വിലാപക്കടലായി തമിഴ്നാട്.. കാവേരി ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ.. കണ്ണീരുമായി സ്റ്റാലിൻ
ചെന്നൈ: എന്നും ദ്രാവിഡ രാഷ്ട്രീയത്തെ നെഞ്ചോട് ചേര്‍ത്ത തമിഴ് ജനതയുടെ കാവല്‍ സൂര്യനാണ് തൊണ്ണൂറ്റിനാലാം വയസ്സില്‍ അസ്തമിച്ചിരിക്കുന്നത്. പനിയും അണുബാധയും മൂലം ഏറെ നാളുകളായി ചികിത്സയിലായിരുന്നു കലൈഞ്ജര്‍. മരണവാര്‍ത്ത പുറത്ത് വന്നതോടെ ചെന്നൈയിലെ കാവേരി ആശുപത്രിക്ക് മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കരുണാനിധിയുടെ ചിത്രങ്ങളുമേന്തി നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരുമാണ് ആശുപത്രിക്ക് മുന്നില്‍ തടിച്ച് കൂടിയിരിക്കുന്നത്.
നിലവിളികളാല്‍ മുഖരിതമാണ് കാവേരി ആശുപത്രി പരിസരം. ആശുപത്രിക്ക് മുന്നില്‍ വന്‍ പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കരുണാനിധിയുടെ മരണത്തില്‍ തമിഴ്‌നാട് പൊട്ടിത്തെറിക്കുമെന്നുറപ്പായതിനാല്‍ നേരത്തെ തന്നെ സര്‍ക്കാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു.

മകനും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍ കരഞ്ഞ് കൊണ്ടാണ് ആശുപത്രിക്ക് പുറത്തേക്ക് വന്നത്. മരണസമയത്ത് സ്റ്റാലിനും കുടുംബാംഗങ്ങളും കരുണാനിധിയുടെ സമീപത്തുണ്ടായിരുന്നു. കരുണാനിധിയുടെ ആരോഗ്യ നില വഷളാണെന്നും ചികിത്സകളോട് പ്രതികരിക്കുന്നില്ലെന്നും വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ അണികള്‍ കണ്ണീരൊഴുക്കി തുടങ്ങിയിരുന്നു.
തമിഴ്‌നാട്ടിലേക്കുള്ള കര്‍ണാടക ആര്‍ടിസിയുടെ ബസ് സര്‍വ്വീസുകളെല്ലാം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഒരാഴ്ചത്തേക്ക് ദുഖാചരണം സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നു. തമിഴ്‌നാട്ടില്‍ നാളെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍ പലയിടത്തും ആളുകള്‍ കടളകടക്കം അടച്ച് വീട്ടിലേക്ക് മടങ്ങി തുടങ്ങിയിരിക്കുന്നു. എല്ലാ മദ്യവില്‍പ്പന ശാലകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗോപാലപുരത്തെ കരുണാനിധിയുടെ വസതിക്ക് മുന്നിലും കണ്ണീരും വിലാപവുമായി ആളുകള്‍ തടിച്ച് കൂടുകയാണ്.












Click it and Unblock the Notifications