിനായി 14 ഏക്കറോളം സ്ഥലം ലുലു ഗ്രൂപ്പിന് നല്‍കാനും നായിഡു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍സിപി ജയിച്ചതോടെ ജഗന്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി. ജഗന്‍ സര്‍ക്കാര്‍ ലുലുവിനോട് വലിയ താല്‍പര്യം കാണിച്ചില്ല. നായിഡു സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ജഗന്റെ വാദം. ഭൂമിയുടെ മൂല്യം കുറച്ചുകാണിച്ച് കോടികള്‍ വിലമതിക്കുന്ന ഭൂമി ഏക്കറിന് വെറും 4 ലക്ഷം രൂപയ്ക്ക് ലുലു ഗ്രൂപ്പിന് നല്‍കി എന്ന് ജഗന്‍ സര്‍ക്കാര്‍ ആരോപിച്ചു.

മാത്രമല്ല ലുലുവിന് അനുവദിച്ച ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചുപിടിച്ചതോടെ പദ്ധതി ഉപേക്ഷിച്ച് ലുലു ഗ്രൂപ്പ് ആന്ധ്രയില്‍ നിന്ന് പിന്‍വാങ്ങി. പദ്ധതികള്‍ക്ക് തറക്കല്ലിടുകയും കോടികള്‍ ചെലവാക്കുകയും ചെയ്തതിന് ശേഷമായിരുന്നു ഇത്. 2018 ഫെബ്രുവരിയില്‍ ആയിരുന്നു മെഗാ കണ്‍വെന്‍ഷന്‍ സെന്ററിന് ലുലു തറക്കല്ലിട്ടത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് 16 കോടിയോളം ചെലവാക്കിയിരുന്നു.

എന്നാല്‍ ജഗന്റെ പിടിവാശിക്ക് മുന്നില്‍ ലുലുവിന് പദ്ധതി മുന്നോട്ട് കൊണ്ടുപോകാനായില്ല. ഇതോടെ ആന്ധ്രയില്‍ ഇനി നിക്ഷേപ പദ്ധതികള്‍ക്കില്ലെന്ന് ലുലു പ്രഖ്യാപിച്ചു. മാത്രമല്ല ആന്ധ്രയുടെ അയല്‍ സംസ്ഥാനങ്ങളില്‍ ലുലു ശ്രദ്ധ കേന്ദ്രീകരിച്ചു. തെലങ്കാന, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കേരളം, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പെടെ വന്‍ നിക്ഷേപ പദ്ധതികള്‍ ലുലു ഗ്രൂപ്പ് നടപ്പാക്കിയിരുന്നു.

തൊട്ടടുത്ത സംസ്ഥാനമായ തെലങ്കാനയിലെ ഹൈദരാബാദില്‍ ഷോപ്പിംഗ് മാള്‍ ആരംഭിച്ച ലുലു ഗ്രൂപ്പ് 3000 കോടിയോളം രൂപയുടെ അധിക നിക്ഷേപവും വാഗ്ദാനം ചെയ്തു. അതിനിടെ 'ലുലു ലാന്‍ഡ്' എന്ന് പറയപ്പെട്ടിരുന്ന ഈ സ്ഥലം ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ എന്‍ ബി സി സി വഴി ഏക്കറിന് 107 കോടി രൂപ എന്ന കരുതല്‍ വിലയ്ക്ക് ലേലത്തിന് വെച്ചിരുന്നു. എന്നാല്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല.

ഇതിനിടെയാണ് ചന്ദ്രബാബു നായിഡു വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തിയത്. നായിഡു, യൂസഫലിയുമായി കൂടിക്കാഴ്ച നടത്തുകയും വീണ്ടും സംസ്ഥാനത്തേക്ക് ക്ഷണിക്കുകയും ചെയ്തു. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം യൂസഫലി ആന്ധ്രയിലേക്ക് മടങ്ങിയെത്താം എന്ന് നായിഡുവിന് ഉറപ്പ് നല്‍കി. ഒരിക്കല്‍ 2300 കോടിയിലേറെ രൂപ മതിക്കുന്ന പദ്ധതികള്‍ക്ക് തറക്കല്ലിട്ടശേഷം പിന്‍വാങ്ങേണ്ടി വന്ന ആന്ധ്രാപ്രദേശില്‍ ഇത്തവണ 4000 കോടിയുടെ നിക്ഷേപത്തിനാണ് ലുലു ഒരുങ്ങുന്നത്.

വിശാഖപട്ടണത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി മോഡല്‍) നിര്‍മിക്കുന്ന വമ്പന്‍ ഷോപ്പിംദ് മാളിനായി ലുലു ഗ്രൂപ്പിന് 13.43 ഏക്കര്‍ ഭൂമിയാണ് നായിഡു സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. വിശാഖപട്ടണം ബീച്ച് റോഡിലെ ഹാര്‍ബര്‍ പാര്‍ക്കില്‍ 99 വര്‍ഷത്തെ പാട്ടത്തിനാണ് ലുലുവിന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചിരിക്കുന്നത്. ഇവിടെ വമ്പന്‍ പദ്ധതികളാണ് ലുലു കൊണ്ടുവരുന്നത് എന്നാണ് വിവരം.

ലോകോത്തര നിലവാരത്തില്‍, വേറിട്ട ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന പദ്ധതിയാണ് വിശാഖപട്ടണത്തിനായി ലുലു ഗ്രൂപ്പ് ആവിഷ്‌കരിക്കുന്നത്. ദേശീയ, രാജ്യാന്തര ബ്രാന്‍ഡുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, 8-സ്‌ക്രീന്‍ ഐമാക്‌സ് സിനിമ, വിശാലമേറിയ ഫുഡ്‌കോര്‍ട്ട്, ബഹുനില പാര്‍ക്കിംഗ് തുടങ്ങിയ സവിശേഷതകള്‍ ലുലുവിന്റെ ഈ പദ്ധതിയില്‍ ഉണ്ട്. വിശാഖപട്ടണത്ത് മാത്രമായി ഒതുങ്ങുന്നില്ല ലുലുവിന്റെ പദ്ധതികള്‍.

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയിലും തിരുപ്പതിയിലും ഷോപ്പിംഗ് മാള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ നിര്‍മ്മിക്കാനും ഒരുക്കമാണ് എന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. വിശാഖപട്ടണത്തെ മാളിന് സംസ്ഥാന നിക്ഷേപ പ്രമോഷന്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q