എംഎ ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകും: ശക്തമായ എതിർപ്പുയർത്ത് ബംഗാള്‍ ഘടകം
മധുര: സി പി എമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ തിരഞ്ഞെടുത്തേക്കും. ഇത് സംബന്ധിച്ച് പോളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയായി. 16 അംഗ പിബിയിൽ 5 പേർ മാത്രമാണ് ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിന് എതിർ അഭിപ്രായം ഉയർത്തിയതെന്നും റിപ്പോർട്ടുകള്‍ പറയുന്നു. പ്രായപരിധി ഇളവോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിബിയിലും പികെ ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമി കേന്ദ്രത്തിലും തുടരുന്നതിന് തീരുമാനമായിട്ടുണ്ട്.
പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചതെന്ന് എംഎ ബേബിയുടെ പേര് മാത്രമാണ്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിർദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കേരള ഘടകവും മറ്റ് സംസ്ഥാനങ്ങളും ഇതിനെ അനുകൂലിച്ചപ്പോള്‍ ബംഗാളിൽനിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോൽപൽ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയില്‍ നിന്നുള്ള അശോക് ധാവ്ളെ എന്നിവർ ഇതിനെ എതിർത്തു.

അശോഖ് ധാവ്ളെയുടെ പേരായിരുന്നു ബംഗാള്‍ ഘടകം മുന്നോട്ട് വെച്ചത്. ധാവ്ളെയാകട്ടെ മുഹമ്മദ് സലീമിനേയും നിർദേശിച്ചു. എന്നാൽ, താനില്ലെന്ന് സലീം വ്യക്തമാക്കി. ജനറല്‍ സെക്രട്ടറി സ്ഥാനം സംബന്ധിച്ച് ഞായറാഴ്ച രാവിലെ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിലും ബംഗാൾഘടകം വീണ്ടും എതിർപ്പുയർത്തിയേക്കും. അങ്ങനെയെങ്കില്‍ കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പ് ഉണ്ടാവാനാണ് സാധ്യത.
മലയാളിയും കിസാൻസഭ ജനറൽ സെക്രട്ടറിയുമായ വിജു കൃഷ്ണൻ, അരുൺകുമാർ (ആന്ധ്രാപ്രദേശ്), യു. വാസുകി (തമിഴ്‌നാട്), മറിയം ധാവ്‌ളെ (മഹാരാഷ്ട്ര), ജിതേന്ദ്ര ചൗധരി (ത്രിപുര) തുടങ്ങിയവരെ പുതുതായി പിബിയിലെടുക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, സി പി എമ്മിന്‍റെ 24-ാo പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയില്‍ കൊടി ഇറങ്ങും. 6 ദിവസം നീണ്ട് നിന്ന സമ്മേളനം മധുര വണ്ടിയൂർ മസ്താൻ പെട്ടിക്ക് സമീപം എൻ ശങ്കരയ്യ നഗറിൽ പൊതുസമ്മേളനത്തോടെയാണ് സമാപിക്കും. മൂന്നിന് എൽക്കോട്ടിനു സമീപം മധുര പാണ്ടി കോവിൽ പരിസരത്തുനിന്ന് ചുവപ്പുസേനാ മാർച്ചും പ്രകടനവും തുടങ്ങും. വാച്ചാത്തി സമരപോരാളികൾ ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രകടനത്തിൽ 10000 റെഡ് വളന്റിയർമാരായിരിക്കും അണി നിരക്കുക.
പൊതുസമ്മേളനത്തിൽ സി പി എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം അധ്യക്ഷനാകും. തുടർന്ന് പൊളിറ്റ്‌ബ്യൂറോ കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട്, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, ബൃന്ദ കാരാട്ട്, ജി രാമകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ ബാലകൃഷ്ണൻ, യു വാസുകി, പി സമ്പത്ത് എന്നിവർ സംസാരിക്കും.












Click it and Unblock the Notifications