ലുലു മാളില്‍ നടിക്കെതിരെ ജനക്കൂട്ടം; നിധി അഗര്‍വാള്‍ രക്ഷപ്പെട്ടത് കഷ്ടിച്ച്, കേസെടുത്ത് പോലീസ്
ഹൈദരാബാദിലെ ലുലു മാളില്‍ നടി നിധി അഗര്‍വാളിനെതിരെ ജനക്കൂട്ടത്തിന്റെ കൈയ്യേറ്റം. നടിയുടെ വസ്ത്രം പിടിച്ചുവലിച്ചും തിക്കും തിരക്കുമുണ്ടാക്കിയും ആരാധകര്‍. രാജാസാബ് എന്ന പ്രഭാസ് ചിത്രത്തിന്റെ പ്രൊമോഷന് എത്തിയപ്പോഴാണ് സംഭവം. പരിപാടിക്ക് ശേഷം കാറിലേക്ക് കയറാന്‍ പോകുമ്പോഴാണ് നടിക്കെതിരെ ആരാധകര കൂട്ടം അടുത്തത്. ഇതിന്റെ വീഡിയോ വൈറലാണ്.
ആള്‍ക്കൂട്ടം അടുത്തതോടെ നടിക്ക് വഴി തടസപ്പെട്ടു. ഇതിനിടയിലാണ് ചിലര്‍ നടിയുടെ വസ്ത്രം പിടിച്ചത്. അംഗരക്ഷകര്‍ ഏറെ പണിപ്പെട്ടാണ് നടിയെ കാറിന് അടുത്തെത്തിച്ചത്. കഷ്ടിച്ച് കാറില്‍ കയറിയ നടിയുടെ വസ്ത്രങ്ങള്‍ അലങ്കോലമായിരുന്നു. ലുലു മാള്‍ മാനേജ്‌മെന്റിനെതിരെയും സംഘാടകര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

നിധി അഗര്‍വാളും പ്രഭാസും ലുലു മാളില്‍ ചടങ്ങിന് എത്തിയിരുന്നു. ഗാനത്തിന്റെ ലോഞ്ച് കഴിഞ്ഞ് മടങ്ങുമ്പോഴാണ് അനിഷ്ടകരമായ സംഭവം. നിധി അഗര്‍വാളിനൊപ്പം നിന്നുള്ള ഫോട്ടോ എടുക്കാന്‍ ആരാധകര്‍ കൂട്ടത്തോടെ വന്നതാണ് തിക്കിനും തിരക്കിലും കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാലു ഭാഗത്തുനിന്നും ആരാധകര്‍ വന്നതോടെ നടി അവര്‍ക്കിടയില്‍ പെട്ടു. ചിലര്‍ വസ്ത്രം പിടിച്ചു.
അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചത് എന്ന് പോലീസ് പറഞ്ഞു. പ്രമുഖ താരങ്ങള്‍ എത്തുന്ന വേളയില്‍ ആരാധകര്‍ കൂട്ടത്തോടെ വരാന്‍ സാധ്യതയുള്ളതാണ്. മുന്‍കരുതല്‍ നടപടികള്‍ സംഘാടകര്‍ എടുത്തില്ല. പോലീസിനെ വിവരം അറിയിച്ചതുമില്ല. കുകട്ട്പള്ളി ഹൗസിങ് ബോര്‍ഡ് പോലീസ് ആണ് കേസെടുത്തിട്ടുള്ളത്. അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും ഇന്‍സ്‌പെക്ടര്‍ എസ് രാജശേഖര്‍ പറഞ്ഞു.
ചിന്മയി ശ്രീപാദയുടെ പ്രതികരണം
അതിക്രമത്തില്‍ ഗായിക ചിന്മയി ശ്രീപാദ ശക്തമായി പ്രതികരിച്ചു. ഇത്തരം പുരുഷന്മാരെ എന്തുകൊണ്ടാണ് സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താത്തത് എന്നായിരുന്നു അവരുടെ ചോദ്യം. ചിന്മയി എക്‌സില്‍ പങ്കുവെച്ച വീഡിയോക്കൊപ്പം കുറിച്ചത് ഇങ്ങനെ: 'കഴുതപ്പുലികളേക്കാള്‍ മോശമായി പെരുമാറുന്ന ഒരു കൂട്ടം പുരുഷന്മാര്‍. എന്തിന് കഴുതപ്പുലികളെ അപമാനിക്കണം? ഒരേ ചിന്താഗതിക്കാരായ പുരുഷന്മാര്‍ ഒന്നിച്ചുകൂടിയാല്‍ ഒരു സ്ത്രീയെ ഇങ്ങനെ ശല്യപ്പെടുത്തും. എന്തുകൊണ്ടാണ് ഒരു ദൈവവും ഇവരെ ഒരുമിച്ച് മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റാത്തത്?'
മാരുതി സംവിധാനം ചെയ്യുന്ന 'ദി രാജാ സാബ്', പ്രഭാസിന്റെ ആദ്യ മുഴുനീള ഹൊറര്‍ ചിത്രമാണ്. സഞ്ജയ് ദത്ത്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. 2024 ജനുവരിയില്‍ പ്രഖ്യാപിച്ച ചിത്രം, ഷൂട്ടിംഗ് ആരംഭിച്ചത് 2022 ഒക്ടോബറിലാണ്. പലതവണ മാറ്റിവെച്ച റിലീസിന് ശേഷം 2026 ജനുവരി 9ന് സംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച് ചിത്രം എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications